പെരിയ സഹകരണ ബാങ്ക് പ്രസിഡണ്ട് ടി. രാമകൃഷ്ണനെ നീക്കാനുള്ള ശ്രമം പാളി 

സ്വന്തം േലഖകൻ

പെരിയ : പെരിയ സർവ്വീസ് സഹകരണബാങ്ക് പ്രസിഡണ്ട് ടി. രാമകൃഷ്ണനെ തൽസ്ഥാനത്ത് നിന്നും നീക്കം ചെയ്യാൻ ലക്ഷ്യമിട്ട് ഇന്നലെ പെരിയയിൽ ഡിസിസി പ്രസിഡണ്ടിന്റെ നേതൃത്വത്തിൽ നടന്ന യോഗം ഫലം കണ്ടില്ല. കോൺഗ്രസിൽ നിന്നും  പുറത്താക്കപ്പെട്ട ടി. രാമകൃഷ്ണൻ പ്രസിഡണ്ടായ പെരിയ സർവ്വീസ്് സഹകരണ ബാങ്ക് ഡയറക്ടർമാരടക്കം പങ്കെടുത്ത യോഗത്തിൽ  ടി. രാമകൃഷ്ണനെ പ്രസിഡണ്ട് സ്ഥാനത്തു നിന്നും  നീക്കുന്നതിനെക്കുറിച്ചാണ്  ചർച്ച നടന്നത്.  കോൺഗ്രസിൽ നിന്ന് പുറത്താക്കപ്പെട്ട ടി. രാമകൃഷ്ണൻ അടക്കമുള്ള മൂന്നുപേരെ ഇന്നലെ നടന്ന യോഗത്തിലേക്ക്  ക്ഷണിച്ചിരുന്നില്ല.

11 പേരടങ്ങുന്ന ഡയറക്ടർ ബോർഡിൽ രണ്ടുപേരൊഴിച്ച്  ടി. രാമകൃഷ്ണനെ മാറ്റുന്നതിനെതിരെ അഭിപ്രായമറിയിച്ചു.  മണ്ഡലത്തിലെ 11 ബൂത്ത് പ്രസിഡണ്ടുമാരെയും  പാർട്ടിയിൽ നിന്ന് പുറത്താക്കിയ മൂന്നുപേരൊഴികെ 8 ഡയറക്്ടർ ബോർഡ്  അംഗങ്ങളെയുമാണ്  ഇന്നലെ പെരിയ ഗസ്റ്റ് ഹൗസിൽ നടന്ന യോഗത്തിൽ പങ്കെടുപ്പിച്ചത്.  യോഗത്തിൽ പങ്കെടുത്ത ഭൂരിപക്ഷം പേരും  ടി. രാമകൃഷ്ണനെ സഹകരണ ബാങ്ക് പ്രസിഡണ്ട് സ്ഥാനത്ത് നിന്ന് നീക്കിയാൽ പാർട്ടിക്കുണ്ടാകുന്ന ക്ഷീണം ചൂണ്ടിക്കാട്ടിയാണ് എതിർപ്പറിയിച്ചത്. 

അന്തരിച്ച കോൺഗ്രസ്് നേതാവ്  പി. ഗംഗാധരൻ നായരുടെ മകൾ ധന്യാ സുരേഷിനെ പെരിയ  സഹകരണ ബാങ്ക് പ്രസിഡണ്ടാക്കാൻ  ലക്ഷ്യമിട്ടാണ്  ഇന്നലെ ഡിസിസി പ്രസിഡണ്ട് പി.കെ. ഫൈസലിന്റെ നേതൃത്വത്തിൽ പെരിയയിൽ യോഗം ചേർന്നത്.     ഇന്നലെ നടത്താനിരുന്ന  ബാങ്ക് ഡയറക്ടർ ബോർഡ് യോഗം അട്ടിമറിക്കാനും  ശ്രമം നടന്നിരുന്നു. ഡയറക്ടർ ബോർഡിലെ സംവരണ പ്രതിനിധിയെ മറ്റൊരു ഡയറക്ടർ ബോർഡ് അംഗം  വാഹനത്തിൽ കയറ്റിക്കൊണ്ടുപോയത് ഡയറക്ടർ ബോർഡ് യോഗത്തിൽ പങ്കെടുപ്പിക്കാതിരിക്കാനായിരുന്നു.

ആറുമാസം മുമ്പാണ് ടി.രാമകൃഷ്ണൻ പെരിയ സഹകരണ ബാങ്ക് പ്രസിഡണ്ടായി  ചുമതലയേറ്റത്.  കല്യോട്ട് ഇരട്ടക്കൊലക്കേസ്  പ്രതിയായ സിപിഎം പ്രവർത്തകന്റെ  മകന്റെ വിവാഹത്തിൽ പങ്കെടുത്തതിനാണ്  കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് കൂടിയായിരുന്ന ടി. രാമകൃഷ്ണനെയും  പെരിയ സഹകരണബാങ്ക് ഡയറക്ടർ ബോർഡ് അംഗങ്ങളായ രാജൻ പെരിയയേയും , പ്രമോദ് പെരിയയേയും  കോൺഗ്രസിൽ നിന്ന് പുറത്താക്കിയത്.

LatestDaily

Read Previous

യുവതിയെ ഗുദാമിൽ കയറിപ്പിടിച്ച ചുമട്ടു തൊഴിലാളിയുടെ പേരിൽ കേസ്സ്

Read Next

ഭർതൃമാതാവിനെ കൊലപ്പെടുത്തിയ യുവതി കുറ്റക്കാരി, ശിക്ഷാ വിധി തിങ്കളാഴ്ച