അർബൻ സൊസൈറ്റി വെട്ടിപ്പിൽ നാഥനില്ലാ വായ്പകളുടെ ഉത്തരവാദി കോൺ. നേതാവ്

സ്വന്തം ലേഖകൻ

നീലേശ്വരം: കോൺഗ്രസ് ജില്ലാ നേതാവ് മാമുനി വിജയൻ പ്രസിഡണ്ടായ നീലേശ്വരം കോ–ഓപ്പറേറ്റീവ് അർബൻ സൊസൈറ്റിയിൽ നടന്നത് സഹകരണ ചട്ടങ്ങളുടെ നഗ്നമായ ലംഘനം. പ്രസിഡണ്ടിന്റെ ഭീഷണിയെത്തുടർന്ന് സിക്രട്ടറി അംബിക ശാലിനി രാജിവെച്ചതിനെത്തുടർന്ന് പുതിയ സിക്രട്ടറിയെ നിയോഗിക്കുന്നതിന് പകരം ഭരണസമിതിയംഗമായ രാജഗോപാലൻ നായരെ ഹോണററി സിക്രട്ടറിയായി നിയമിച്ചത് നിയമാനുസൃതമല്ലെന്നാണ് റിപ്പോർട്ട്.സിക്രട്ടറിയുടെ രാജി അംഗീകരിച്ച 2023 ഏപ്രിൽ 20–ലെ യോഗത്തിലാണ് കെ. രാജഗോപാലൻ നായരെ 15000 രൂപ ശമ്പളത്തിൽ താൽക്കാലികമായി നിയമിക്കാൻ തീരുമാനിച്ചത്.

സഹകരണ വകുപ്പിന്റെ അനുമതിയില്ലാതെ നടന്ന നിയമനം അനധികൃതമാണെന്നാണ് സഹകരണ വകുപ്പ് ഇൻസ്പെക്ടറുടെ അന്വേഷണ റിപ്പോർട്ട്. കടുത്ത സാമ്പത്തിക ഞെരുക്കം നേരിടുന്ന സംഘത്തിൽ വകുപ്പ് അനുമതിയില്ലാതെ നിയമനം നടത്തിയ ഭരണസമിതിക്കെതിരെ നടപടി സ്വീകരിക്കാവുന്നതാണെന്നും അനുമതി കൂടാതെ ചെലവഴിച്ച മുഴുവൻ  തുകയും ഭരണസമിതിയംഗങ്ങളിൽ നിന്നും ഈടാക്കാവുന്നതാണെന്നും റിപ്പോർട്ടിലുണ്ട്. സംഘത്തിൽ അനുമതി നൽകിയ രണ്ട് ദിന നിക്ഷേപ കലക്ഷൻ ഏജന്റ് തസ്തികകൾക്ക് പുറമെ വകുപ്പിന്റെ അനുമതിയില്ലാതെ രണ്ട് ദിനനിക്ഷേപ ഏജന്റുമാരെ കൂടി സംഘം പ്രസിഡണ്ട് നിയമിച്ചിരുന്നു.

ബാലാമണി. എം, ഉഷാകുമാരി. കെ, സുചിത്ര. പി, ഉഷ. വി, നളിനി.കെ. എന്നീ ദിന നിക്ഷേപ ഏജന്റുമാരിൽ എം. ബാലാമണിയുടെയും കെ. ഉഷാകുമാരിയുടേതും മാത്രമാണ് ചട്ടപ്രകാരമുള്ള നിയമനം. അനധികൃതമായി നിയമിച്ച ദിന നിക്ഷേപ കലക്ഷൻ ഏജന്റുമാരിലൊരാളായ കടിഞ്ഞിമൂലയിലെ വി. ഉഷ ദിന നിക്ഷേപ അക്കൗണ്ടുകളിൽ വൻക്രമക്കേട് നടത്തിയതായി കണ്ടെത്തിട്ടുണ്ട്. നാഥനില്ലാത്ത 16 വായ്പകളുടെ  അന്വേഷണവും എത്തിനിൽക്കുന്നത് സംഘം പ്രസിഡണ്ടായ കടിഞ്ഞിമൂലയിലെ മാമുനി വിജയനിലേക്കാണ്.

വായ്പാ സ്ഥിരീകരണത്തിനായി നടത്തിയ അന്വേഷണത്തിൽ ആരും തന്നെ ഹാജരാകാത്തതിനാൽ മേൽപ്രകാരം നൽകി യ വായ്പകൾ സംഘം പ്രസിഡണ്ട് നടത്തിയ വായ്പാത്തട്ടിപ്പായി കരുതാവുന്നതാണെന്ന് സഹകരണ വകുപ്പ് ഇൻസ്പെക്ടറുടെ അന്വേഷണ റിപ്പോർട്ടിലുണ്ട്. വായ്പാ നടപടിക്രമങ്ങളിലെ വീഴ്ചകൾ മൂലം സഹകരണ നിയമപ്രകാരമുള്ള ആർബിട്രേഷൻ നടപടികൾക്കും സാധ്യമല്ല.

ഇത്തരം വായ്പകൾ വഴി സംഘത്തിന് നഷ്ടമായ മുഴുവൻ തുകയും പ്രസിഡണ്ട് മാമുനി വിജയനിൽ നിന്നും ഈടാക്കണമെന്ന് റിപ്പോർട്ടിൽ അർത്ഥശങ്കയ്ക്കിടയില്ലാത്ത വിധം രേഖപ്പെടുത്തിയിട്ടുണ്ട്. നാഥനില്ലാത്ത വായ്പകൾ വഴി 6,42,868 രൂപയാണ് സംഘത്തിന് ലഭിക്കേണ്ടത്. ഈ തുക മുഴുവൻ സംഘം പ്രസിഡണ്ടായ മാമുനി വിജയൻ അടയ്ക്കേണ്ടി വരും.

LatestDaily

Read Previous

നിർത്തിയിട്ട ഓട്ടോയിൽ പണം കവർന്ന കുട്ടി മോഷ്ടാവിനെ തിരിച്ചറിഞ്ഞു കുട്ടിക്കള്ളൻ മോഷ്ടിച്ചത് 12500 രൂപ

Read Next

ബാലകൃഷ്ണനെ തിരിച്ചെടുത്തേക്കും ഉണ്ണിത്താൻ തിരുവനന്തപുരത്തെത്തി∙ പത്രസമ്മേളനം നാളെ കാസർകോട്ട്