ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാസര്‍കോട്: അമ്മായി അമ്മയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ മരുമകള്‍ക്ക് ജീവപര്യന്തം തടവും രണ്ടുലക്ഷം രൂപ പിഴയും ശിക്ഷ. ബേഡകം, കൊളത്തൂര്‍, ചേപ്പിനടുക്കത്തെ കമലാക്ഷന്റെ ഭാര്യ അംബികയെ 49, കാസര്‍കോട് അഡീഷണല്‍ സെഷന്‍സ് കോടതി(ഒന്ന്) ജഡ്ജ് എ. മനോജാണ് ശിക്ഷിച്ചത്. 2014 സെപ്തംബര്‍ 16ന് രാത്രിയിലാണ് കേസിനാസ്പദമായ സംഭവം.
അംബികയുടെ ഭര്‍ത്താവ് കമലാക്ഷന്റെ മാതാവ് അമ്മാളു അമ്മയാണ് കൊല്ലപ്പെട്ടത്. അമ്മാളു അമ്മയുടെ പേരിലുള്ള സ്വത്ത് വില്‍പ്പന നടത്തിയതും, ഭക്ഷണം കൊടുക്കാത്തതും, ടി.വി കാണാന്‍ അനുവദിക്കാത്തതും അയൽവാസികളോട് പറഞ്ഞതിലുള്ള വിരോധമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് കേസ്.
പരിയാരം മെഡിക്കല്‍ കോളേജിലെ പൊലീസ് സര്ജന് എസ്. ഗോപാലകൃഷ്ണ പിള്ള നടത്തിയ പോസ്റ്റുമോര്‍ട്ടത്തിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. പൊലീസ് സര്ജന് കൊല നടന്ന സ്ഥലവും സന്ദര്‍ശിച്ചിരുന്നു. ബേഡകം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് ആദൂര്‍ പൊലീസ് ഇന്‍സ്പെക്ടറായിരുന്ന ഇപ്പോഴത്തെ കണ്ണൂര്‍ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി സതീഷ് കുമാര്‍ ആലക്കലാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി ഗവ. പ്ലീഡര്‍ ഇ. ലോഹിതാക്ഷന്, ആതിര എന്നിവര്‍ ഹാജരായി.