ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
പീഡിപ്പിച്ച രണ്ടാമനെ പോലീസ് തെരയുന്നു
സ്വന്തം ലേഖകൻ
ബേക്കൽ: പതിനൊന്നുകാരിയെ കത്തി ചൂണ്ടി ഭീഷണിപ്പെടുത്തി കാറിൽ തട്ടിക്കൊണ്ടുപോയി ആളൊഴിഞ്ഞ വീട്ടിൽ പൂട്ടിയിട്ട് പീഡിപ്പിച്ച പ്രതിയെന്ന് സംശയിക്കുന്നയാളെ ബേക്കൽ പോലീസ് കസ്റ്റഡിയിലെടുത്തു. ബേക്കൽ പോലീസ് സ്റ്റേഷന് സമീപം കോട്ടിക്കുളത്ത് താമസിക്കുന്ന യുവാവാണ് പിടിയിലായത്. ജൂൺ 18 ന് രാവിലെ 7 മണിയോടെയാണ് ക്ലാസ്സിലേക്ക് പോകുകയായിരുന്ന പതിനൊന്നുകാരിയെ യുവാവ് കാറിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. സംഭവത്തിന് ശേഷം അസ്വസ്ഥത പ്രകടിപ്പിച്ച കുട്ടിയെ ആശുപത്രിയിലെത്തി ചികിത്സയ്ക്ക് വിധേയയാക്കിയിരുന്നുവെങ്കിലും, കുട്ടി കുറച്ചു ദിവസം മുമ്പാണ് സഹോദരിയോട് പീഡന വിവരം വെളിപ്പെടുത്തിയത്.
തുടർന്ന് ബേക്കൽ പോലീസ്സിന് ലഭിച്ച പരാതിയിൽ റജിസ്റ്റർ ചെയ്ത കേസ്സിലെ പ്രതിയെയാണ് ഇന്നലെ വൈകുന്നേരം താമസ സ്ഥലത്ത് നിന്നും പിടികൂടിയത്. പിടിയിലായ യുവാവിനെ പെൺകുട്ടി തിരിച്ചറിഞ്ഞു. പെൺകുട്ടിയെ മുറിയിൽ പൂട്ടിയിട്ട് വായിൽ തുണി തിരുകിയ പ്രതി സ്വന്തം മുഖം ടവ്വൽ കൊണ്ട് മറച്ചാണ് കൃത്യം നടത്തിയത്. ഒന്നിലധികം പേർ പീഡിപ്പിച്ചിട്ടുണ്ടെന്ന് പെൺകുട്ടി പോലീസിന് മൊഴി നൽകിയിട്ടുണ്ട്. കോടതിയിൽ നൽകിയ രഹസ്യമൊഴിയിലും കുട്ടി ഇക്കാര്യം വെളിപ്പെടുത്തിയിട്ടുണ്ട്. കുട്ടി പീഡനത്തിനിരയായിട്ടുണ്ടെന്ന് വൈദ്യ പരിശോധനയിൽ തെളിഞ്ഞിരുന്നു.
ഒന്നിലധികം പേരുൾപ്പെട്ട പീഡനമായതിനാൽ കേസ്സിന്റെ അന്വേഷണച്ചുമതല പുതുതായി ചുമതലയേറ്റ ബേക്കൽ ഡിവൈഎസ്പി, വി.വി. മനോജിനാണ്. ബേക്കൽ എസ്ഐ, അരുൺമോഹനാണ് പ്രതിയെ കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലായ പ്രതിയെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കും. കസ്റ്റഡിയിലുള്ള പ്രതിയുടെ പേര് വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. പ്രതി കുറ്റം സമ്മതിച്ചിട്ടില്ലാത്തതിനാൽ, മൊബൈൽ ഫോൺ ലൊക്കേഷനടക്കമുള്ള തെളിവുകൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.