പകർച്ചവ്യാധികൾ പടരുന്നു: ഹോട്ടൽ പരിശോധന നടത്താതെ നഗരസഭ

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട്: പകർച്ചവ്യാധികൾ പടരുമ്പോഴും ഹോട്ടലുകളിലും ഭക്ഷ്യ നിർമമാണ വിതരണ സ്ഥാപനങ്ങളിലും നഗരസഭ ആരോഗ്യവകുപ്പിന്റെ പരിശോധനയില്ല. കാഞ്ഞങ്ങാട് നഗരസഭയുടെ കീഴിലുള്ള വിവിധ ഭാഗങ്ങളിൽ ലൈസൻസില്ലാതെയും ജീവനക്കാർക്ക് ഹെൽത്ത് കാർഡ് ഇല്ലാതെയും ഹോട്ടലുകളും തട്ടുകടകളും പലഹാര നിർമ്മാണ സ്ഥാപനങ്ങളും പ്രവർത്തിച്ച് വരുന്നുണ്ട്. ഹോട്ടലുകളിൽ തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കുന്നതിന് നൽകാൻ പാടുള്ളൂവെന്ന ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നിർദ്ദേശം ഹോട്ടലുടമകൾ കാറ്റിൽ പറത്തുകയാണ്.

മിക്ക ഹോട്ടലുകളിലും തിളച്ചവെള്ളത്തിൽ സമാസമം പച്ചവെള്ളം ചേർത്താണ് ഭക്ഷണത്തോടൊപ്പം നൽകിവരുന്നത്. പാതയോരത്തുള്ള തട്ടുകടകളിൽ ഭക്ഷണം പാകം ചെയ്യാൻ ഉപയോഗിക്കുന്ന വെള്ളത്തിന്റെ ഉറവിടം പോലും അധികൃതർ അന്വേഷിക്കാറില്ല. ജലജന്യരോഗങ്ങൾ മഴക്കാലത്ത് പെരുകുമ്പോഴും നഗരസഭ ആരോഗ്യവകുപ്പോ, ഭക്ഷ്യസുരക്ഷാ വകുപ്പോ മുൻകരുതലെടുക്കുന്നില്ലെന്നാണ് പൊതുവേയുള്ള പരാതി. കുടിവെള്ളത്തിൽ മാലിന്യം കലരുന്നത് മൂലമുള്ള അസുഖം ബാധിച്ച് നിരവധി പേരാണ് ആശുപത്രിയിൽ ചികിത്സയ്ക്കെത്തുന്നത്. മഴക്കാല രോഗങ്ങൾക്കെതിരെ പുലർത്തേണ്ട ജാഗ്രതാ നിർദ്ദേശവും നഗരസഭ ആരോഗ്യ വകുപ്പ് ഇത്തവണ പുറപ്പെടുവിച്ചിട്ടില്ല.

LatestDaily

Read Previous

മംഗളൂരു സെൻട്രൽ, മംഗളൂരു ജംഗ്ഷൻ റെയിൽവേ സ്റ്റേഷനുകൾപാലക്കാട് ഡിവിഷനിൽ നിന്നും അടർത്തിയെടുക്കാൻ നീക്കം

Read Next

വിജയൻ മല്ലക്കരയെ സിപിഎം ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കി