പെരിയ ഇരട്ടക്കൊലക്കേസ്സിൽ വിചാരണ പൂർത്തിയായി- കേസ്സിൽ മൊത്തം 24 പ്രതികൾ

∙ പ്രതികളെ ജൂൺ 29-ന് കോടതി ചോദ്യം ചെയ്യും∙ പ്രതികൾ ആറര വർഷക്കാലമായി റിമാന്റ് തടവിൽ ∙ സിബിഐ അറസ്റ്റ് ചെയ്ത 10 പ്രതികളിൽ 5 പേർ രണ്ടര വർഷക്കാലമായി റിമാന്റിൽ∙ മുൻ എംഎൽഏ, കെ.വി. കുഞ്ഞിരാമൻ 20-ാം പ്രതിയും, രാഘവൻ വെളുത്തോളി 21-ാം പ്രതിയും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്  കെ. മണികണ്ഠൻ 13-ാം പ്രതിയുമാണ്.

സ്റ്റാഫ് ലേഖകൻ

കൊച്ചി: മനുഷ്യ മനഃസാക്ഷിയെ നടുക്കിയ പ്രമാദമായ പെരിയ കല്ല്യോട്ട് ഇരട്ടക്കൊലക്കേസ്സിൽ സിബിഐ കോടതി വിചാരണ പൂർത്തിയാക്കി. പ്രതികളെ സിആർപിസി 313 പ്രകാരം ചോദ്യം ചെയ്യാൻ കോടതി ജൂൺ 29-ന് മാറ്റിവെച്ചു. പെരിയ കല്ല്യോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷ് 19, ശരത് ലാൽ 23, എന്നിവരെ 2019 ഫിബ്രവരി 17-ന് ഞായറാഴ്ച രാത്രി 7-45 മണിക്ക് ബൈക്കിൽ സ്വന്തം വീട്ടിലേക്ക്  പോകുമ്പോൾ കല്ല്യോട്ട് കണ്ണാടിപ്പാറയിൽ ബൈക്ക് തടഞ്ഞുനിർത്തി ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ നാടുനടുങ്ങിയ കേസ്സിലാണ് നീണ്ട ഏഴുവർഷത്തിന്  ശേഷം സിബിഐ കോടതിയിൽ കേസ്സ് വിസ്താരം പൂർത്തിയായത്.

ഈ രാഷ്ട്രീയക്കൊലപാതകക്കേസ്സിൽ മൊത്തം 24 പ്രതികളുണ്ട്, പ്രതികൾ എല്ലാവരും സിപിഎം പ്രവർത്തകരും  പാർട്ടി വർഗ്ഗ ബഹുജന  സംഘടനാ ഭാരവാഹികളുമാണ്. ഒന്നാംപ്രതി കല്ല്യോട്ടെ പീതാംബരൻ പാർട്ടി എൽസിയംഗമാണ്. രണ്ടാം പ്രതി സജി ജോർജ് പാർട്ടി പ്രവർത്തകനും ഇന്റർലോക്ക് തൊഴിലാളിയുമാണ്. മൂന്നാംപ്രതി സുരേഷ് ചെത്തുകാരനും കണ്ണൂർ ജില്ലയിലെ പരിയാരം സ്വദേശിയും രണ്ടു വർഷക്കാലമായി കല്ല്യോട്ട് പ്രദേശത്ത് താമസക്കാരനുമാണ് . നാലാം പ്രതി അനിൽ പെരിയയിലെ ഓട്ടോ ഡ്രൈവറും കല്ല്യോട്ട് ഏച്ചിലടുക്കം സ്വദേശിയുമാണ്.

അഞ്ചാംപ്രതി ഗിജിൻ ഗംഗാധരൻ 23, കല്ല്യോട്ടെ ശാസ്താ ഗംഗാധരന്റെ മകനും,  കൊല്ലപ്പെട്ട ശരത് ലാലിന്റെ ഹൈസ്കുൾ  സഹപാഠിയുമാണ്. ആറാംപ്രതി അശ്വിൻ ഡ്രൈവറും ശാസ്താ ഗംഗാധരന്റെ മരുമകനുമാണ്. ഏഴാംപ്രതി ശ്രീരാഗ് കരിങ്കൽ ക്വാറി സഹായിയാണ്. എട്ടാം പ്രതി സുബീഷ്,  പെരിയ ടൗണിലെ  ചുമട്ടുതൊഴിലാളിയും പാക്കം വെളുത്തോളി സ്വദേശിയുമാണ്. ഒമ്പതാം പ്രതി മുരളി കൊലയ്ക്ക് ശേഷം ഒന്നുമുതൽ മൂന്ന് വരെയുള്ള പ്രതികളെ സ്വന്തം ഇയോൺ കാറിൽ പള്ളിക്കര പാക്കം വെളുത്തോളിയിലെത്തിച്ച പ്രതിയാണ്.  

പത്താം പ്രതി രഞ്ജിത്ത് കണ്ണോത്ത്. പ്രതികൾ കല്ല്യോട്ട് നിന്ന് സംഭവ ദിവസം സന്ധ്യയ്ക്ക് 7-36 മണിക്ക് കല്ല്യോട്ടുള്ള കുഞ്ഞമ്പുവിന്റെ കടയ്ക്ക് മുന്നിൽ നിന്ന് ശരത് ലാലും കൃപേഷും ബൈക്കിൽ വീട്ടിലേക്ക് യാത്ര പുറപ്പെടുമ്പോൾ ഈ വിവരം  മുഖ്യ പ്രതികൾക്ക് സെൽഫോണിൽ  വിളിച്ചു നൽകിയ പ്രതിയാണ്. പതിനൊന്നാം പ്രതി പ്രദീപ്കുട്ടൻ കല്ല്യോട്ട് ഏച്ചിലടുക്കം സ്വദേശിയും കൊല നടത്താൻ ഗൂഢാലോചന നടത്തിയ ആളുമാണ്. ജാമ്യം ലഭിക്കാതെ ഇപ്പോഴും പ്രദീപൻ ജയിലിലാണ്.

