ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
സ്വന്തം ലേഖകൻ
അജാനൂർ: വൃക്ക രോഗത്തെത്തുടർന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനാവുകയും ഇപ്പോൾ ഡയാലിസ് നടത്തി ജീവൻ നിലനിർത്തുകയും ചെയ്തുവരുന്ന മഡിയനിലെ പഴയകാല ബാർബർ തൊഴിലാളി കെ.വി. ഇബ്രാഹിം തുടർ ചികിത്സയ്ക്കുവേണ്ടി വേറിട്ട സഹായ അഭ്യർത്ഥനയുമായി ജനങ്ങളെ സമീപിച്ചിരിക്കുകയാണ്. 16 വർഷം മുമ്പാണ് അദ്ദേഹത്തിന് വൃക്കരോഗം പിടിപെട്ടത്. പിന്നീട് ശരീരം തളരുകയും കാഴ്ച മങ്ങുന്നതും പതിവായതോടെ ചികിത്സ തേടുകയായിരുന്നു. അപ്പോഴേക്കും ഒരു വൃക്കയുടെ പ്രവർത്തനം പൂർണ്ണമായും നിലച്ചിരുന്നു.
തുടർന്ന് ഡോക്ടറുടെ നിർദ്ദേശപ്രകാരം ശസ്ത്രക്രിയയിലൂടെ വൃക്ക നീക്കം ചെയ്യുകയായിരുന്നു. അവശേഷിച്ച വൃക്കയുടെ പ്രവർത്തനം നിലനിർത്തുന്നതിന് വേണ്ടി ഡയാലിസ് ചികിത്സ ആരംഭിക്കുകയായിരുന്നു. ബാർബർ തൊഴിൽ മാത്രം ഉപജീവനമായി സ്വീകരിച്ചിട്ടുള്ള ഇബ്രാഹിമിന് ചികിത്സയ്ക്കുവേണ്ടി ഇതിനകം ലക്ഷക്കണക്കിന് രൂപ ചിലവ് ചെയ്യേണ്ടിവന്നു.
വൃക്ക രോഗ ചികിത്സയ്ക്കിടയിലാണ് മറ്റൊരു ആഘാതമായി ഇബ്രാഹിമിനെ ഹൃദയ സംബന്ധമായ അസുഖവും പിടികൂടിയത്. മംഗളൂരുവിലെ സ്വകാര്യാ ആശുപത്രിയിലെ ഡോക്ടർമാർ ഹൃദയ ശസ്ത്രക്രിയയ്ക്ക് നിർദ്ദേശിച്ചെങ്കിലും പണമില്ലാത്തതിനാൽ പ്രതിസന്ധിയിലാവുകയായിരുന്നു. പിന്നീട് ഹൃദയ സംബന്ധമായ രോഗം മൂർഛിച്ചതോടെ ഉദാരമതികളുടെയും മാണിക്കോത്ത് ജമാഅത്ത് കമ്മിറ്റിയുടെയും കാരുണ്യത്തിൽ ഹൃദയ സംബന്ധമായ ചികിത്സ നടത്തി ഇബ്രാഹിം ജീവിതത്തിലേക്ക് തിരിച്ച് വരികയായിരുന്നു.
എന്നാൽ ആഴ്ചയിൽ 3 തവണ ഇബ്രാഹിമിന് വൃക്കരോഗ ചികിത്സയ്ക്കുള്ള ഡയാലിസ് ചെയ്യേണ്ടിവരുന്നു. തുടർ ചികിത്സയ്ക്കും മറ്റും വേണ്ടിവരുന്ന ഭീമമായ സംഖ്യ ഇബ്രാഹിമിന് വെല്ലുവിളിയായി മാറിയിട്ടുണ്ട്. ഗുരുതരമായ രണ്ട് രോഗങ്ങൾ വരിഞ്ഞുമുറുക്കിയ ഇബ്രാഹിമിന് ഇപ്പോൾ തന്റെ ജോലി ചെയ്യാൻ സാധിക്കുന്നില്ല. ഇതിനിടയിൽ ആരോടാണ് ഇനിയും സഹായം തേടേണ്ടതെന്നും പിടികിട്ടുന്നില്ല.
അതിനിടയ്ക്കാണ് ഒരു വേറിട്ട സഹായ അഭ്യർത്ഥനയുമായി ഇബ്രാഹിം ജനങ്ങളെ സമീപിച്ചത്. അജാനൂർ മഡിയനിൽ 15 വർഷമായി താൻ തൊഴിൽ ചെയ്തിരുന്ന സ്വന്തം സ്ഥാപനം നടത്താൻ ബന്ധുവിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും തന്റെ തുടർ ചികിത്സയ്ക്കും ഉപജീവനത്തിനും വേണ്ടി ഈ സ്ഥാപനത്തിൽ നിന്നുള്ള സേവനം ജനങ്ങളുപയോഗപ്പെടുത്തി തന്നെ സഹായിക്കണമെന്നുമുള്ള അഭ്യർത്ഥനയുമായാണ് ഗായകനും പൊതുപ്രവർത്തകനും കൂടിയായ ഇബ്രാഹിം മുന്നോട്ട് വന്നത്. നാട്ടുകാർ തന്റെ അഭ്യർത്ഥന പരിഗണിക്കുമെന്ന വിശ്വാസം സ്വപ്നംകണ്ട് ഇബ്രാഹിം മാണിക്കോത്തെ സ്വകാര്യാശുപത്രിയിലെ രോഗക്കിടക്കയിൽ കഴിയുകയാണ്.