കാഞ്ഞങ്ങാട് റെയിൽവെ സ്റ്റേഷനിൽ അന്വേഷണ കൗണ്ടർ ബോർഡിലൊതുക്കി

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട്: ഏ ക്ലാസ് റെയിൽവെ സ്റ്റേഷനെന്ന് കൊട്ടിഘോഷിക്കുന്ന കാഞ്ഞങ്ങാട് റെയിൽവെ സ്റ്റേഷനിൽ അന്വേഷണ കൗണ്ടർ പേരിന് മാത്രം. ട്രെയിൻ സംബന്ധമായ യാത്രക്കാരുടെ സംശയങ്ങൾക്കും മറ്റും ഉപകരിച്ചിരുന്ന നിലവിലുള്ള  കൗണ്ടർ കോവിഡ് മഹാമാരിക്ക് ശേഷം ടിക്കറ്റ് കൗണ്ടറിനടുത്തുള്ള ഭാഗത്തേക്ക് മാറ്റി സ്ഥാപിച്ചെങ്കിലും,  കൗണ്ടറിലെ ജീവനക്കാരനെ മറ്റൊരു സ്ഥലത്തേക്ക് മാറ്റുകയായിരുന്നു.

ഇതിന് ശേഷം നാളിതുവരെയായിട്ടും, കാഞ്ഞങ്ങാട് റെയിൽവെ സ്റ്റേഷനിലെ എൻക്വയറി കൗണ്ടർ ബോർഡിൽ മാത്രം ഒതുങ്ങുകയായിരുന്നു. നിത്യവും മുപ്പതോളം ട്രെയിനുകളിൽ കാഞ്ഞങ്ങാട് നിന്നും ആയിരക്കണക്കിന് യാത്രികരുണ്ട്. ആറോളം  പ്രതിവാര ട്രെയിനുകളും കാഞ്ഞങ്ങാട്ട് നിർത്തുന്നുണ്ട്. ഇതിനാൽ എൻക്വയറി കൗണ്ടർ ഇല്ലാത്തത് കാരണം വിവരങ്ങളറിയാൻ യാത്രക്കാർക്ക് റെയിൽവെയുടെ മറ്റുള്ള ജീവനക്കാരെ ആശ്രയിക്കേണ്ടി വരുന്നു.

ജോലിത്തിരക്കിനിടയിൽ ഇവരിൽ നിന്നും കാര്യമായ വിവരങ്ങൾ പലപ്പോഴും യാത്രക്കാർക്ക് ലഭിക്കാറുമില്ല. വിവരങ്ങൾ അറിയുന്നതിനുള്ള സൗകര്യം ഇല്ലാതായതോടെ,  ട്രെയിൻ പ്ലാറ്റ്ഫോമിലെത്തിയാൽ വലിയ ബാഗുകളുമെടുത്ത് യാത്രക്കാർ കോച്ചുകളിലെത്തുന്നതിന് വിയർത്തുള്ള ഓട്ടമാണ്. ഇത്രയൊക്കെയായിട്ടും, വിഷയത്തിൽ അവബോധത്തോടെ രാഷ്ട്രീയ പ്രതിനിധികളാരും തന്നെ ഇടപെടുന്നില്ലെന്നാണ് യാത്രക്കാരുടെ ആരോപണം.

Read Previous

റോഡിലെ അശ്രദ്ധയുടെ സ്മാരകമായി യുവാവിന്റെ ഹെൽമെറ്റ്

Read Next

യുവതിയെ ബലാത്സംഗം ചെയ്ത അഭിഭാഷകനെതിരെ കേസ്