ക്വാർട്ടേഴ്സ് മുറിയിലെ യുവതിയുടെ മരണം; പോലീസ് അന്വേഷണമാരംഭിച്ചു

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട്: നോർത്ത് കോട്ടച്ചേരിയിലെ വാടക ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവതിയുടെ ജഢം പരിയാരം മെഡിക്കൽ കോളേജിൽ പോസ്റ്റ് മോർട്ടത്തിന് വിധേയമാക്കി. നെല്ലിക്കട്ട സ്വദേശിനിയായ ഫാത്തിമത്ത് സുഹറയുടെ മൃതദേഹമാണ് ഇന്നലെ വൈകുന്നേരം 4.45 മണിയോടെ നോർത്ത് കോട്ടച്ചേരിയിലെ വാടക ക്വാർട്ടേഴ്സിൽ കണ്ടെത്തിയത്. മൃതദേഹത്തിന് 3 ദിവസത്തെ പഴക്കമുണ്ടായിരുന്നു.

ഭർത്താവിനെയും മകളെയുമുപേക്ഷിച്ച ഫാത്തിമത്ത് സുഹറ 6 വർഷത്തോളമായി ചെങ്കള കനിയടുക്കം കുഞ്ഞിമാഹിൻകുട്ടിയുടെ മകൻ ഹസൈനാറിനൊപ്പമായിരുന്നു താമസം. ഹസൈനാറിനെ ജൂൺ 1ന് സന്ധ്യയ്ക്ക് 7 മണിയോടെ കാസർകോട് പുതിയ ബസ് സ്റ്റാന്റിന് സമീപത്തെ ഹോട്ടൽമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. പാൻടെക്ക് വോളണ്ടിയറായ ഫാത്തിമത്ത് സുഹറയെ ഫോണിൽ ബന്ധപ്പെട്ട് കിട്ടാത്തതിനെത്തുടർന്ന് പാൻടെക്ക് പ്രവർത്തകർ പോലീസുമായി ബന്ധപ്പെട്ടതിന് പിന്നാലെയാണ് നോർത്ത് കോട്ടച്ചേരിയിലെ വാടക ക്വാർട്ടേഴ്സിൽ ജീർണ്ണിച്ച് തുടങ്ങിയ നിലയിൽ യുവതിയുടെ ജഢം കണ്ടെത്തിയത്.

മൃതദേഹത്തിൽ നിന്നും ദുർഗന്ധമുയർന്നതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് മുറിയിലെ സോഫയിൽ പുതപ്പ് കൊണ്ട് മൂടിയ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. മുറിപുറത്തു നിന്നും പൂട്ടിയതിനാൽ ക്വാർട്ടേഴ്സ് ഉടമയെ വിളിച്ചുവരുത്തി പോലീസ് മുറി തുറപ്പിക്കുകയായിരുന്നു. ഫാത്തിമത്ത് സുഹറയെ കൊലപ്പെടുത്തിയ ശേഷം മുറിപൂട്ടിപ്പോയ അസൈനാർ കാസർകോട്ടെ ലോഡ്ജിൽ മുറിയെടുത്ത് തൂങ്ങിമരിക്കുകയായിരുന്നുവെന്ന് സംശയിക്കുന്നു.

മുറിയിൽ കാണപ്പെട്ട തുണിയുടെ കുരുക്ക് ഫാത്തിമത്ത് സുഹറയെ കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കാനായിരുന്നുവെന്നും സംശയമുണ്ട്. യുവതിയുടെ മരണം കൊലപാതകമാണോ ആത്മഹത്യയാണോയെന്ന് വ്യക്തമാകാൻ പോസ്റ്റ് മോർട്ടം ഫലം പുറത്തുവരണം. കൂലിത്തൊഴിലാളിയായ അസൈനാറും ഫാത്തിമത്ത് സുഹറയും തമ്മിലുള്ള ബന്ധത്തിൽ മക്കളില്ല. മൃതദേഹം ഹോസ്ദുർഗ്ഗ് പോലീസ് ഇൻസ്പെക്ടർ എം.പി. ആസാദിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തി. സംഭവത്തിൽ അസ്വാഭാവിക മരണത്തിനാണ് ഹോസ്ദുർഗ്ഗ് പോലീസ് കേസ്സെടുത്തത്.

LatestDaily

Read Previous

പെൺകുട്ടിയെ ബലാത്സംഗം ചെയ്ത ജിം പരിശീലകൻ അറസ്റ്റില്‍

Read Next

റോഡിലെ അശ്രദ്ധയുടെ സ്മാരകമായി യുവാവിന്റെ ഹെൽമെറ്റ്