നീലേശ്വരം അർബൻ സൊസൈറ്റിയിൽ അഡ്മിനിസ്ട്രേറ്റർ ഭരണസാധ്യത

ബാങ്ക് അക്കൗണ്ടിൽ 2204 രൂപ മാത്രം

സ്വന്തം ലേഖകൻ

നീലേശ്വരം: ഭരണസമിതിയുടെ കെടുകാര്യസ്ഥത കൊണ്ട് തകർന്ന് തരിപ്പണമായ നീലേശ്വരം കോ–ഓപ്പറേറ്റീവ് അർബൻ സൊസൈറ്റിയിൽ അഡ്മിനിസ്ട്രേറ്റർ ഭരണം വരാൻ സാധ്യത. നഷ്ടത്തിലായ സൊസൈറ്റിയിൽ പ്രസിഡണ്ടടക്കമുള്ളവർ വായ്പാ കുടിശ്ശികയുള്ളവരാണ്. കോൺഗ്രസ് ജില്ലാ നേതാവ് മാമുനി വിജയൻ പ്രസിഡണ്ടായ നീലേശ്വരം കോ–ഓപ്പറേറ്റീവ് അർബൻ സൊസൈറ്റിയിൽ 2024 മെയ് 14–ലെ കണക്ക് പ്രകാരം 2204 രൂപ മാത്രമാണ് ബാങ്ക് അക്കൗണ്ടിലുള്ളത്.

സൊസൈറ്റിയുടെ കയ്യിലിരിപ്പ് തുകയാകട്ടെ 9083 രൂപയും. അടിയന്തിരമായി നിക്ഷേപകർക്ക് പണം തിരികെ നൽകുന്നതിനുള്ള പണം പോലും സംഘത്തിലില്ല. 16 കിട്ടാക്കടങ്ങളാണ് ബാങ്കിൽ നിലവിലുള്ളത്. ഭരണസമിതി യോഗത്തിൽ സമർപ്പിക്കാത്ത  വായ്പാ അപേക്ഷകളിൽ വായ്പ അനുവദിച്ചതിന് പിന്നിൽ  പ്രസിഡണ്ട് മാമുനി വിജയനാണെന്ന് ആക്ഷേപമുണ്ട്. കിട്ടാക്കടങ്ങളുടെ ഉത്തരവാദി സൊസൈറ്റി പ്രസിഡണ്ടായ മാമുനി വിജയനാണെന്ന് സഹകരണ സംഘം ഇൻസ്പെക്ടറുടെ അന്വേഷണ റിപ്പോർട്ടിലുമുണ്ട്.

കുടിശ്ശികയായ വായ്പകളുടെ സ്ഥിരീകരണത്തിനായി വായ്പയെടുത്തവരെ സഹകരണ വകുപ്പ് ഹൊസ്ദുർഗ് അസിസ്റ്റന്റ് റജിസ്ട്രാർക്ക് മുന്നിൽ ഹാജരാകാൻ നിർദ്ദേശിച്ചിരുന്നുവെങ്കിലും ഒരാൾ പോലും ഹാജരായില്ല. കിട്ടാക്കടമായ 16 കടങ്ങളും സൊസൈറ്റി പ്രസിഡണ്ട് മാമുനി വിജയന്റെ ബിനാമികളുടേതാണെന്ന് കോൺഗ്രസ് പ്രവർത്തകർ തന്നെ ആരോപിക്കുന്നു.  നീലേശ്വരം കോ–ഓപ്പറേറ്റീവ്  അർബൻ സൊസൈറ്റി ലിക്വിഡേറ്റ് ചെയ്യുകയോ അഡ്മിനിസ്ട്രേറ്റർ ഭരണമേർപ്പെടുത്തുകയോ ചെയ്യാൻ സാധ്യതയുണ്ടെന്നാണ് സൂചന. അതിനിടെ, മാമുനി വിജയൻ നീലേശ്വരം സഹകരണ ബാങ്കിൽ നിന്നെടുത്ത 50 ലക്ഷത്തിന്റെ വായ്പയും കുടിശ്ശികയായിട്ടുണ്ടെന്നാണ് സൂചന.

LatestDaily

Read Previous

പുഴയിൽച്ചാടിയ അജീഷ് ബ്ലേഡിലും കുടുങ്ങി

Read Next

അധ്യാപികയെ നിയമിച്ചത് റീസോർസ് മാനദണ്ഡമാക്കിയെന്ന് അധ്യാപകൻ