ബാലകൃഷ്ണനെ തിരിച്ചെടുത്തേക്കും ഉണ്ണിത്താൻ തിരുവനന്തപുരത്തെത്തി∙ പത്രസമ്മേളനം നാളെ കാസർകോട്ട്

സ്റ്റാഫ് ലേഖകൻ

കാഞ്ഞങ്ങാട്: കോൺഗ്രസ്സിൽ നിന്ന് പുറത്താക്കപ്പെട്ട പെരിയ നാലംഗ സംഘം കെപിസിസിക്ക് മാപ്പപേക്ഷ സമർപ്പിച്ചു. കെപിസിസി അംഗം ബാകൃഷ്ണൻ പെരിയ, മൂത്ത സഹോദരൻ രാജൻ പെരിയ, പെരിയ  സഹകരണ ബാങ്ക് പ്രസിഡണ്ട് ടി. രാമകൃഷ്ണൻ എന്നിവരാണ് സംഭവിച്ചുപോയ അബദ്ധം ഏറ്റുപറഞ്ഞു കൊണ്ട് കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷന് മാപ്പപേക്ഷ സമർപ്പിച്ചിട്ടുള്ളത്. ഇവരിൽ ബാലകൃഷ്ണൻ പെരിയ ഇന്നലെ തിരുവനന്തപുരത്ത് കെപിസിസി  ഓഫീസിൽ നേരിട്ടെത്തിയും, രാജൻ പെരിയ മെയിൽ വഴിയുമാണ് സ്വന്തം മാപ്പപേക്ഷകൾ കെപിസിസി അധ്യക്ഷൻ കെ. സുധാകരന് സമർപ്പിച്ചിട്ടുള്ളത്. കാസർകോട് എംപി രാജ്മോഹൻ ഉണ്ണിത്താന് എതിരെ ഗൂഢാലോചന നടത്തിയും എംപിയുടെ മണ്ഡലത്തിൽ ഹൈമാസ്റ്റ് വിളക്കുകൾ സ്ഥാപിച്ചതിൽ അഴിമതിയാരോപിച്ചും, ബാലകൃഷ്ണൻ ഒരു മലയാളം ചാനലിന് നൽകിയ ആരോപണം രാജ്മോഹൻ ഉണ്ണിത്താന് ഉണ്ടാക്കിയ അപകീർത്തി ചെറുതൊന്നുമല്ല.

ഉണ്ണിത്താൻ ഇതുസംബന്ധിച്ച് കെപിസിസി അധ്യക്ഷന് നൽകിയ പരാതിയെ തുടർന്നാണ് ബാലകൃഷ്ണനടക്കമുള്ള പെരിയ നാലംഗ സംഘത്തെ കോൺഗ്രസ്സിന്റെ പ്രാഥമികാംഗത്വത്തിൽ നിന്നു തന്നെ കെപിസിസി പുറത്താക്കിയത്. പുറത്താക്കപ്പെട്ട നാലംഗ സംഘം മറ്റു പാർട്ടികളിൽ ചേരില്ലെന്ന് തീരുമാനിച്ച സാഹചര്യത്തിൽ മാപ്പപേക്ഷ ലഭിച്ചാൽ,  പാർട്ടിയിൽ തിരിച്ചെടുക്കുന്ന കാര്യം പരിശോധിക്കാമെന്ന കെ. സുധാകരന്റെ നിർദ്ദേശത്തെ തുടർന്നാണ് പെരിയ നാലംഗ സംഘം ഇന്നലെ കെപിസിസി അധ്യക്ഷന് മാപ്പപേക്ഷ സമർപ്പിച്ചത്.

ദൽഹിയിലായിരുന്ന പാർലിമെന്റംഗം രാജ്മോഹൻ ഉണ്ണിത്താൻ ഇന്ന് രാവിലെ തിരുവനന്തപുരത്ത് വിമാനമിറങ്ങിയിട്ടുണ്ട്. നാളെ കാലത്ത് മാവേലി എക്സ്പ്രസ്സിന് അദ്ദേഹം കാഞ്ഞങ്ങാട്ടെത്തും. കാസർകോട്ടോ കാഞ്ഞങ്ങാട്ടോ നാളെ രാവിലെ 10 മണിക്ക് അദ്ദേഹം മാധ്യമങ്ങളെ കാണും. ബാലകൃഷ്ണൻ പെരിയ ഉണ്ണിത്താനെതിരെ ആരോപിച്ചിട്ടുള്ള കടുത്ത അഴിമതിയാരോപണങ്ങൾക്ക് ഉണ്ണിത്താൻ നാളെ മാധ്യമങ്ങൾക്ക് മുന്നിൽ മറുപടി പറയുമെന്നാണ് തിരുവനന്തപുരത്തു നിന്നുള്ള പുതിയ വാർത്ത.

LatestDaily

Read Previous

അർബൻ സൊസൈറ്റി വെട്ടിപ്പിൽ നാഥനില്ലാ വായ്പകളുടെ ഉത്തരവാദി കോൺ. നേതാവ്

Read Next

പോലീസ് വിവരങ്ങൾ തേടിയപ്പോൾ ഒറ്റനമ്പർ ബോസുമാർ മുങ്ങി