അധ്യാപികയെ നിയമിച്ചത് റീസോർസ് മാനദണ്ഡമാക്കിയെന്ന് അധ്യാപകൻ

സ്റ്റാഫ് ലേഖകൻ

ചീമേനി: കാക്കടവ് കൂളിയാട് ഗവ. ഹൈസ്ക്കൂളിൽ മലയാളം അധ്യാപിക അനധികൃതമായി ക്ലാസ്സെടുത്ത സംഭവം ഇതര അധ്യാപകരിലും രക്ഷിതാക്കളിലും പുകയാൻ തുടങ്ങി. റീസോർസ് പേഴ്സൺമാനദണ്ഡത്തിലാണ് മുഴക്കോം  അധ്യാപികയെ കൂളിയാട് ഹൈസ്കൂളിൽ നിയമിച്ചതെന്ന് ഈ ഹൈസ്കൂളിൽ പ്രധാനാധ്യാപകന്റെ ചുമതലയിലുണ്ടായിരുന്ന അധ്യാപകൻ മനോജ് ലേറ്റസ്റ്റിൽ വിളിച്ചറിയിച്ചു.

അതിനിടയിൽ തന്നെ ഹൈസ്കൂളിൽ നിയമിച്ചത് പ്രധാനാധ്യാപകൻ സുബൈർ മാഷാണെന്ന് അഞ്ചു നാൾ ഈ ഹൈസ്കൂളിൽ അനധികൃതമായി ക്ലാസ്സെടുത്ത മുഴക്കോം അധ്യാപിക ലേറ്റസ്റ്റിൽ വിളിച്ചറിയിച്ചു. സംഭവം നാട്ടിലും അധ്യാപകരിലും ചൂടുള്ള ചർച്ചയായതോടെ ഈ ഹൈസ്കൂളിലെ പ്രധാനാധ്യാപകനെ ലേറ്റസ്റ്റ് ബന്ധപ്പെട്ടപ്പോൾ, താൻ ചാർജ്ജെടുത്തതിന് ശേഷം ഒരു അധ്യാപികയേയും കൂളിയാട് ഹൈസ്കൂളിൽ റീസോഴ്സ് പേഴ്സണായി നിയമിച്ചിട്ടില്ലെന്ന് പ്രധാനാധ്യാപകൻ സുബൈർ വെളിപ്പെടുത്തി.

ഹൈസ്കൂളിൽ റീസോഴ്സ് പേഴ്സണായി അധ്യാപകരെ നിയമിക്കണമെങ്കിൽ ഒഴിവുകളും  പഠിപ്പിക്കേണ്ട വിഷയവും കാണിച്ച് പത്രങ്ങളിൽ വാർത്ത കൊടുക്കുകയും അപേക്ഷകൾ സ്വീകരിച്ച് ഇന്റർവ്യൂ നടത്തിയ ശേഷം മാത്രമാണ് അധ്യാപകരെ നിയമിക്കാറുള്ളത്. ഈ രീതിയിൽ അധ്യാപകരെ നിയമിക്കുന്ന കാര്യം സ്കൂൾ പിടിഏ അധ്യക്ഷനെങ്കിലും അറിഞ്ഞിരിക്കണം. മേൽ നടപടി ചട്ടങ്ങളൊന്നും പാലിക്കാതെയാണ് കൂളിയാട് ഹൈസ്കൂളിൽ മുഴക്കോം മലയാളം അധ്യാപികയെ  പ്രധാനാധ്യാപകന്റെ ഇൻ ചാർജ്ജിലുള്ള അധ്യാപകൻ മനോജ് നിയമിച്ചതെന്ന്  കണ്ടെത്തിയിട്ടുണ്ട്.

ഈ സ്കൂളിലെ മലയാളം അധ്യാപകൻ സത്യനാരായണയ്ക്ക് ശാരീരിക അസ്വാസ്ഥ്യമുള്ളതിനാൽ സത്യനാരായണയുടെ ആവശ്യാർത്ഥമാണ് താൻ സ്കൂളിൽ ക്ലാസ്സെടുത്തതെന്ന് മുഴക്കോം അധ്യാപിക ഇന്നലെ ലേറ്റസ്റ്റിനോട് പറഞ്ഞു. തൽസമയം സർവ്വീസിൽ ഇനി ഒന്നര വർഷം കൂടിയുണ്ടെങ്കിലും, ക്ലാസ്സെടുക്കാതിരിക്കാനുള്ള അസുഖങ്ങളൊന്നും തനിക്കില്ലെന്ന് സ്കൂളിലെ മലയാളം മാഷ് സത്യനാരായണയും പറയുന്നു.

മുഴക്കോം അധ്യാപികയെ റീസോഴ്സ് പേഴ്സണായി സ്കൂളിൽ നിയമിച്ചതിന് ഇന്നലെ വരെ ഹൈസ്കൂളിൽ രേഖകളൊന്നുമില്ല. പുറത്തു നിന്നെത്തിയ അധ്യാപിക അനധികൃതമായി ഹൈസ്കൂൾ ക്ലാസ്സിൽ മലയാളം പഠിപ്പിച്ച സംഭവത്തിൽ ജില്ലാ വിദ്യാഭ്യാസ അധികൃതർ അന്വേഷണമാരംഭിച്ചിട്ടുണ്ട്.

LatestDaily

Read Previous

നീലേശ്വരം അർബൻ സൊസൈറ്റിയിൽ അഡ്മിനിസ്ട്രേറ്റർ ഭരണസാധ്യത

Read Next

ലൈംഗിക പീഡനത്തിനിരയായപെൺകുട്ടിക്കെതിരെ കുപ്രചരണം ബങ്കളം അനിക്കെതിരെ പാർട്ടി നടപടി