ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
സ്വന്തം പ്രതിനിധി
കാഞ്ഞങ്ങാട്: മംഗളൂരുവിലെ റെയിൽവേ വികസനം സംബന്ധിച്ച് ചർച്ച ചെയ്യാൻ കേന്ദ്ര റെയിൽവേ സഹമന്ത്രി കർണ്ണാടകക്കാരനായസോമണ്ണകഴിഞ്ഞ ദിവസം മംഗളൂരുവിൽ വിളിച്ചുകൂട്ടിയ യോഗത്തിന്റെ മറപിടിച്ച് പാലക്കാട് റെയിൽവേ ഡിവിഷന്റെ ഭാഗമായ മംഗളൂരു സ്റ്റേഷനുകളെ അടർത്തിയെടുക്കാൻ നീക്കം. പാലക്കാട് റെയിൽവേ ഡിവിഷന് ഏറ്റവുമധികം വരുമാനം നേടിക്കൊടുക്കുന്ന സ്റ്റേഷനുകളാണ് മംഗളൂരു സെൻട്രലും, മംഗളൂരു ജംഗ്ഷനും. തൊട്ടടുത്തുള്ള പനമ്പൂർ സ്റ്റേഷനിൽ നിന്നാണ് പെട്രോളിയം ഉൽപ്പന്നങ്ങളുൾപ്പടെ കയറ്റിയയക്കുന്നത്.
ഈ മുന്നു സ്റ്റേഷനുകളിൽ നിന്നുള്ള വരുമാനം ഇല്ലാതായാൽ പാലക്കാട് റെയിൽവേ ഡിവിഷനെ അപ്രസക്തമാക്കാൻ കഴിയും. ഇതോടെ പാലക്കാട് ഡിവിഷൻ മെലിഞ്ഞ് ഇല്ലാതാവുമെന്നാണ് മംഗളൂരു ലോബി കണക്കുകൂട്ടുന്നത്. മംഗളൂരു ആസ്ഥാനമായി ഒരു ഡിവിഷൻ സ്ഥാപിക്കാനുള്ള നീക്കങ്ങൾക്ക് വർഷങ്ങളുടെ പഴക്കമുണ്ട്. ഇതിന് പാലക്കാട് ഡിവിഷനെ വെട്ടിമുറിക്കണം. 2007ൽ പാലക്കാടിനെ വിഭജിച്ചാണ് സേലം ഡിവിഷൻ സ്ഥാപിച്ചത്. എന്നാൽ മംഗളൂരു ഉൾപ്പെടെ സ്റ്റേഷനുകളിലെ ചരക്ക് കടത്തും യാത്രക്കാരുടെ എണ്ണത്തിൽ മലബാർ മേഖലയിലുണ്ടായ വർദ്ധനവും കൊണ്ടാണ് പാലക്കാട് ഡിവിഷൻ പിടിച്ചുനിന്നത്.
മംഗളൂരു റെയിൽവേ വികസനം സംബന്ധിച്ച സ്വന്തം നിലയ്ക്ക് വരുമാനവും അടിസ്ഥാന ലക്ഷ്യങ്ങളും പൂർത്തീകരിക്കാനുള്ള പദ്ധതി തയ്യാറാക്കി റെയിൽവേ മന്ത്രാലയത്തെ അറിയിക്കാൻ കേന്ദ്ര റെയിൽവേ സഹമന്ത്രി വി. സോമണ്ണ പാലക്കാട് റെയിൽവേ ഡിവിഷൻ അധികൃതർക്ക്നിർദ്ദേശം നൽകിയിട്ടുണ്ട്. ജനപ്രതിനിധികളും ഉയർന്ന റെയിൽവേ ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിലാണ് തീരുമാനമുണ്ടായത്.
പാലക്കാടിൽ നിന്ന് മംഗളൂരുവിനെ അടർത്തിയെടുത്ത് പുതിയ റെയിൽവേ ഡിവിഷൻ രൂപീകരിക്കാനുള്ള ചർച്ച കേന്ദ്ര മന്ത്രിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിലൂണ്ടായി. എന്നാൽ റെയിൽവേ ഡിവിഷൻ പ്രഖ്യാപനമുണ്ടായില്ലെങ്കിലും പാലക്കാടിനും കൂടിയ വരുമാനം നൽകുന്ന മംഗളൂരു സ്റ്റേഷനുകൾ നഷ്ടപ്പെടുമെന്ന ആശങ്കയുണ്ടാക്കാൻ കഴിഞ്ഞു.
മംഗളൂരു മേഖലയിലെ റെയിൽവേ വികസനം സംബന്ധിച്ച് നിരവധി വിഷയങ്ങൾ യോഗത്തിൽ ചർച്ച ചെയ്യപ്പെടുകയും മംഗളൂരു കേന്ദ്രമായി ഡിവിഷൻ വേണമെന്ന ആവശ്യമുയരുകയും ചെയ്തു. റെയിൽവേ സഹമന്ത്രി തന്റെ അഭിപ്രായം തുറന്ന് പറയാതെതന്നെ പാലക്കാട് ഡിവിഷൻ വെട്ടിമുറിക്കാനുള്ള തന്ത്രങ്ങൾ ആവിഷ്ക്കരിക്കുകയായിരുന്നു. സതേൺ റെയിൽവേ, സൗത്ത് വെസ്റ്റേൺ റയിൽവേ, കൊങ്കൺ റെയിൽവേ എന്നിവയുടെ ജനറൽ മാനേജർമാരും കൊങ്കൺ റെയിൽവേ ജനറൽ മാനേജറും ചെയർമാനും യോഗത്തിൽ പങ്കെടുത്തിരുന്നു.
പാലക്കാട് ഡിവിഷനിൽപ്പെട്ട കണ്ണൂരിനിപ്പുറത്തുള്ള സ്റ്റേഷനുകൾ ഉൾപ്പെടുത്തി മംഗളൂരു റെയിൽവേ ഡിവിഷൻ സ്ഥാപിക്കാനുള്ള മുന്നൊരുക്കങ്ങൾ നേരത്തയുണ്ടായിരുന്നുവെങ്കിലും ലക്ഷ്യത്തിലെത്തിക്കാൻ മംഗളൂരു ലോബിക്ക് കഴിഞ്ഞിരുന്നില്ല. ഇപ്പോൾ കേന്ദ്രമന്ത്രി തന്നെ ചുക്കാൻ പിടിച്ചുള്ള നടപടിക്രമങ്ങളാണ് പാലക്കാടിനെ ഞെരുക്കാനായി നടക്കുന്നത്. നേരത്തെ ഡി.വി. സദാനന്ദ ഗൗഡ കേന്ദ്ര റെയിൽവേ മന്ത്രിയായിരുന്നപ്പോഴും അതിനുമുമ്പേ കർണ്ണാടക മുഖ്യമന്ത്രിയായപ്പോഴും മംഗളൂരുവിനെ പാലക്കാടിൽ നിന്നടർത്താനുള്ള നീക്കങ്ങൾ നടത്തിയിരുന്നുവെങ്കിലും ഫലപ്രദമായി നടപ്പിലാക്കാൻ കഴിയാതെ പോവുകയാണുണ്ടായത്.