ഹണിട്രാപ്പ്; ശ്രുതി ചന്ദ്രശേഖരൻ മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നു

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട്: ഐഎസ്ആർഒ ഉദ്യോഗസ്ഥ ചമഞ്ഞ് യുവാക്കളെ വലയിലാക്കി വിവാഹ വാഗ്ദാനം നൽകി പണം തട്ടിയെടുക്കുന്ന കൊമ്പനടുക്കം യുവതി മുൻകൂർ ജാമ്യത്തിനായി ജില്ലാ കോടതിയെ സമീപിച്ചു. പൊയിനാച്ചി മൊട്ടയിലെ അഖിലേഷിനെ വശീകരിച്ച് വിവാഹ വാഗ്ദാനം നൽകി 1 ലക്ഷം രൂപയും 1 പവൻ സ്വർണ്ണവും തട്ടിയെടുത്തുവെന്ന പരാതിയിൽ മേൽപ്പറമ്പ് പോലീസ് റജിസ്റ്റർ ചെയ്ത വഞ്ചനാക്കേസ്സിലാണ് പ്രതിയായ കളനാട് കൊമ്പനടുക്കത്തെ ശ്രുതി ചന്ദ്രശേഖരൻ കാസർകോട് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്.

മുൻകൂർ ജാമ്യത്തെ എതിർത്ത് മേൽപ്പറമ്പ് പോലീസ് കോടതിക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്. രണ്ട് മക്കളുടെ മാതാവായ ശ്രുതി ചന്ദ്രശേഖർ ഭർത്താവിനെ വേർപെട്ടാണ് ജീവിക്കുന്നത്. ഇതിനിടയിലാണ് യുവതി ഐഎസ്ആർഒ എഞ്ചിനീയർ ചമഞ്ഞ് വിവിധ ജില്ലകളിൽ നിന്നുള്ള യുവാക്കളെ കെണിയിൽപ്പെടുത്തിയത്. കണ്ണൂർ, കാസർകോട്, കോഴിക്കോട്, കോട്ടയം ജില്ലകളിൽ യുവതിക്കെതിരെ സമാന പരാതികളുണ്ട്. രണ്ട് പോലീസുദ്യോഗസ്ഥരടക്കം ഇവരുടെ ചതിയിൽപ്പെട്ടിട്ടുണ്ട്.

ഏറ്റവുമൊടുവിൽ കൊല്ലം ജില്ലയിലും യുവതിക്കെതിരെ പരാതിയുയർന്നിട്ടുണ്ട്. ഒളിവിലായ യുവതിയെ കണ്ടെത്താൻ മേൽപ്പറമ്പ് പോലീസ് തെരച്ചിൽ തുടരുകയാണ്. അമ്പലത്തറയിലെ ജിം പരിശീലകന് വിവാഹ വാഗ്ദാനം നൽകി 4 ലക്ഷം രൂപ തട്ടിയെടുക്കുകയും വാഗ്ദാനത്തിൽ നിന്നും ഒഴിഞ്ഞുമാറിയപ്പോൾ പണം തിരികെ ചോദിച്ചതിന് ബലാത്സംഗക്കേസ്സിൽ കുടുക്കുകയും ചെയ്ത ശ്രുതി ചന്ദ്രശേഖരൻ നിരവധി പേരെ സമാനമായ രീതിയിൽ വഞ്ചിച്ചിട്ടുണ്ട്.

 സ്വന്തം മക്കളെയുപയോഗിച്ച് എതിരാളികളെ പോക്സോ കേസ്സിൽ കുടുക്കുന്ന ശ്രുതിക്കെതിരെ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസ്സെടുത്തിരുന്നു. രണ്ട് മക്കളോടൊപ്പം നാട്ടിൽ നിന്നും അപ്രത്യക്ഷയായ ശ്രുതി ചന്ദ്രശേഖറിന്റെ ഏറ്റവും അവസാനത്തെ മൊബൈൽ ഫോൺ ലൊക്കേഷൻ കർണ്ണാടകയിലായിരുന്നു.

LatestDaily

Read Previous

അഭിഭാഷകൻ ക്രൂരമായി ബലാത്സംഗം ചെയ്തതായി യുവതി

Read Next

ജിംനേഷ്യം പീഡനം: അതിജീവിതയ്ക്കെതിരെ നവമാധ്യമ പ്രചാരണം പ്രതികൾക്ക് മുൻകൂർ ജാമ്യം