12-ാം പ്രതി ആലക്കോട് മണികണ്ഠൻ പെരിയ ടൗണിലെ ചുമട്ടുതൊഴിലാളിയാണ്. വൃക്ക തകരാറായതിനാൽ  കോടതി മണികണ്ഠന് ജാമ്യം നൽകിയിരുന്നു. 13-ാം പ്രതി കെ. മണികണ്ഠൻ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടാണ്. കൊല നടന്ന 2019-ൽ  സിപിഎം പള്ളിക്കര ഏരിയാ സിക്രട്ടറിയായിരുന്നു മണികണ്ഠൻ. പ്രതികൾക്ക് പാക്കം വെളുത്തോളിയിൽ ഒളി സങ്കേതമൊരുക്കുകയും രക്തം പുരണ്ട വസ്ത്രങ്ങൾ കത്തിച്ചുകളയുകയും  തെളിവു നശിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്നതാണ് കെ. മണികണ്ഠന്റെ പേരിലുള്ള കുറ്റം.

14-ാം പ്രതി ബാലകൃഷ്ണൻ സിപിഎം പെരിയ ലോക്കൽ സിക്രട്ടറിയാണ്. 12, 13, 14 പ്രതികളെ കേസ്സ് ആദ്യം അന്വേഷിച്ച ക്രൈംബ്രാഞ്ചാണ് അറസ്റ്റ് ചെയ്തത്. ഹൊസ്ദുർഗ് ജുഡീഷ്യൽ മജിസ്ത്രേട്ട് രണ്ടാം കോടതി കെ. മണികണ്ഠനടക്കമുള്ള മൂന്ന് പ്രതികൾക്കും അന്നുതന്നെ ജാമ്യമനുവദിച്ചിരുന്നു. ഒന്നുമുതൽ 11 വരെയുള്ള മുഖ്യ പ്രതികൾ 2019 മുതൽ ആറര വർഷമായി ഇതുവരെ ജയിലിൽ റിമാൻഡ് തടവിലാണ്.  14 പ്രതികളെ ആദ്യം കേസ്സന്വേഷിച്ച ക്രൈംബ്രാഞ്ചാണ് അറസ്റ്റ് ചെയ്തത്. പിന്നീട് സുപ്രീംകോടതി ഉത്തരവനുസരിച്ച് കേസ്സ് ഏറ്റെടുത്ത സിബിഐ വീണ്ടും പത്തു പ്രതികളെക്കൂടി അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവർ താഴെപ്പറയുന്ന വരാണ്.

15-ാം പ്രതി സുരേന്ദ്രൻ, 16-ാം പ്രതി ശാസ്താ മധു, 17-ാം പ്രതി ഹരിപ്രസാദ്, 18-ാം പ്രതി റജി വർഗ്ഗീസ്, 19-ാം പ്രതി രാജേഷ് എന്ന രാജി.    15 മുതൽ 19 വരെയുള്ള പ്രതികളെ കാസർകോട്ടെ ക്യാമ്പ് ഓഫീസിൽ വിളിച്ചുവരുത്തിയാണ് സിബിഐ അറസ്റ്റ് ചെയ്തത്. ഈ അഞ്ചുപ്രതികൾ എറണാകുളം കാക്കനാട് ജയിലിലും മറ്റ് മുഖ്യ പ്രതികൾ തൃശ്ശൂർ വിയ്യൂർ ജയിലിലും റിമാൻഡ് തടവിൽ  കഴിയുകയാണ്. കേസ്സിൽ സിബിഐക്ക് വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ ബോബി ജോസഫും അസിസ്റ്റന്റ് അഭിഭാഷകൻ ഉദുമ സ്വദേശി കെ. പത്മനാഭനും, സിബിഐ കോടതിയിൽ ഹാജരായി. 

കേസ്സിൽ  മൊത്തം പ്രതികൾ 24 പേർ. ഇവരിൽ സിബിഐ അറസ്റ്റ് ചെയ്തത് പത്തു പേരെയാണ്. 2023 ഫിബ്രവരി 2–നാണ് കൊച്ചി സിബിഐ കോടതിയിൽ ഈ പ്രമാദ കൊലക്കേസ്സിന്റെ വിചാരണ ആരംഭിച്ചത്. സിബിഐ കോടതി ജഡ്ജ് കമനീസാണ് വിചാരണ മുഴുവൻ കേട്ടത്. സാക്ഷികൾ കോടതി മുമ്പാകെ നൽകുന്ന മൊഴികൾ അതാതു സമയം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിന് കോടതി  ആദ്യം തന്നെ വിലക്ക് കൽപ്പിച്ചതിനാൽ, ഒരു സാക്ഷി മൊഴിയും ഈ കേസ് സംബന്ധിച്ച ഇതര വാർത്തകളും ഇന്ത്യയിലെ ഒരു പത്രവും നാളിതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല എന്നത് ഈ ഇരട്ടക്കൊലക്കേസ്സിന്റെ പ്രത്യേകതയാണ്.

LatestDaily

Read Previous

കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ തെരുവുനായ്ക്കളുടെ റൂട്ട് മാർച്ച്

Read Next

ഒറ്റനമ്പറിൽ ലക്ഷങ്ങൾ തുലച്ച യുവാവ് പുഴയിൽച്ചാടി മരിച്ചു