റെയിൽവേ സ്റ്റേഷനിലെ തെരുവുനായ് ശല്യത്തിൽ പരാതി നൽകിയിട്ടും നഗരസഭ അനങ്ങുന്നില്ല

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിലെത്തുന്ന യാത്രക്കാർക്ക് ഭീഷണിയായ തെരുവുനായ്ക്കളെ നിയന്ത്രിക്കാനാവശ്യപ്പെട്ട് റെയിൽവെ ഉദ്യോഗസ്ഥർ രണ്ട് തവണ പരാതി നൽകിയിട്ടും നഗരസഭയ്ക്ക് അനക്കമില്ല. കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിലെ ഇരുപ്ലാറ്റ്ഫോമുകളിലും യാത്രക്കാർക്ക് ഭീഷണിയായി തമ്പടിച്ച പട്ടിക്കൂട്ടങ്ങളെ നിയന്ത്രിക്കണമെന്ന്  റെയിൽവേ സ്റ്റേഷൻ അധികൃതർ കാഞ്ഞങ്ങാട് നഗരസഭയോട് ആവശ്യപ്പെട്ടിരുന്നു, യാത്രക്കാരുടെ പരാതി ലഭിച്ചതോടെയാണ് റെയിൽവേ വകുപ്പ് ആരോഗ്യവിഭാഗം മെയ് മാസത്തിൽ  നഗരസഭയ്ക്ക് പരാതി നൽകിയത്.

മെയ് മാസത്തിൽ നൽകിയ പരാതിയിൽ നഗരസഭ അനങ്ങാതിരുന്നതോടെയാണ് കഴിഞ്ഞ ദിവസം വീണ്ടും പരാതി നൽകിയതെന്ന് റെയിൽവേ കമേഴ്സ്യൽ ഓഫീസർ അഷ്റഫ് ലേറ്റസ്റ്റിനോട് പറഞ്ഞു. ഇരുപത്തഞ്ചോളം തെരുവു നായ്ക്കളാണ് കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് സ്ഥിരമായി ചുറ്റിക്കറങ്ങുന്നത്. ഏത് നിമിഷവും യാത്രക്കാരെ ആക്രമിക്കാൻ സാധ്യതയുള്ള തെരുവുനായ്ക്കളെ നിയന്ത്രിക്കാനുള്ള അധികാരം നഗരസഭയ്ക്കാണ്.

Read Previous

തങ്ങളെന്ന പേരിൽ ജനങ്ങളെ പറ്റിച്ച വ്യാജ സിദ്ധന്റെ കുമ്പസാരം

Read Next

ഖത്തർ സാലി എന്ന ബേക്കൽ സാലി