പോലീസ് വിവരങ്ങൾ തേടിയപ്പോൾ ഒറ്റനമ്പർ ബോസുമാർ മുങ്ങി

സ്റ്റാഫ് ലേഖകൻ

നീലേശ്വരം: ഒറ്റനമ്പർ ചൂതാട്ടത്തിന് നേതൃത്വം നൽകുന്ന സമ്പന്നരായ ബോസുമാരുടെ വിവരങ്ങൾ പോലീസ് രഹസ്യാന്വേഷകർ ശേഖരിക്കാൻ തുടങ്ങി.തോടെ ഒറ്റനമ്പർ ചൂതാട്ടം വഴി കോടികൾ സമ്പാദിച്ച ബോസുമാർ പലരും നാട്ടിൽ നിന്ന് മുങ്ങി. പയ്യന്നൂർ മുതൽ കാസർകോട് വരെയും മലയോര മേഖലയിലുമുള്ള ചൂതാട്ട ബോസുമാരിൽ അഗ്രഗണ്യരായവരാണ്. കർണ്ണാടകയിലേക്കും മറ്റും മുങ്ങിയത്. പതിനഞ്ചിലധികം ചൂതാട്ട ബോസുമാർ കഴിഞ്ഞ 15 വർഷത്തിലധികമായി പയ്യന്നൂർ മുതൽ തലപ്പാടിവരെയുള്ള പ്രദേശങ്ങളിൽ ഒറ്റനമ്പർ ചൂതാട്ടം നടത്തിവരികയാണ്.

ഈ പതിനഞ്ചുപേർക്കും നാട്ടിലുടനീളം ഒരാൾക്ക് 15 പേർ വീതം ഇടനിലക്കാരായ ചൂതാട്ടക്കാരുണ്ട്. കൈയ്യിൽ നാലും അഞ്ചും സെൽഫോണുകൾ സൂക്ഷിച്ച് ഈ ഫോണുകളിലാണ് ഇവർ കളിക്കാരുടെ നമ്പരുകൾ സ്വീകരിക്കുന്നത്. നിത്യവും ഉച്ചയ്ക്ക് ശേഷം 3 മണിക്ക് കേരള ലോട്ടറിയുടെ പ്രതിദിന നറുക്കെടുപ്പു ഫലം ടെലിവിഷനിൽ ലഭിച്ചാലുടൻ കളിക്കാർ കാലത്തു മുതൽ അയച്ചു നൽകിയിട്ടുള്ള നമ്പരുകളുമായി ഒത്തുനോക്കി ചൂതാട്ടക്കാർ ഫലം പ്രഖ്യാപിക്കും.

ആദ്യ നാളുകളിൽ 50, 100 രൂപ വരെയുള്ള ചൂതാട്ടമാണ് ഇടപാടുകാർ നടത്തിയിരുന്നതെങ്കിലും, ഇപ്പോഴിത് 5000, 1000, 25000 എന്നിങ്ങനെയുള്ള തുകകൾ കളത്തിലിറക്കിയാണ് ഒറ്റ നമ്പറിന്  അടിമകളായവർ നിത്യവും കളിയിലേർപ്പെടുന്നത്. ഒരു ചൂതാട്ട ബോസ്സിന്റെ ഒരു ദിവസത്തെ വരുമാനം അഞ്ചുലക്ഷം മുതൽ പത്തുലക്ഷം രൂപ വരെയാണ്. കളിക്കാനുള്ള പണത്തിന് വേണ്ടി കിടപ്പാടം പണയം വെച്ചവർ പലരും ആത്മഹത്യയുടെ വക്കിലാണ്. ചിലരെല്ലാം മദ്യത്തിനും മയക്കുമരുന്നിനും അടിമകളായി ജീവിതം ഭാരമാക്കിയവരാണ്.

അയ്യായിരം രൂപ കളത്തിലിറക്കി ചൂതാട്ടത്തിലേർപ്പെടുന്ന ഒരാൾക്ക് നമ്പർ ഒത്തുവന്നാൽ 5 ലക്ഷം രൂപയാണ് ഒറ്റയടിക്ക് ലഭിക്കുന്നത്.  ഈ പണമുപയോഗിച്ച് വീണ്ടും കളിക്കുന്നവർ ചൂതാട്ടത്തിന്റെ രുചി അറിഞ്ഞവരും ഒറ്റ നമ്പറിന് അടിമകളായവരുമാണ്. കണ്ണൂർ കേന്ദ്രമാക്കി ലോട്ടറി ടിക്കറ്റ് വ്യാപാരത്തിൽ ഏർപ്പെട്ടിരുന്ന  ഒരു പ്രമുഖ മാലോട്ടറി ഏജൻസി ഇപ്പോൾ ഒറ്റ നമ്പർ ചൂതാട്ടത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളത്. കേരള സർക്കാർ ലോട്ടറിയേക്കാൾ ഗുണകരം ഒറ്റ നമ്പർ ചൂതാട്ടമാണെന്ന് തിരിച്ചറിഞ്ഞ കണ്ണൂർ മാലോട്ടറി ബോസിന് കാഞ്ഞങ്ങാട് വരെ നിലവിൽ ഒറ്റ നമ്പർ വിതരണക്കാരുണ്ട്.

LatestDaily

Read Previous

ബാലകൃഷ്ണനെ തിരിച്ചെടുത്തേക്കും ഉണ്ണിത്താൻ തിരുവനന്തപുരത്തെത്തി∙ പത്രസമ്മേളനം നാളെ കാസർകോട്ട്

Read Next

പതിനേഴുകാരിയുടെ ആത്മഹത്യയ്ക്ക് പിന്നിൽ കാമുകൻ