ഒറ്റനമ്പറിൽ ലക്ഷങ്ങൾ തുലച്ച യുവാവ് പുഴയിൽച്ചാടി മരിച്ചു

സ്റ്റാഫ് ലേഖകൻ

കാഞ്ഞങ്ങാട്: ഒറ്റനമ്പർ ചൂതാട്ടത്തിൽ ലക്ഷങ്ങൾ നഷ്ടപ്പെട്ട സിമന്റ് വ്യാപാരിയായ യുവാവ് ചന്ദ്രഗിരിപ്പുഴയിൽച്ചാടി ആത്മഹത്യ ചെയ്തു. അജാനൂർ മുക്കൂട് സ്വദേശി അജി എന്ന് വിളിക്കുന്ന അജേഷാണ് 33, ഇന്നലെ വൈകുന്നേരം 4 മണിക്ക് ചന്ദ്രഗിരിപ്പാലത്തിൽ നിന്ന് പുഴയിൽച്ചാടിയത്. യുവാവ് പുഴയിൽച്ചാടുന്ന രംഗം നേരിൽക്കണ്ട കാൽനട യാത്രക്കാരിലൊരാൾ കാസർകോട് പോലീസിന് വിവരം നൽകിയതിനെ തുടർന്ന് പോലീസും അഗ്നിരക്ഷാ സേനയും പുഴയിൽ പരക്കെ തെരച്ചിൽ നടത്തിയെങ്കിലും, മൃതദേഹം കണ്ടുകിട്ടിയിരുന്നില്ല.

ഇന്ന് രാവിലെ കീഴൂർ കടപ്പുറത്ത് കരയ്ക്കടിഞ്ഞ അജേഷിന്റെ മൃതദേഹം കാസർകോട് ജനറൽ ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം പാർട്ടി പ്രവർത്തകരും ബന്ധുക്കളും ഏറ്റുവാങ്ങി .അജേഷ് ഡിവൈഎഫ്ഐ പ്രവർത്തകനാണ്. മുക്കൂട് ഇഎംഎസ് നഗറിലും, കളരിക്കാൽ അമ്പല പരിസരത്തും അജേഷിന് രണ്ട് സിമന്റ് വിൽപ്പന വ്യാപാര കേന്ദ്രങ്ങളുണ്ട്. സാമ്പത്തികമായി നല്ല നിലയിലായിരുന്ന അജേഷ് നിത്യവും വലിയ തുക ഒറ്റനമ്പറിൽ മുടക്കുമായിരുന്നു.

ഈയിടെ ഒരാഴ്ചയ്ക്കുള്ളിൽ മാത്രം ഒറ്റനമ്പറിൽ രണ്ടര ലക്ഷം രൂപ യുവാവിന് നഷ്ടപ്പെട്ടിട്ടുണ്ട്. മുക്കൂടുള്ള ഒരു വീടു നിർമ്മാണത്തിന് 500 ചാക്ക് സിമന്റ് ഇറക്കാൻ വീട്ടുടമ 2.5 ലക്ഷം രൂപ അജേഷിന് നൽകിയിരുന്നു. ജൂൺ 27–ന് വ്യാഴാഴ്ച സിമന്റ് ഇറക്കിത്തരാമെന്ന് അജേഷ് വീട്ടുടമയോട് സമ്മതിച്ചിരുന്നുവെങ്കിലും, സിമന്റ് ഇറക്കിക്കൊടുക്കാൻ അജേഷിന് കഴിഞ്ഞില്ല. സിമന്റ് ഇറക്കാത്തതിനെ തുടർന്ന് വീട്ടുടമ ഇന്നലെ അജേഷിന്റെ വീട്ടിലെത്തി പണം തിരിച്ചു ചോദിച്ചിരുന്നു.

ഉച്ചയോടെ വീട്ടിൽ  നിന്നിറങ്ങിയ അജേഷിന്റെ മൃതദേഹം ഇന്ന് രാവിലെ കീഴൂർ കടപ്പുറത്ത് കണ്ടെത്തുകയായിരുന്നു. അജേഷിന്റെ ഭാര്യ അമ്പലത്തറ കണ്ണോത്ത് സ്വദേശി ബാബുവിന്റെ മകൾ സജിനയാണ്.നാലും ഒന്നും വയസ്സുള്ള രണ്ട് പെൺകുട്ടികളുണ്ട്. മുക്കൂട് പാലക്കാൽ സ്വദേശി അച്യുതന്റെയും രാധയുടെയും മകനാണ്.

അജിയുടെ 5,80,000 രൂപ   കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ ചിത്താരി ചാമുണ്ഡിക്കുന്നിലെ ഒരു വൻഒറ്റനമ്പർ ചൂതാട്ടക്കാരന് ലഭിച്ചിട്ടുണ്ട്. ദുബായിലിരുന്ന് നാട്ടിൽ ഒറ്റനമ്പർ ചൂതാട്ടം നടത്തുന്ന യുവാവിന്റെ കെണിയിലാണ് അജി വീണത്. ചായ്യോത്ത് താമസക്കാരനായ ചിത്താരി ചാമുണ്ഡിക്കുന്ന് സ്വദേശിയുടെ ഒറ്റനമ്പർ കെണിയിലും അജീഷ് വീണിട്ടുണ്ട്.

LatestDaily

Read Previous

പെരിയ ഇരട്ടക്കൊലക്കേസ്സിൽ വിചാരണ പൂർത്തിയായി- കേസ്സിൽ മൊത്തം 24 പ്രതികൾ

Read Next

ലൈംഗികാഭ്യർത്ഥന: യുവാവിനെതിരെ നടപടിയില്ല