സ്വർണ്ണക്കടത്ത് ജാമ്യമില്ലാ കുറ്റകൃത്യമായി പ്രഖ്യാപിച്ചു

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട്: സ്വർണ്ണക്കള്ളക്കടത്ത് ജാമ്യമില്ലാക്കുറ്റമാക്കി നിയമം നിലവിൽ വന്നതോടെ സ്വർണ്ണക്കടത്ത് മാഫിയ പ്രതിസന്ധിയിൽ. ജൂലായ് 2 മുതൽ നടപ്പിലാക്കിയ നിയമ മനുസരിച്ച് വിദേശത്ത് സ്വർണ്ണം കൈമാറിയവരടക്കം കേസ്സിൽ പ്രതികളാകും. സ്വർണ്ണക്കടത്ത് സംഘടിത കുറ്റകൃത്യമായി നിർവ്വചിച്ചുള്ള പുതിയ നിയമ വ്യവസ്ഥ പ്രകാരം വിമാനത്താവളത്തിന് പുറത്ത് സ്വർണ്ണവുമായി പിടിയിലാകുന്നവർക്ക് ജാമ്യം ലഭിക്കാൻ ബുദ്ധിമുട്ടാണ്. ജീവപര്യന്തം കഠിനതടവ് വരെ ലഭിക്കാവുന്ന കുറ്റകൃത്യമായാണ് പുതിയ നിയമ പ്രകാരം സ്വർണ്ണക്കടത്തിനെ നിർവ്വചിച്ചിരിക്കുന്നത്.

നിലവിലുണ്ടായിരുന്ന പഴയ നിയമപ്രകാരം സ്വർണ്ണക്കടത്തിന് പിടിയിലായവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുകയും, പിടിച്ചെടുത്ത സ്വർണ്ണം കോടതിയിൽ ഹാജരാക്കുകയുമെന്നതായിരുന്നു വ്യവസ്ഥ. പുതിയ നിയമം നിലവിൽ വന്നതോടെ സ്വർണ്ണക്കള്ളക്കടത്ത് ജാമ്യമില്ലാക്കുറ്റമായി. പുതുക്കിയ നിയമം നിലവിൽ വന്നതിന് പിന്നാലെ ഗൾഫിൽ നിന്നും കരിപ്പൂർ വഴി വിമാനത്താവളത്തിലെത്തിയ തൃശ്ശൂർ വാടാനപ്പള്ളി സ്വദേശിയായ 62 കാരൻ 962 ഗ്രാം സ്വർണ്ണം കടത്തിയതിന് കഴിഞ്ഞ ദിവസം ജയിലിലായി.

സ്വർണ്ണക്കടത്തിന് പിടിയിലാകുന്നവരുടെ പാസ്പോർട്ട് കണ്ടുകെട്ടുന്നതടക്കമുള്ള നിയമങ്ങൾ പുതിയ നിയമത്തിലുണ്ട്. സ്വർണ്ണക്കള്ളക്കടത്ത് സംഘടിത കുറ്റകൃത്യമായി പ്രഖ്യാപിക്കപ്പെട്ടതോടെ അന്വേഷണം വിദേശത്തേക്കും നീളും. സ്വർണ്ണക്കടത്ത് മാഫിയയുടെ ഏജന്റുമാരായി വിദേശത്ത് നിന്നും സ്വർണ്ണം കടത്തുന്നവരുടെ പ്രതിഫലം തീരെ ചെറുതാണ്. ഗൾഫിലേക്കും തിരിച്ചുമുള്ള വിമാന ടിക്കറ്റ് നൽകിയാണ് സ്വർണ്ണക്കടത്ത് സംഘം ഏജന്റുമാരെ നിയോഗിക്കുന്നത്.സ്വർണ്ണം സുരക്ഷിതമായി ലക്ഷ്യ സ്ഥാനത്തെത്തിച്ചാൽ ഇവർക്ക് പ്രതിഫലം ലഭിക്കും.

കള്ളക്കടത്ത് സ്വർണ്ണം തട്ടിയെടുക്കുന്ന പൊട്ടിക്കൽ സംഘം സംസ്ഥാനത്തെ വിവിധ വിമാനത്താവളങ്ങൾ   കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നതിനാൽ, സ്വർണ്ണവുമായി വരുന്ന ഏജന്റുമാരുടെ ജീവനും ഭീഷണിയുണ്ട്. സ്വർണ്ണക്കള്ളക്കടത്ത് വഴി സമാന്തര സമ്പദ് വ്യവസ്ഥ സൃഷ്ടിക്കുന്ന മാഫിയാ സംഘങ്ങളെ പൂട്ടുകയെന്ന ലക്ഷ്യമിട്ടാണ് സ്വർണ്ണക്കള്ളക്കടത്തിനെതിരെ പുതിയ നിയമ നിർമ്മാണമുണ്ടായത്.

കേരളത്തെ പിടിച്ചു കുലുക്കിയ നയതന്ത്ര ബാഗേജ് സ്വർണ്ണക്കള്ളക്കടത്തിന് പിന്നിൽ പ്രവർത്തിച്ചയാളെ നിയമക്കുരുക്കിലാക്കാൻ കേന്ദ്ര സർക്കാരിന് കഴിഞ്ഞിരുന്നില്ല. നിരപരാധികൾ ബലിയാടാകുന്ന സ്വർണ്ണക്കടത്തിൽ യഥാർത്ഥ പ്രതികളെ പിടികൂടാൻ പുതിയ നിയമം മൂലം സാധിക്കുമെന്നാണ് നിയമ വിദഗ്ധർ കരുതുന്നത്. നിയമം രാജ്യവ്യാപകമായതിനാൽ ഇന്ത്യയിലെ ഏത് സംസ്ഥാനത്ത് സ്വർണ്ണമിറക്കിയാലും നിയമം ബാധകമായിരിക്കും.

LatestDaily

Read Previous

ഡിവൈഎഫ്ഐ നേതാവിന് എതിരായ ആരോപണം കെട്ടുകഥയാണെന്ന് ഏരിയാ നേതാവ്

Read Next

സിപിഎം പാർട്ടി സമ്മേളനങ്ങളിലേക്ക് ഭരണവും പാർട്ടി നേതൃത്വവും വിമർശന വിധേയമാവും