പുഴയിൽ ചാടി മരിച്ച അജീഷിന്റെ 45 ലക്ഷം പോയ വഴിയില്ല

സ്റ്റാഫ് ലേഖകൻ

അജാനൂർ: ചന്ദ്രഗിരിപ്പുഴയിൽച്ചാടി ജീവിതമവസാനിപ്പിച്ച രാവണീശ്വരത്തെ സിമന്റ് വ്യാപാരി അജീഷിന്റെ സമ്പാദ്യം 45 ലക്ഷം രൂപ പോയ വഴികൾ തേടുകയാണ് ബന്ധുക്കൾ. ഡിവൈഎഫ്ഐ പ്രവർത്തകൻ കൂടിയായ അജീഷിന് 32, രാവണീശ്വരത്തും മുക്കൂടിലും രണ്ട് സിമന്റ് വിതരണ കേന്ദ്രങ്ങളുണ്ട്. ആവശ്യക്കാർക്ക് നിർമ്മാണ സ്ഥലത്തു തന്നെ സിമന്റ് ഇറക്കിക്കൊടുക്കുന്ന അജീഷ് നാട്ടുകാരുടെ വിശ്വസ്തനായ വ്യാപാരിയായിരുന്നു.

ജൂൺ 27–നാണ്  അജീഷ് കാസർകോട് ചന്ദ്രഗിരിപ്പാലത്തിന് മുകളിൽ നിന്ന് കുത്തിമറിയുന്ന പുഴയിലേക്ക്  എടുത്തുചാടിയത്. മൂന്നാം ദിവസം കീ ഴൂർ കടൽത്തീരത്താണ് അജീഷിന്റെ മൃതദേഹം കരയ്ക്കടിഞ്ഞത്. സംഭവത്തിൽ കാസർകോട് പോലീസ് റജിസ്റ്റർ ചെയ്ത കേസ്സും യുവാവിനെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയിൽ ഹൊസ്ദുർഗ് പോലീസ് റജിസ്റ്റർ ചെയ്ത കേസ്സും ഒരുമിച്ച് അന്വേഷണത്തിലാണ്. അജീഷിന് 45 ലക്ഷം രൂപ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് അജീഷിന്റെ ഭാര്യാപിതാവ് അമ്പലത്തറ കണ്ണോത്ത് സ്വദേശി ബാബു ലേറ്റസ്റ്റിനോട് വെളിപ്പെടുത്തി. ഈ വിവരം അജീഷിന്റെ ബന്ധുക്കളും പോലീസിന് നൽകിയിട്ടുണ്ട്.

ലക്ഷങ്ങൾ പോയ വഴികൾ തേടിയുള്ള വീട്ടുകാരുടെ അന്വേഷണത്തിൽ അജീഷ് കുണ്ടംകുഴി ഭാഗത്ത് രണ്ട് ഭൂമിയിടപാടുകൾ നടത്തിയതായി വിവരം ലഭിച്ചു. ഒരു ഒമ്പത് സെന്റ് ഭൂമിയും മറ്റൊരു ഏഴ് സെന്റ് ഭൂമിയുമാണ് അജീഷ് വാങ്ങിയതായി വിവരം ലഭിച്ചതെങ്കിലും, ഈ ഭൂമിയുടെ ആധാരം അജീഷിന്റെ വീട്ടിൽ കാണാനില്ല. മാത്രമല്ല, ഈ ഭൂമികൾക്ക് ഏറിയാൽ 15 ലക്ഷത്തിന് മുകളിൽ വില വരില്ല.

അജീഷിന്റെ സമ്പാദ്യം മുഴുവൻ ഒറ്റനമ്പർ ചൂതാട്ടത്തിലാണ് നഷ്ടപ്പെട്ടതെന്ന് സൂചനയുണ്ടെങ്കിലും, പോലീസ് ആ വഴിക്കുള്ള അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. നീലേശ്വരം ചായ്യോത്ത് താമസിച്ച് ചിത്താരി ചാമുണ്ഡിക്കുന്ന് കേന്ദ്രമാക്കി ഒറ്റനമ്പർ ചൂതാട്ടം നടത്തുന്ന ഒരാളെ അജീഷിന്റെ  ആത്മഹത്യയുമായി ബന്ധപ്പെട്ട്  പോലീസ് വിളിപ്പിക്കുകയും, മൊഴി രേഖപ്പെടുത്തുകയും  ചെയ്തിട്ടുണ്ട്. നാട്ടിൽ അറിയപ്പെടുന്ന മറ്റ് പതിനഞ്ച് ഒറ്റനമ്പർ ബോസുമാരുടെ  വിവരങ്ങൾ രഹസ്യാന്വേഷണ വിഭാഗം ശേഖരിച്ചുവരികയാണ്. ഇവരെയും താമസിയാതെ പോലീസ് വിളിപ്പിച്ച് മൊഴി രേഖപ്പെടുത്തും.

LatestDaily

Read Previous

വക്കീലിനെതിരെ പീഡന പരാതി കൊടുത്ത യുവതിക്ക് ലഹരി മാഫിയയുടെ ഭീഷണി

Read Next

തുറന്നു നൽകിയ കാര്യങ്കോട് പുതിയ പാലം വീണ്ടും അടച്ചു