തുറന്നു നൽകിയ കാര്യങ്കോട് പുതിയ പാലം വീണ്ടും അടച്ചു

നീലേശ്വരം: ഗതാഗതത്തിനായി തുറന്നുനല്കിയ കാര്യങ്കോട് പുതിയ പാലം വീണ്ടും അടച്ചു. വാഹന ഗതാഗതം വീണ്ടും പഴയ പാലത്തിലൂടെ തിരിച്ചുവിട്ടു. പുതിയ പാലത്തിന്‍റെ സ്പാനുകള്‍ തമ്മില്‍ യോജിപ്പിക്കുന്ന എക്സ്പാൻഷൻ ജോയിന്‍റ് പ്രവൃത്തി പൂർത്തിയാകാതെയാണ് പാലം തുറന്നുകൊടുത്തിരുന്നത്. ഇത് പിന്നീട് ചെയ്താല്‍ മതിയാകുമെന്നാണ് നിർമാണ കമ്പനി അധികൃതർ പറഞ്ഞത്.

എന്നാല്‍ പാലത്തിലൂടെ വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ വലിയ തോതില്‍ കുലുക്കമനുഭവപ്പെടുന്നതായി പരാതി ഉയർന്നിരുന്നു. തുടർന്ന് ദേശീയപാത അതോറിറ്റിയുടെ പ്രൊജക്‌ട് ഡയറക്ടർ ഇടപെട്ടാണ് പാലം വീണ്ടും അടച്ചിട്ട് പ്രവൃത്തി പൂർത്തീകരിക്കാൻ നിർദ്ദേശം നല്കിയത്. എക്സ്പാൻഷൻ ജോയിന്‍റ് പ്രവൃത്തികള്‍ പൂർത്തിയാക്കാൻ ഒരു മാസമെങ്കിലും വേണ്ടിവരുമെന്നാണ് ഇപ്പോള്‍ നിർമാണ കമ്പനി അധികൃതർ പറയുന്നത്. ഇത് പൂർത്തിയാക്കാതെ പാലത്തിന്‍റെ നിർമ്മാണം പൂർത്തിയായതായി പ്രഖ്യാപിച്ച്‌ തുറന്നുകൊടുത്തത് എന്തിനെന്ന ചോദ്യത്തിന് ഉത്തരമില്ല.

കാലപ്പഴക്കവും ബലക്ഷയവും മൂലം പഴയ പാലത്തിന്‍റെ സ്പാനുകള്‍ വേർപെട്ട് കുലുക്കം അനുഭവപ്പെടുന്നതിനാലാണ് പുതിയ പാലം തിരക്കിട്ട് തുറന്നുകൊടുത്തത്.  എന്നാല്‍ പഴയ പാലത്തിലേതിനേക്കാള്‍ വലിയ കുലുക്കമാണ് പുതിയ പാലത്തില്‍ അനുഭവപ്പെട്ടതെന്ന് ഡ്രൈവർമാരും യാത്രക്കാരും പറയുന്നു.

LatestDaily

Read Previous

പുഴയിൽ ചാടി മരിച്ച അജീഷിന്റെ 45 ലക്ഷം പോയ വഴിയില്ല

Read Next

17കാരി ഗര്‍ഭിണി; സമപ്രായക്കാരനെതിരെ പോക്‌സോ കേസ്