സിപിഎം പാർട്ടി സമ്മേളനങ്ങളിലേക്ക് ഭരണവും പാർട്ടി നേതൃത്വവും വിമർശന വിധേയമാവും

സ്വന്തം പ്രതിനിധി

കാഞ്ഞങ്ങാട്: ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം വിവിധ തലങ്ങളിൽ ഉൾപ്പാർട്ടി ചർച്ചകളും വിമർശനവും മുറുകുമ്പോൾ സിപിഎം പാർട്ടി സമ്മേളനങ്ങളിലേക്ക് കടക്കാനൊരുങ്ങി. എന്തുകൊണ്ട് തോറ്റുവെന്ന കണക്കെടുപ്പിൽ പാർട്ടിയും ഭരണകൂടവും പ്രതിക്കൂട്ടിൽ നിൽക്കുമ്പോൾ, പാർട്ടി സമ്മേളനങ്ങളിലേക്ക് കടക്കുന്നത് നേതൃത്വത്തിന് വലിയ വെല്ലുവിളിയുണ്ടാക്കുന്നതാണ്.

സെപ്തംബറിൽ ബ്രാഞ്ച് സമ്മേളനങ്ങളോടെയാണ് പാർട്ടി സമ്മേളനങ്ങൾക്ക് തുടക്കമാവുന്നത്. ദൽഹിയിൽ നടന്ന കേന്ദ്ര കമ്മിറ്റി യോഗമാണ് പാർട്ടി സമ്മേളന ഷെഡ്യൂൾ നിശ്ചയിച്ചത്. സിപിഎം പാർട്ടി സമ്മേളനങ്ങളുടെ രണ്ടാംഘട്ടമായി ഒക്ടോബർ, നവംബർ മാസങ്ങളിൽ ലോക്കൽ– ഏരിയ,  സമ്മേളനങ്ങൾ, നവംബർ, ഡിസംബർ മാസങ്ങളിൽ ജില്ലാ സമ്മേളനങ്ങൾ, ഫെബ്രുവരിയിലും മാർച്ചിലുമായി സംസ്ഥാന സമ്മേളനങ്ങൾ  എന്നിങ്ങനെയാണ് നിശ്ചയിക്കപ്പെട്ട സമയക്രമം.

ലോക്സഭാ തെരഞ്ഞെടുപ്പിൽ കനത്ത തോൽവിക്ക് പുറമെ പാർട്ടി വോട്ടുകളിൽ വലിയ ചോർച്ചയുണ്ടായതാണ് വിവിധ തലങ്ങളിലെ അവലോകന യോഗങ്ങളിലുണ്ടായ വിലയിരുത്തൽ. ഭരണ വിരുദ്ധ വികാരം ശക്തമാണെന്നതിന് പുറമെ, മുഖ്യമന്ത്രിയുൾപ്പെടെ മന്ത്രിമാരുടെയും നേതാക്കളുടെയും പെരുമാറ്റവും സർക്കാറിന്റെ പ്രവർത്തനങ്ങളിലുള്ള വീഴ്ചയും മുഖ്യമന്ത്രിക്കും കുടുംബത്തിനും നേരെ ഉയർന്ന വിമർശനങ്ങളും മേഖലാ തല അവലോകന യോഗങ്ങളിലുണ്ടായി.

ഭരണകൂടത്തോടും പാർട്ടി നേതൃത്വത്തോടുമുള്ള അണികൾക്കുള്ള പ്രതിഷേധം വോട്ടുകളായി ബിജെപി പെട്ടിയിൽ വീണുവെന്നത് ദേശീയ നേതൃത്വം അതീവ ഗൗരവത്തോടെയാണ് കാണുന്നത്. ബംഗാളും ത്രിപുരയും പോലെ കേരളവും മാറരുതെന്ന് സിപിഎം പിബി അംഗം പ്രകാശ് കാരാട്ട് ഉൾപ്പെടെയുള്ളവർ മുന്നറിയിപ്പ് നൽകിയത് ശ്രദ്ധേയമാണ്. ഇത്തരമൊരു സാഹചര്യത്തിൽ സെപ്തംബറിൽ ആരംഭിക്കുന്ന പാർട്ടി സമ്മേളനങ്ങൾ സിപിഎമ്മിനെ ശുദ്ധീകരിക്കാനും, പാർട്ടി സംവിധാനങ്ങൾ ഫലപ്രദമാക്കാനും ഉപകരിക്കുന്ന രീതിയിലേക്ക് മാറ്റിയെടുക്കാനുമുള്ള ചുവട് വെപ്പുകൾക്കായിരിക്കും മുൻതൂക്കം.

LatestDaily

Read Previous

സ്വർണ്ണക്കടത്ത് ജാമ്യമില്ലാ കുറ്റകൃത്യമായി പ്രഖ്യാപിച്ചു

Read Next

പറക്കാനൊരുങ്ങി കേരളം