ഡിവൈഎഫ്ഐക്ക് അമളി; പ്രതിഷേധ മാർച്ച്എം.പി.യുടെ പൂട്ടിയിട്ട വീടിന് മുന്നിൽ

സ്റ്റാഫ് ലേഖകൻ

കാഞ്ഞങ്ങാട്: ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം പ്രതിഷേധ മാർച്ച് നടത്തിയത് പാർലിമെന്റംഗം രാജ്മോഹൻ ഉണ്ണിത്താന്റെ പൂട്ടിയിട്ട വാടക വീടിന് മുന്നിൽ.  2024 ജൂൺ 28ന് രാവിലെയാണ് ഡിവൈഎഫ്ഐ കാഞ്ഞങ്ങാട് മാതോത്തുള്ള രാജ്മോഹൻ ഉണ്ണിത്താന്റെ പൂട്ടിയിട്ട വാടക വീട്ടിലേക്ക് മാർച്ച് നടത്തിയത്. രാജ്മോഹൻ ഉണ്ണിത്താൻ കഴിഞ്ഞ  6 വർഷക്കാലമായി താമസിച്ചുവരുന്നത് പടന്നക്കാട് ഐങ്ങോത്താണ്.

രണ്ടാംതവണയും തിരഞ്ഞെടുക്കപ്പെട്ട ഉണ്ണിത്താൻ കാഞ്ഞങ്ങാട് സൗത്തിൽ കെ.എസ്.ടി.പി. റോഡിൽ മാതോത്ത് മഹാവിഷ്ണു ക്ഷേത്ര പരിസരത്തുള്ള വീട് വാടകയ്ക്ക് എടുത്തതല്ലാതെ, ഈ വീട്ടിൽ ഉണ്ണിത്താൻ താമസം തുടങ്ങിയിട്ടില്ല. എം.പി. ഫണ്ടിൽ കാസർകോട് മണ്ഡലത്തിൽ ഹൈമാസ്റ്റ് വിളക്കുകൾ അനുവദിച്ചതിൽ ഉണ്ണിത്താൻ കമ്മീഷൻ കൈപ്പറ്റിയെന്ന ആരോപണത്തിന്റെ മറപിടിച്ചാണ്ഉണ്ണിത്താന്റെ വീട്ടിലേക്ക് ഡിവൈഎഫ്ഐ പ്രതിഷേധ മാർച്ച് നടത്തിയത്. മാത്രമല്ല, ഡിവൈഎഫ്ഐ മാർച്ച് നടത്തിയ ദിവസം ഉണ്ണിത്താൻ ദൽഹിയിലായിരുന്നു. പാർലിമെന്റ് ചേരുന്ന ദിവസങ്ങളിൽ എം.പി. ദൽഹിയിലായിരിക്കുമെന്ന് പോലും തിരിച്ചറിയാതെ, താമസം തുടങ്ങാതെ പൂട്ടിയിട്ട എം.പി.യുടെ മാതോത്തെ വാടകവീട്ടിലേക്കാണ് ഡിവൈഎഫ്ഐ മാർച്ച് നടത്തിയത്.

മാതോത്ത് വാടകയ്ക്ക് വാങ്ങിയ വീട്ടിൽ കുടുംബസമേതം താമസിക്കാനും, പടന്നക്കാട് ഐങ്ങോത്തുള്ള വീട് ഓഫീസായി നിലനിർത്താനുമാണ് ഉണ്ണിത്താൻ വാടകവീട് വാങ്ങിയത്. ഇതൊന്നുമറിയാതെ മാതോത്ത് അടച്ചിട്ട വീടിനെലക്ഷ്യമാക്കിയാണ് ജൂൺ 28ന് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്. അഴിമതി ആരോപണത്തിൽ നെല്ലും പതിരും വേർതിരിച്ചെടുക്കുന്നതിന് മുമ്പ് ഇടതു യുവജന പ്രസ്ഥാനത്തിന്റെ കാസർകോട് ജില്ലാ കമ്മിറ്റി എടുത്തുചാടി രാജ്മോഹൻ ഉണ്ണിത്താൻ എംപിയുടെ, അതും പൂട്ടിയിട്ട താമസ സ്ഥലത്തേക്ക്  പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത് ഡിവൈഎഫ്ഐ ജില്ലാ നേതൃത്വത്തിന് പറ്റിയ കനത്ത പാളിച്ചയായി.

എംപിക്കെതിരെ അഴിമതി ആരോപണമുന്നയിച്ചവർ ആരും തന്നെ ഇപ്പോൾ കോൺഗ്രസിലില്ല. പെരിയയിൽ കാലങ്ങളായി ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന് അടിത്തറ പാകാൻ പ്രയത്നിച്ച, ബാലകൃഷ്ണൻ പെരിയയേയും, സഹോദരൻ രാജൻ പെരിയയേയും, ടി. രാമകൃഷ്ണനേയും  കോൺഗ്രസ്സിന്റെ പ്രാഥമികാംഗത്വത്തിൽ നിന്ന് തന്നെ അറുത്തു മാറ്റിയ സംഭവം നിസ്സാരമല്ല. ഹൈമാസ്റ്റ് വിളക്കുകൾ സ്ഥാപിക്കുന്നതിലും സ്ഥാപിച്ചതിലും, എംപി അഴിമതി നടത്തിയിട്ടുണ്ടെങ്കിൽ, ആരോപണമുന്നയിച്ച ബാലകൃഷ്ണൻ പെരിയ ആ അഴിമതി തെളിയിക്കാൻ ബാധ്യസ്ഥനാണ്.

മൂന്നംഗ പെരിയ കോൺഗ്രസ് ടീമിന്റെ വേര് തന്നെ കെപിസിസി അറുത്തുകളഞ്ഞ സാഹചര്യത്തിൽ  ബാലകൃഷ്ണൻ പെരിയ ഉണ്ണിത്താൻ എംപിക്കെതിരായി ഉന്നയിച്ച  അഴിമതി ആരോപണത്തിന്റെ തെളിവ് പൊതുജന മധ്യത്തിൽ അവതരിപ്പിക്കേണ്ടതായിരുന്നു. ബാലകൃഷ്ണന് അതിന് കഴിഞ്ഞില്ലെങ്കിൽ, പെരിയ കോൺഗ്രസ് മൂവർ സംഘത്തിന് ഇനി കോൺഗ്രസ്സിലേക്കുള്ള തിരിച്ചുവരവ് പ്രയാസമായിരിക്കും.

LatestDaily

Read Previous

കാര്യങ്കോട് പുതിയ പാലം തുറന്നു

Read Next

നീലേശ്വരം അർബൻ സൊസൈറ്റിയിൽ അഴിമതി