അജാനൂരിൽ പാതയോര വ്യാപാരങ്ങൾക്ക് അനുമതിയില്ല: പഞ്ചായത്ത് സിക്രട്ടറി

സ്വന്തം ലേഖകൻ

അജാനൂർ: അജാനൂർ ഗ്രാമ പഞ്ചായത്തിലെ സംസ്ഥാന പാതയോര വ്യാപാരങ്ങൾക്കൊന്നിനും  അനുമതി നൽകിയിട്ടില്ലെന്ന് വിവരാവകാശ നിയമ പ്രകാരം അജാനൂർ  പഞ്ചായത്ത് സിക്രട്ടറിയുടെ മറുപടി. അജാനൂർ ഗ്രാമപഞ്ചായത്ത് പരിധിയിൽ വരുന്ന കാഞ്ഞങ്ങാട്, കാസർകോട് സംസ്ഥാന പാതയ്ക്കരികിലും പാണത്തൂർ സംസ്ഥാന പാതയ്ക്കരികിലും, അനധികൃത നിർമ്മാണങ്ങളും താൽക്കാലിക ഷെഡ്ഡുകളും നിർമ്മിച്ച് തട്ടുകട എന്ന പേരിൽ അനധികൃതമായി ഹോട്ടൽ വ്യാപാരങ്ങളും മറ്റും നടത്തിവരുന്നുണ്ട്.

നോർത്ത് കോട്ടച്ചേരി പത്മ ക്ലിനിക്ക് മുതൽ ചിത്താരി പാലം വരെയുള്ള നിലവിലെ പാതയോരത്തെ കച്ചവടങ്ങൾക്ക് അധികൃതർ അനുമതി നൽകിയിട്ടുണ്ടോയെന്ന് അറിയാൻ വിവരാവകാശ നിയമ പ്രകാരം ആവശ്യപ്പെട്ട അജാനൂർ വ്യാപാരി വ്യവസായി ഏകോപന സമിതി സിക്രട്ടറി കെ. രവീന്ദ്രൻ സമർപ്പിച്ച അപേക്ഷയ്ക്കുള്ള മറുപടിയിലാണ് പാതയോരത്തെ കച്ചവടങ്ങൾക്ക് ലൈസൻസ് നൽകിയിട്ടില്ലെന്ന് രേഖാ മൂലം സിക്രട്ടറി മറുപടി.

കേരള പഞ്ചായത്ത് കെട്ടിട നിർമ്മാണച്ചട്ടം ലംഘിച്ച് നിയമത്തെ വെല്ലുവിളിച്ച് കൊണ്ടാണ് ഒന്നിന് പിറകെ മറ്റൊന്നായി അനധികൃത വ്യാപാര സ്ഥാപനങ്ങൾ പഞ്ചായത്ത് പരിധിക്കുള്ളിൽ കണ്ണായ സ്ഥലങ്ങളിൽ ഉയർന്നുവന്നത്. അനധികൃത നിർമ്മാണവും വ്യാപാരവും പൊളിച്ചുമാറ്റുമെന്ന് നിരവധി തവണ പഞ്ചായത്ത്   അറിയിച്ചെങ്കിലും, തുടർ നടപടികളൊന്നും ഇതുവരെയുണ്ടായിട്ടില്ല.

LatestDaily

Read Previous

ഹണിട്രാപ്പിൽ ശ്രുതിക്ക് മുൻകൂർ ജാമ്യമില്ല; യുവതി മുങ്ങിയിട്ട് ദിവസങ്ങൾ

Read Next

മയക്കുമരുന്ന് കേസ്സിൽ ചിത്താരി യുവാവ് ജയിലിൽ; സംഘത്തലവൻ ഗൾഫിൽ നിന്നും മുങ്ങി