ചികിത്സാ സഹായത്തിന്റെ പേരിൽ തട്ടിപ്പ് നടത്തിയ ജമാ അത്ത് ഭാരവാഹികൾക്കെതിരെ പരാതി

സ്വന്തം ലേഖകൻ

ബേക്കൽ: ചികിത്സാ സഹായത്തിനായി സ്വരൂപിച്ച തുകയിൽ വെട്ടിപ്പ് നടത്തിയെന്നാരോപിച്ച് ജമാ അത്ത് സിക്രട്ടറിക്കും ജോയിന്റ് സിക്രട്ടറിക്കുമെതിരെ പോലീസ്സിൽ പരാതി നൽകി. ബേക്കൽ പള്ളിക്കര പള്ളിപ്പുഴയിലെ അബൂബക്കറിന്റെ മകൻ ഏ. നൗഷാദാണ് 42, പള്ളിപ്പുഴ മൊഹിയുദ്ധീൻ മുസ്ലിം ജമാ അത്ത് കമ്മിറ്റി സിക്രട്ടറി കോടംകൈ ഡ്രീം ഹൗസിൽ പി.എം. ബദറുദ്ദീൻ 55, ജോയിന്റ് സിക്രട്ടറി പള്ളിപ്പുഴയിലെ നൂർ മുഹമ്മദ് 35 എന്നിവർക്കെതിരെ ബേക്കൽ പോലീസ്സിൽ പരാതി നൽകിയത്.

പള്ളിപ്പുഴ സി.എച്ച്. നഗർ റഹ്മാനിയ മസ്ജിദിൽ ഇമാമായിരുന്ന അബ്ദുൽ റസാഖ് മൗലവിയുടെ ഹൃദ്രോഗ ചികിത്സാർത്ഥം സ്വരൂപിച്ച തുക പള്ളിപ്പുഴ മൊഹിയുദ്ദീൻ മുസ്ലിം ജമാ അത്ത് കമ്മിറ്റി സിക്രട്ടറിയും, ജോയിന്റ് സിക്രട്ടറിയും ചേർന്ന് വെട്ടിച്ചുവെന്നാണ് നൗഷാദിന്റെ പരാതി. 2024 ജനുവരി 10–നാണ് അബ്ദുൾ റസാഖ് മൗലവിയുടെ ചികിത്സാർത്ഥം ജമാ അത്തിന്റെ വാട്സ് ആപ്പ് ഗ്രൂപ്പിൽ ജമാ അത്ത് സിക്രട്ടറി സന്ദേശമയച്ചത്. ചികിത്സാ സഹായത്തിന് ഗൂഗിൾ പേ വഴി പണമയക്കാൻ ബദറുദ്ദീനും, നൂർ മുഹമ്മദും സ്വന്തം നമ്പറുകളാണ് നൽകിയത്.

ഇരുവരുടെയും അക്കൗണ്ടുകളിലേക്ക് വന്ന തുക മുഴുവനായും ഹൃദ്രോഗിയായ അബ്ദുൾ റസാഖ് മൗലവിക്ക് ലഭിച്ചില്ലെന്ന് വ്യക്തമായതോടെ രണ്ടംഗ അന്വേഷണക്കമ്മീഷനെ നിയോഗിച്ചു. ഇവർ നടത്തിയ പരിശോധനയിൽ ചികിത്സാ സഹായം പൂർണ്ണമായും അബ്ദുൾ റസാഖ് മൗലവിക്ക് നൽകിയിട്ടില്ലെന്ന് വ്യക്തമായി. ഇതോടെയാണ് ജമാ അത്തംഗമായ ഏ. നൗഷാദ് പോലീസ്സിൽ പരാതി നൽകിയത്.

Read Previous

മടിക്കൈ പഞ്ചായത്തിന്റെ അവഗണനയ്ക്കെതിരെ നാട്ടുകാർ

Read Next

ചിറപ്പുറത്തെ പകൽക്കള്ളനെ കുടുക്കി നീലേശ്വരം പോലീസ്