നീലേശ്വരം അർബൻ സൊസൈറ്റിയിൽ അഴിമതി

സ്വന്തം ലേഖകൻ

നീലേശ്വരം: കോൺഗ്രസ് ജില്ലാ നേതാവ് മാമുനി വിജയൻ പ്രസിഡണ്ടായ നീലേശ്വരം കോ–ഓപ്പറേറ്റീവ് അർബൻ സൊസൈറ്റിയുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെക്കാൻ സ്റ്റോപ്പ് മെമ്മോ നൽകണമെന്നഭിപ്രായപ്പെട്ട് അന്വേഷണ റിപ്പോർട്ട്. നീലേശ്വരം ആസ്ഥാനമായി 2012 ൽ പ്രവർത്തനമാരംഭിച്ച നീലേശ്വരം കോ–ഓപ്പറേറ്റീവ്   അർബൻ സൊസൈറ്റിയിലെ അഴിമതികളെക്കുറിച്ചുള്ള പരാതിയിൽ നടന്ന അന്വേഷണത്തിലാണ് സഹകരണ വകുപ്പ് തൃക്കരിപ്പൂർ യൂണിറ്റ് ഇൻസ്പെക്ടർ സൊസൈറ്റിയുടെ പ്രവർത്തനം മരവിപ്പിക്കാൻ റിപ്പോർട്ട് നൽകിയത്.

സംഘം പ്രവർത്തനത്തിൽ ഭരണസമിതിയുടെ ഭാഗത്ത് നിന്നും ഗുരുതരമായ വീഴ്ചകൾ സംഭവിച്ചതായി അന്വേഷണ റിപ്പോർട്ടിലുണ്ട്. സഹകരണ സ്ഥാപനമെന്ന നിലയിൽ സഹകരണ മനോഭാവത്തോടെ പ്രവർത്തിക്കേണ്ട ഭരണസമിതിയംഗങ്ങൾ പൊരുത്തക്കേടുകൾ മൂലം രാജിവെക്കേണ്ടി വന്നതായും റിപ്പോർട്ടിലുണ്ട്. സംഘം  പ്രസിഡണ്ടായ കോൺഗ്രസ് നേതാവ് മാമുനി വിജയനടക്കം വായ്പാ കുടിശ്ശിക വരുത്തിയതായും വായ്പ തിരിച്ചുപിടിക്കാൻ സഹകരണ നിയമപ്രകാരം നടപടിയെടുത്തില്ലെന്നും റിപ്പോർട്ടിലുണ്ട്.

ഭരണ സമിതിയിലെ 6 അംഗങ്ങൾ വിവിധ വായ്പകളിൽ കുടിശ്ശികക്കാരാണ്. ഇവരിൽ 2 പേർക്ക് മാത്രമാണ് നോട്ടീസ്സയച്ചതെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. സംഘം സിക്രട്ടറിയായി ജോലി ചെയ്തിരുന്ന അംബിക ശാലിനിയെ പ്രസിഡണ്ട് മാമുനി വിജയൻ ഭീഷണിപ്പെടുത്തി രാജിവെപ്പിച്ചുവെന്ന പരാതിയിൽ ഇവരെ നേരിട്ടു വിളിച്ചു വരുത്തി മൊഴി ശേഖരിച്ചിരുന്നു.

സംഘത്തിലെ ദിന നിക്ഷേപ ഏജന്റ് വി. ഉഷ സാമ്പത്തിക തിരിമറി നടത്തിയ സംഭവത്തിൽ പ്രസിഡണ്ടും സിക്രട്ടറിയും യാതൊരു നടപടിയും  സ്വീകരിച്ചില്ലെന്ന് പുറത്താക്കപ്പെട്ട സിക്രട്ടറി അന്വേഷണോദ്യോഗസ്ഥന് മൊഴി നൽകിയിരുന്നു. സിക്രട്ടറിയുടെ രാജി അംഗീകരിച്ച യോഗത്തിൽ കോറം തികയാത്തതിനാൽ രാജി ഔദ്യോഗികമായി അംഗീകരിക്കാനാവില്ലെന്നും, അന്വേഷണ റിപ്പോർട്ടിലുണ്ട്. നിക്ഷേപത്തുക തിരിച്ചു നൽകാൻ പോലും പറ്റാത്ത സാമ്പത്തിക സ്ഥിതിയിലാണ് നീലേശ്വരം കോ–ഓപ്പറേറ്റീവ് അർബൻ സൊസൈറ്റിയെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

LatestDaily

Read Previous

ഡിവൈഎഫ്ഐക്ക് അമളി; പ്രതിഷേധ മാർച്ച്എം.പി.യുടെ പൂട്ടിയിട്ട വീടിന് മുന്നിൽ

Read Next

ജില്ലാ ആശുപത്രിയിൽ രാത്രിയിലും ക്യൂ