മയക്കുമരുന്ന് കേസ്സിൽ ചിത്താരി യുവാവ് ജയിലിൽ; സംഘത്തലവൻ ഗൾഫിൽ നിന്നും മുങ്ങി

സ്വന്തം ലേഖകൻ

അജാനൂർ: ഗൾഫിൽ യുവാവ് മയക്കുമരുന്ന് കേസ്സിൽ അറസ്റ്റിലായതോടെ സംഘത്തലവനായ ചിത്താരി യുവാവ് നാട്ടിലേക്ക് മുങ്ങി. കഴിഞ്ഞ ഏതാനും മാസങ്ങളായി ചിത്താരി പ്രദേശത്തെ ഒരു യുവാവ് മയക്കുമരുന്നുമായി പിടിക്കപ്പെട്ട് ഗൾഫിൽ ജയിലിൽ കഴിയുകയാണ്. ചിത്താരിയിലെ പ്രവാസി സംഘത്തലവനാണ് യുവാവിനെ മയക്കുമരുന്ന് വിൽപ്പനയ്ക്ക് വേണ്ടി ചുമതലപ്പെടുത്തിയിരുന്നത്.

അജാനൂരിലെ വിവിധ ഭാഗങ്ങളിൽ നിന്നും ജോലി തേടിപ്പോയ ഏതാനും ചില യുവാക്കൾ ഗൾഫിൽ മയക്കുമരുന്ന്  വിൽപ്പനക്കിടെ പോലീസ് പിടിയിലായി തടവറയിൽ കഴിയുന്ന ഞെട്ടിപ്പിക്കുന്ന വിവരം ഇതിനകം നാട്ടിൽ ബന്ധുക്കൾക്ക് ലഭിച്ചിട്ടുണ്ട്. ചെറിയ സമയം കൊണ്ട് വലിയ തുക പ്രതിഫലമായി ലഭിക്കുമെന്ന ദുരാഗ്രഹത്താലാണ് മയക്കുമരുന്ന് ഇടപാടുകാരുടെ സംഘത്തിൽ യുവാക്കൾ ചെന്ന് ചാടാനിട വരുന്നത്.

മയക്കുമരുന്ന് വിൽപ്പന നടത്തുന്ന വിവരം നേരത്തെ പോലീസിന് അറിയാമെങ്കിലും, സ്വന്തം ഉപയോഗത്തിനാണോ വിൽപ്പനയ്ക്കാണോ എന്ന് മാസങ്ങളോളം യുവാക്കളെ നിരീക്ഷിച്ച് ഉറപ്പു വരുത്തിയതിന് ശേഷമാണ് വിപണനം ചെയ്യുന്നവരെ ദുബായ് അറസ്റ്റ് ചെയ്യുന്നത്. അടിമപ്പെട്ട് കഴിഞ്ഞാൽ തിരിച്ചുവരാൻ കഴിയാത്ത വിധം ജീവിതങ്ങൾ തകർത്തുകളയുന്ന മയക്കുമരുന്ന് വിപണനം മൊബൈൽ ഫോൺ വഴിയാണ്. അജാനൂരിലെ തീരദേശത്ത് നിന്നും ഗൾഫിൽ ജോലിയാവശ്യാർത്ഥം പോയ ഇരുപത്തിനാലുകാരൻ മയക്കുമരുന്ന് കേസ്സിൽ 25 വർഷം കഴിഞ്ഞാലേ ജയിൽ മോചിതനാവൂ എന്നറിഞ്ഞത് മുതൽ നാട്ടിലുള്ള മാതാവിന്റെ മാനസിക നില തെറ്റിയ അവസ്ഥയിലാണ്.

നാട്ടിൽ പെയിന്റിംഗ് ജോലി ചെയ്തു വരികയായിരുന്നു ഈ യുവാവ്. മലയാളികളായ മയക്കുമരുന്ന് മാഫിയകളുടെ ചതിക്കുഴിയിലകപ്പെടുന്ന യുവാക്കളുടെ എണ്ണം ഗൾഫ് നാടുകളിൽ വർദ്ധിച്ചതോടെ കുറ്റകൃത്യങ്ങൾക്ക് തടയിടാനുള്ള അന്വേഷണങ്ങളും പോലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്.

LatestDaily

Read Previous

അജാനൂരിൽ പാതയോര വ്യാപാരങ്ങൾക്ക് അനുമതിയില്ല: പഞ്ചായത്ത് സിക്രട്ടറി

Read Next

വൈദ്യുത വാഹന ചാർജിങ്ങ് സേവനം ആർക്കും വേണ്ട