പറക്കാനൊരുങ്ങി കേരളം

സ്വന്തം പ്രതിനിധി

കാഞ്ഞങ്ങാട്: ദുബായ് കേന്ദ്രമാക്കി മലയാളി വ്യവസായികൾ ആരംഭിച്ച സെറ്റ്ഫ്ലൈ ഏവിയേഷന് വിമാന സർവ്വീസ് നടത്താൻ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി കിട്ടി. എയർ കേരള എന്ന പേരിലായിരിക്കും വിമാന സർവ്വീസ്. തുടക്കത്തിൽ ആഭ്യന്തര സർവ്വീസ് നടത്താനാണ് എൻ.ഒ.സി. ലഭിച്ചിട്ടുള്ളത്. എയർ ഓപ്പറേറ്റർ സർട്ടിഫിക്കറ്റ് (എ.ഒ.സി.) കൂടി ലഭിച്ചാൽ മാത്രമേ സർവ്വീസ് നടത്താനാവുകയുള്ളു. ടയർ—2, ടയർ—3 നഗരങ്ങളെ ബന്ധിപ്പിച്ചായിരിക്കും ആദ്യഘട്ടത്തിലെ സർവ്വീസുകൾ. ഇതിനായി എ.ടി.ആർ—12—600 വിമാനങ്ങളായിരിക്കും ഉപയോഗിക്കുക.

വിമാന നിർമ്മാതാക്കളിൽ നിന്ന് വിമാനങ്ങൾ സ്വന്തമാക്കാനുള്ള നടപടികളും ആരംഭിച്ചതായി സെഫ്റ്റ് ഏവിയേഷൻ ചെയർമാനും പ്രവാസി വ്യവസായി പ്രമുഖനുമായ അഫി അഹ് യദ്, വൈസ് ചെയർമാൻ അയ്യൂബ് കല്ലട്ര എന്നിവർ ദുബായിയിൽ അറിയിച്ചു. കമ്പനി യാഥാർത്ഥ്യമാവുന്നതോടെ ആദ്യവർഷം തന്നെ കേരളത്തിൽ മാത്രം വ്യോമയാന മേഖലയിൽ 350ൽപ്പരം തൊഴിലവസരങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അബി അഹ്മദ്, അയ്യൂബ് കല്ലട്ര, കനിക ഗോയൽ എന്നിവരാണ് സെറ്റ് ഫ്ലൈ കമ്പനിയുടെ ഡയരക്ടർമാർ. കൊച്ചിയായിരിക്കും കമ്പനിയുടെ ആസ്ഥാനം.

എയർ കേരള എന്ന പേരിൽ വിമാന സർവ്വീസ് നടത്തുന്നതുമായി ബന്ധപ്പെട്ട് കേരള സർക്കാരിനെ രേഖാമൂലം അറിയിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാരുമായി സഹകരിച്ച് പോകാൻ തയ്യാറാണെന്ന് അഫി അഹ്മദ് പറഞ്ഞു. കമ്പനി സെക്രട്ടറി ആഷിഖ്, ജനറൽ മാനേജർ സഫീർ മഹമൂദ്, ലീഗൽ അഡ്വൈസർ ശിഹാബ് തങ്ങൾ തുടങ്ങിയവരും ദുബായിൽ നടന്നവാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.

LatestDaily

Read Previous

സിപിഎം പാർട്ടി സമ്മേളനങ്ങളിലേക്ക് ഭരണവും പാർട്ടി നേതൃത്വവും വിമർശന വിധേയമാവും

Read Next

പുഴയിൽച്ചാടിയ അജീഷ് ബ്ലേഡിലും കുടുങ്ങി