ലൈംഗിക പീഡനത്തിനിരയായപെൺകുട്ടിക്കെതിരെ കുപ്രചരണം ബങ്കളം അനിക്കെതിരെ പാർട്ടി നടപടി

സ്റ്റാഫ് ലേഖകൻ

നീലേശ്വരം: ഓട്ടോ ഡ്രൈവർ കടത്തിക്കൊണ്ടുപോയി ലൈംഗിക പീഡനത്തിനിരയാക്കിയ വിദ്യാർത്ഥിനിയായ പെൺകുട്ടിയെ നാട്ടിൽ മോശമായി ചിത്രീകരിച്ച ബങ്കളം എൽസിയംഗം അനി ബങ്കളത്തെ പാർട്ടി എൽസിയിൽ നിന്ന് തരംതാഴ്ത്തി. ഒരാഴ്ച മുമ്പാണ് ബങ്കളം വിദ്യാർത്ഥിനിയെ ബങ്കളത്തെ ഓട്ടോ ഡ്രൈവർ കക്കാണം അശോകൻ സ്വന്തം ഓട്ടോയിൽ കടത്തിക്കൊണ്ടുപോയി ലൈംഗികമായി  പീഡിപ്പിച്ചത്.

പെൺകുട്ടിയുടെ പരാതിയിൽ നീലേശ്വരം പോലീസ് റജിസ്റ്റർ ചെയ്ത പോക്സോ കേസ്സിൽ അറസ്റ്റിലായ ഡ്രൈവർ കക്കാണം അശോകൻ  46, ഇപ്പോൾ ജയിലിലാണ്. പ്രതി അശോകനെ ന്യായീകരിച്ചും, പെൺകുട്ടിയെ തരംതാഴ്ത്തിയും ബങ്കളം അനി ചിലരോടെല്ലാം സംസാരിക്കുന്ന തെളിവുകൾ പാർട്ടി ഏരിയ കമ്മിറ്റിക്കും എൽസിക്കും ലഭിച്ചതിന്റെ ബലത്തിലാണ് ബങ്കളം അനിയെ ഏരിയാ കമ്മിറ്റി ചേർന്ന്  എൽസി അംഗത്തിൽ നിന്ന് ബ്രാഞ്ചിലേക്ക് തരംതാഴ്ത്തിയത്.

അനി നിലവിൽ പാർട്ടി  മടിക്കൈ എൽസി അംഗമാണ്. പാർട്ടി വിരുദ്ധർക്കൊപ്പം ബാറുകളിലും, പടന്നക്കാട്ടെ ബേക്കൽ ക്ലബ്ബിലും പതിവായി മദ്യപിക്കുന്ന സംഭവത്തിൽ രണ്ടാഴ്ച മുമ്പ് ബങ്കളം അനിയെ  പാർട്ടി താക്കീതു ചെയ്തിരുന്നു. അതിന് ശേഷമാണ് ലൈംഗിക പീഡനത്തിനിരയായ പെൺകുട്ടിയെ  തീർത്തും തള്ളിപ്പറഞ്ഞ് പ്രതി അശോകനെ അനി ബങ്കളം വെള്ള പൂശിയത്. ഒരു ബിജെപി വ്യാപാരിയോടൊത്ത് അനി ബേക്കൽ ക്ലബ്ബ് മദ്യശാലയിൽ മദ്യപിക്കുന്ന ചിത്രം ചില പാർട്ടി അംഗങ്ങൾ എൽസിയിൽ ഹാജരാക്കിയിരുന്നു.

ഇതേതുടർന്നാണ് അനിയെ മടിക്കൈ എൽസി  ശാസിച്ചത്. ഇതിന് പിന്നാലെയാണ് ഇപ്പോൾ പീഡനത്തിനിരയായ ഇരയെ പരിഹസിച്ചുകൊണ്ട് അനി നാടൊട്ടുക്കും പ്രസംഗിച്ചുനടന്നത്. സംഭവത്തിൽ പീഡനത്തിനിരയായ പെൺകുട്ടിയുടെ കുടുംബം ആത്മഹത്യ ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് അനിയെ പാർട്ടി മടിക്കൈ എൽസിയിൽ നിന്ന് ബ്രാഞ്ചിലേക്ക് തരംതാഴ്ത്തിയത്. അനി ഇനി ഏതു ബ്രാഞ്ചിൽ തുടരണമെന്ന് മടിക്കൈ എൽസി തീരുമാനിക്കും. പെൺകുട്ടി താമസിച്ചുവരുന്ന പ്രദേശമുൾപ്പെടുന്ന ബ്രാഞ്ചിൽ അനിയെ നിയമിക്കരുതെന്ന് ഏരിയാ കമ്മിറ്റി നിർദ്ദേശിച്ചിട്ടുണ്ട്. മടിക്കൈ ബാങ്ക് ജീവനക്കാരനാണ് അനി ബങ്കളം.

LatestDaily

Read Previous

അധ്യാപികയെ നിയമിച്ചത് റീസോർസ് മാനദണ്ഡമാക്കിയെന്ന് അധ്യാപകൻ

Read Next

വീടുവിട്ട പെൺകുട്ടിയെ മണിക്കൂറിനകം പിടികൂടി