നിർത്തിയിട്ട ഓട്ടോയിൽ പണം കവർന്ന കുട്ടി മോഷ്ടാവിനെ തിരിച്ചറിഞ്ഞു കുട്ടിക്കള്ളൻ മോഷ്ടിച്ചത് 12500 രൂപ

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട്: കോട്ടച്ചേരി പത്മ ക്ലിനിക്കിന് മുൻവശത്ത് നിർത്തിയിട്ട ഓട്ടോയിൽ നിന്നും പണം മോഷ്ടിച്ച കുട്ടി മോഷ്ടാവിനെക്കുറിച്ചുള്ള റിപ്പോർട്ട് ഹൊസ്ദുർഗ് പോലീസ് കോടതിക്ക് കൈമാറും. പനയാൽ സ്വദേശി സതീശന്റെ ഓട്ടോയ്ക്കകത്തെ ബോക്സിനുള്ളിൽ സൂക്ഷിച്ചിരുന്ന 12,500 രൂപയടങ്ങുന്ന പേഴ്സാണ് പന്ത്രണ്ടുകാരനായ കുട്ടി മോഷ്ടാവ് കവർന്നത്.

സതീശന്റെ പരാതിയെത്തുടർന്ന് പോലീസ് ഓട്ടോയ്ക്ക് സമീപത്തെ നിരീക്ഷണ ക്യാമറാ ദൃശ്യങ്ങൾ ശേഖരിച്ചിരുന്നു. ക്യാമറാ ദൃശ്യങ്ങളിൽ ഒരു കുട്ടി ഓട്ടോയ്ക്ക് സമീപം ചുറ്റിപ്പറ്റി നടന്ന് ഓട്ടോയ്ക്കുള്ളിൽ നിന്നും പണം അപഹരിച്ച് ഓടിപ്പോകുന്നതിന്റെ ദൃശ്യങ്ങൾ ലഭിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടി മോഷ്ടാവിനെ തിരിച്ചറിഞ്ഞത്. കുട്ടിക്കള്ളന് 12 വയസ്സ് മാത്രമായതിനാൽ, പോലീസിന് നേരിട്ട് കേസ്സെടുക്കാൻ നിയമതടസ്സമുണ്ട്. ഇതിനാലാണ് കോടതിക്ക് റിപ്പോർട്ട് സമർപ്പിച്ചത്.

ജില്ലാ ആശുപത്രി പരിസരത്ത് നിർത്തിയിടുന്ന വാഹനങ്ങളിൽ കവർച്ച നടത്തുന്ന കുട്ടി മോഷ്ടാവിനെക്കുറിച്ച് വ്യാപകമായ പരാതിയുണ്ടായിരുന്നു. പോലീസ് തിരിച്ചറിഞ്ഞ കുട്ടി ക്കള്ളന് ജില്ലാ ആശുപത്രി പരിസരത്തെ മോഷണവുമായി ബന്ധമില്ലെന്നാണ് പോലീസിന്റെ വിശദീകരണം.

LatestDaily

Read Previous

യുവതിയെ ബലാത്സംഗം ചെയ്ത അഭിഭാഷകനെതിരെ കേസ്

Read Next

അർബൻ സൊസൈറ്റി വെട്ടിപ്പിൽ നാഥനില്ലാ വായ്പകളുടെ ഉത്തരവാദി കോൺ. നേതാവ്