ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
സ്വന്തം പ്രതിനിധി
കാഞ്ഞങ്ങാട്: ജില്ലയുടെ വികസനത്തിൽ നാഴികക്കല്ലായിമാറുന്ന കാഞ്ഞങ്ങാട്—പാണത്തൂർ—കാണിയൂർ പാതവിഷയത്തിലും ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് (എയിംസ്) കാസർകോട് ജില്ലക്കനുവദിക്കുന്ന കാര്യത്തിലുമാണ് മുഖ്യമന്ത്രി പിണറായി വിജയനും കാസർകോട് എം.പി. രാജ്മോഹൻ ഉണ്ണിത്താനും കൊമ്പുകോർത്തത്.
കേരളത്തിൽ നിന്നുള്ള എം.പി.മാരുടെ യോഗം കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ചേർന്നപ്പോഴാണ് ഇരുവരുടേയും വാക്പോരുണ്ടായത്. എയിംസുമായി ബന്ധപ്പെട്ട ചർച്ചയിൽ എയിംസ് കോഴിക്കോട്ട് സ്ഥാപിക്കാനാണ് തീരുമാനമെന്ന് മുഖ്യമന്ത്രി അറിയിച്ചപ്പോഴാണ് ഉണ്ണിത്താൻ ശക്തമായ എതിർപ്പറിയിച്ചത്. പിന്നാലെ അജണ്ടയിലെ അടുത്ത ഇനമായ കാഞ്ഞങ്ങാട്—കാണിയൂർ പാത വിഷയം പരിഗണനയ്ക്ക് വന്നപ്പോൾ കേരളം എൻ.ഒ.സി. നൽകിയാൽ കർണ്ണാടകയിലെ കോൺഗ്രസ് സർക്കാരുമായി ചർച്ച നടത്താൻ താൻ മുൻകൈയ്യെടുക്കുമെന്ന് ഉണ്ണിത്താൻ പറഞ്ഞു.
കാണിയൂർ പാത വിഷയത്തിൽ പ്രകോപിതനായ മുഖ്യമന്ത്രി എന്നാൽ പിന്നെ കേരളത്തിന്റെ എൻ.ഒ.സി. എം.പി.യെ ഏൽപ്പിക്കാമെന്ന് പ്രതികരിച്ചു. അത്തരം പരാമർശങ്ങളൊന്നും വേണ്ടെന്നും അതൊക്കെ കൈയ്യിൽ വെച്ചാൽ മതിയെന്നും തിരിച്ചടിച്ച് ഉണ്ണിത്താൻ എഴുന്നേറ്റതോടെ വാക്ക്പോര് കടത്തു.
ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട അജണ്ട വന്നപ്പോഴാണ് കോഴിക്കോട്ടെ കിണാലൂരിലാണ് എയിംസ് സ്ഥാപിക്കാൻ കേരള സർക്കാർ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചത്. ഉടൻ തന്നെ പ്രതിഷേധവുമായി ഉണ്ണിത്താൻ എഴുന്നേറ്റു. എന്തടിസ്ഥാനത്തിലാണ് കിണാലൂരിനെ എഴുതിക്കൊടുത്തതെന്ന് ഉണ്ണിത്താൻ ചോദിച്ചു. കോഴിക്കോട്ട് പുരാതനമായ മെഡിക്കൽ കോളേജുണ്ടെന്ന് ചൂണ്ടിക്കാട്ടിയ ഉണ്ണിത്താൻ കാൻസർ സെന്ററും ഏഴ് മൾട്ടി സ്പെഷ്യാലിറ്റി സ്വകാര്യാശുപത്രികളുമുള്ള കോഴിക്കോട്ട് തന്നെ എയിംസ് സ്ഥാപിക്കുന്നത് എന്തിനെന്ന് ചോദ്യമുയർത്തി. കാസർകോട് ജില്ലയുടെ ചികിത്സാപരിമിതികളും ആരോഗ്യമേഖലയിലെ പിന്നോക്കാവസ്ഥയും ഉണ്ണിത്താൻ എണ്ണിപ്പറഞ്ഞു.
കാണിയൂർ പാതയുടെ സർവ്വേ നടന്നത് 2014ലാണെന്നും പാത അനുയോജ്യമാണെന്നായിരുന്നു റിപ്പോർട്ടെന്നും ഉണ്ണിത്താൻ ചൂണ്ടിക്കാട്ടി. പദ്ധതിക്കാവശ്യമായ പണത്തിന്റെയും വസ്തുവിന്റെയും പകുതി വഹിക്കാമെന്നാണ് റെയിൽവെ നിലപാട്. ശേഷിക്കുന്ന പകുതിഭാഗം കേരള—കർണ്ണാടക സർക്കാറുകൾ വഹിക്കണം. ഇതിൽ കേരളത്തിന്റെ വിഹിതം തരാമെന്ന എൻ.ഒ.സി. നൽകണമെന്നതായിരുന്നു ഉണ്ണിത്താന്റെ ആവശ്യം. ഇതിനുള്ള മറുപടിയാണ് പരിഹാസ സ്വരത്തിൽ മുഖ്യമന്ത്രി ഉണ്ണിത്താന് നൽകിയത്.
കേന്ദ്രമാനദണ്ഡമനുസരിച്ച് സംസ്ഥാനങ്ങളിൽ നടപ്പിലാക്കുന്ന പദ്ധതികളുടെ പകുതി വിഹിതം അതാത് സംസ്ഥാനങ്ങൾ വഹിക്കണമെന്നതാണ് വ്യവസ്ഥ. ഇപ്രകാരം കേരളത്തിന്റെ വിഹിതം നൽകാമെന്ന് സംസ്ഥാന സർക്കാർ നേരത്തെ അറിയിച്ചിരുന്നുവെങ്കിലും കർണ്ണാടക സർക്കാർ പദ്ധതി വിഹിതം നൽകാൻ ഇതേവരെ സന്നദ്ധമായിട്ടില്ലെന്നതാണ് വസ്തുത.