വിഷം തുപ്പിയത് ഓയിൽ മാറ്റാത്ത ജനറേറ്റർ

സ്റ്റാഫ് ലേഖകൻ

കാഞ്ഞങ്ങാട്: എഴുപതോളം ഹൈസ്കൂൾ വിദ്യാർത്ഥിനികൾ ശ്വസിച്ച വിഷപ്പുക അന്തരീക്ഷത്തിൽ തുപ്പിയത് രണ്ട് വർഷക്കാലമായി ഓയിൽ മാറ്റാതെ കിടന്ന അമ്മയും കുഞ്ഞും സർക്കാറാശുപത്രിയിലെ ജൻസെറ്റ്. പുതിയകോട്ടയിൽ പഴയ ജില്ലാ ആശുപത്രി വളപ്പിലുള്ള അമ്മയും കുഞ്ഞും ആശുപത്രി കെട്ടിടത്തിന്റെ പിന്നിൽ സ്ഥാപിച്ച ജെൻസെറ്റിനാകട്ടെ യഥാസമയം പുക അന്തരീക്ഷത്തിൽ തള്ളാനുള്ള പുകക്കുഴൽ പോലും സ്ഥാപിച്ചിരുന്നില്ല.

ഒരു പ്രമുഖ കമ്പനി സ്ഥാപിച്ച ഈ ജൻസെറ്റ് സർവ്വീസ് നടത്തിയിട്ട് രണ്ട് വർഷം കഴിഞ്ഞുവെങ്കിലും, ഇന്നുവരെ ജൻസെറ്റ് സ്ഥാപിച്ചവർ ആശുപത്രിയിലെത്തി ജൻസെറ്റ് നേരാംവണ്ണം പ്രവർത്തിക്കുന്നുണ്ടെന്ന് പോലും ഉറപ്പ് വരുത്തിയിട്ടില്ല. ജില്ലാ ആശുപത്രിക്ക് കീഴിലാണ് അമ്മയും കുഞ്ഞും ആശുപത്രി പ്രവർത്തിക്കുന്നത്. ഈ ആശുപത്രിക്ക് മാത്രമായി പ്രത്യേക  ഭരണവിഭാഗവും ജീവനക്കാരും ആശുപത്രി മതിൽക്കെട്ടിനകത്ത് തന്നെ പ്രവർത്തിക്കുന്നുണ്ട്.

വൈദ്യുതി നിലച്ചാൽ അമ്മയും കുഞ്ഞും ആശുപത്രി മുഴുവൻ രാപ്പകൽ പ്രവർത്തിക്കാൻ ശേഷിയുള്ള 30 ലക്ഷം രൂപ മുതൽമുടക്കി സ്ഥാപിച്ച ജൻസെറ്റിൽ നിന്ന് ഇന്നലെ രാവിലെ 10 മണിയോടെയാണ് വിഷപ്പുക ഉയർന്നത്. ഇത്തരം ജൻസെറ്റുകൾ സ്ഥാപിക്കുമ്പോഴും, ജൻസെറ്റ് പ്രവർത്തിക്കുന്നതിന് മുമ്പും വൈദ്യുതി ബോർഡ് അധികൃതർ പരിശോധിച്ച് അനുമതി പത്രം നൽകണമെന്നത് നിയമമാണ്.

വിഷപ്പുക തുപ്പിയ ജൻസെറ്റിന്റെ മുകളിൽ ഒരു ചെറിയ പുകക്കുഴലുണ്ടെങ്കിലും, ഈ കുഴൽ വഴി പുറത്തേക്ക് വരുന്ന പുക തൊട്ടടുത്തുള്ള കൽമതിലിൽ നേരിട്ട് തട്ടി അന്തരീക്ഷത്തിലേക്ക് ഉയരുന്നിടത്താണ് പെൺകുട്ടികൾ പഠിക്കുന്ന ലിറ്റിൽ ഫ്ളവർ ഹൈസ്കൂളിലെ 8,9,10 ക്ലാസ്സുകൾ പ്രവർത്തിക്കുന്ന കെട്ടിടം.

അമ്മയും കുഞ്ഞും ആശുപത്രിയിൽ വൈദ്യുതി നിലയ്ക്കാറില്ലെങ്കിലും, ഇന്നലെ പുലർച്ചെ മുതൽ വൈദ്യുതി നിലച്ചതിനാൽ തുടർച്ചയായി ജൻസെറ്റ് പ്രവർത്തിപ്പിക്കുകയായിരുന്നു. രാവിലെ 10 മണിയോടെ കറുത്തതും കാഠിന്യമുള്ളതുമായ വിഷപ്പുകയാണ് ഈ ജൻസെറ്റ്   മൂന്ന് മണിക്കൂർ നേരം തുടർച്ചയായി അന്തരീക്ഷത്തിലേക്ക് തുപ്പിയത്. ഈ വിഷപ്പുക നേരിട്ട് ഹൈസ്കൂൾ കെട്ടിടത്തിലെ മുറികളിൽ വ്യാപിക്കുകയും ക്ലാസ്സിനകത്തുണ്ടായിരുന്ന വിദ്യാർത്ഥിനികൾ പുക ശ്വസിച്ചതോടെ അസ്വസ്ഥത അനുഭവപ്പെട്ട് തളർന്ന്  വീഴുകയായിരുന്നു.

LatestDaily

Read Previous

ഫാത്തിമയുടെ മരണം കൊല; മരണകാരണം കഴുത്തിനേറ്റ മുറിവ്

Read Next

ഹൈറിച്ച് എംഡി അറസ്റ്റിൽ – കാസർകോട് ജില്ലയിൽ മാത്രം 5000 നിക്ഷേപകർ പെരുവഴിയിൽ