ഭർതൃപീഡനം: യുവ നഴ്സ് ആത്മഹത്യ ചെയ്തു

സ്വന്തം ലേഖകൻ

അഞ്ചരക്കണ്ടി: ഭർതൃപീഡനം സഹിക്കാതെ കെട്ടിത്തൂങ്ങിയ യുവതി ആശുപത്രിയിൽ ചികിത്സയ്ക്കിടെ മരിച്ചു. കണ്ണൂർ ധനലക്ഷ്മി ആശുപത്രിയിലെ സ്റ്റാഫ് നഴ്സും അഞ്ചരക്കണ്ടിയിലെ പ്രദീപൻ –- ഓമന ദമ്പതികളുടെ മകളുമായ അശ്വിനിയാണ് 25, ഭർതൃപീഡനം മൂലം ആത്മഹത്യ ചെയ്തത്.

കണ്ണൂർ താഴെ ചൊവ്വ പെരിങ്ങളായി കാപ്പാട് സ്വദേശിയും സ്വകാര്യ ബസ് ഡ്രൈവറുമായ വിപിന്റെ ഭാര്യയാണ് യുവതി. ഭർത്താവിന് മറ്റൊരു യുവതിയുമായുണ്ടായിരുന്ന പ്രണയബന്ധം ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ കലഹമാണ് യുവതിയെ ആത്മഹത്യയിലേക്ക് നയിച്ചത്. രണ്ട് വർഷം മുമ്പാണ് അശ്വിനിയും വിപിനും തമ്മിലുള്ള വിവാഹം നടന്നത്. വിപിൻ മറ്റൊരു യുവതിയുമായി ബന്ധത്തിലാണെന്ന വിവരമറിഞ്ഞതിനെ തുടർന്ന് അശ്വിനി ചോദ്യം ചെയ്തിരുന്നു.

അന്ന് മുതൽ ഭർത്താവ് യുവതിയെ ക്രൂരമായി മർദ്ദിച്ചിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. മൂന്ന് മാസക്കാലത്തോളമായി നിരന്തരം ഭർതൃഗൃഹത്തിൽ പീഡനമനുഭവിച്ച അശ്വിനി ജൂൺ 16 ന് ചൊവ്വാഴ്ചയാണ് അഞ്ചരക്കണ്ടിയിലെ സ്വന്തം വീട്ടിൽ കെട്ടിത്തൂങ്ങിയത്. യുവതിയെ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും, വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട്ടെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സ ഫലിക്കാതെ യുവതി മരണത്തിന് കീഴടങ്ങുകയായിരുന്നു. അനുശ്രീയാണ് ഏകസഹോദരി.

LatestDaily

Read Previous

വേറിട്ട സഹായ അഭ്യർത്ഥനയുമായി ഇബ്രാഹിം

Read Next

കാറഡുക്ക പണയത്തട്ടിപ്പിന്റെ മറവിൽ തട്ടിപ്പ്; പ്രതികൾ ഒളിവിൽ