കിഷോർ പാഞ്ഞടുത്തത് മരണത്തിലേക്ക്; ഇടിച്ച കാറുടമയുടെ സമീപനം മരണവേഗത കൂട്ടി

സ്വന്തം പ്രതിനിധി

കാഞ്ഞങ്ങാട്: ശനിയാഴ്ച ഉച്ചതിരിഞ്ഞ് കൊവ്വൽപ്പള്ളി ലേറ്റസ്റ്റ് ഓഫീസിന് മുൻവശമുണ്ടായ വാഹനാപകടത്തിൽ മരിച്ച നീലേശ്വരം ആലിങ്കീലിലെ കിഷോർ തന്റെ കെടിഎം ഡ്യൂക്ക് ബൈക്കിൽ മരണത്തിലേക്ക് പാഞ്ഞടുക്കുകയായിരുന്നു. കിഷോർ സഞ്ചരിച്ച ഡ്യൂക്ക് ബൈക്കിനെ റോഡ് ക്രോസ് ചെയ്യുകയായിരുന്ന കെ.എൽ. 60. വി. 4599 ഡിസയർ കാർ തട്ടിത്തെറിപ്പിക്കുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. കിഷോറിന്റെ എതിർദിശയിൽ വരികയായിരുന്ന ബുള്ളറ്റ് ബൈക്കും കിഷോറിന്റെ ബൈക്കിലേക്ക് പാഞ്ഞടുത്തതോടെ കിഷോർ മരണത്തെ മുഖാമുഖം കണ്ട് ചോരവാർന്നൊലിച്ച് പിടയുകയായിരുന്നു.

കിഷോറിനെ ഇടിച്ച ഡിസയർ കാർ ഓടിച്ചയാൾ കാർ നിർത്തി കിഷോറിന്റെ മരണവെപ്രാളം നേരിൽ കണ്ടിട്ടും തന്റെ കാറിൽ കിഷോറിനെ ആശുപത്രിയിലെത്തിക്കാൻ തയ്യാറായില്ല. കൂടി നിന്നവരെല്ലാം അതുവഴി പോയ വാഹനങ്ങളെ നിർത്തിയിട്ടും ആരുംതന്നെ കിഷോറിനെ രക്ഷപ്പെടുത്താൻ സന്നദ്ധത കാട്ടിയില്ല. അതിനിടെ കാറുടമ ഡിസയർ വണ്ടി ഉപേക്ഷിച്ച് സ്ഥലം വിടുകയും ചെയ്തു. പത്ത് മിനിറ്റിനകം കിഷോറിന്റെ ശരീരത്തിൽ നിന്ന് ചോർന്ന രക്തം റോഡിൽ തളംകെട്ടി നിൽക്കുന്നത് കാണാമായിരുന്നു.

തുടർന്ന് അവശനിലയിൽ മംഗളൂരുവിലെത്തിച്ച കിഷോർ ഞായറാഴ്ച പുലർച്ചെയാണ് വിടപറഞ്ഞത്.  അപകടത്തിൽ പ്പെടുന്നവരെ ആശുപത്രിയിൽ എത്തിക്കുന്നവർക്ക് സർക്കാർ സഹായ വാഗ്ദത്തവും പ്രോത്സാഹനവും നൽകുന്നുണ്ടെങ്കിലും ഇത്തരം ഘട്ടങ്ങളിൽ കാണാനെത്തുന്നവരും വാഹനമുടമകളും കാണിക്കുന്ന നിസംഗത അപകടകരമാണ്.

LatestDaily

Read Previous

സ്വര്‍ണ്ണക്കടത്ത്–ക്വട്ടേഷൻ ബന്ധം; സി.പി.എം അംഗത്തെ പുറത്താക്കി

Read Next

കൊലക്കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി രാജസ്ഥാനിൽ പിടിയിൽ