ചിറപ്പുറത്തെ പകൽക്കള്ളനെ കുടുക്കി നീലേശ്വരം പോലീസ്

സ്വന്തം ലേഖകൻ

നീലേശ്വരം: നീലേശ്വരം ചിറപ്പുറം ആലിങ്കീഴിൽ സിഐടിയു നേതാവിന്റെ വീട് കുത്തിത്തുറന്ന് പതിനേഴരപ്പവൻ സ്വർണ്ണാഭരണങ്ങളും പണവും കവർന്ന പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ കുടുക്കി നീലേശ്വരം പോലീസ്. ഓട്ടോ ഡ്രൈവേഴ്സ് യൂണിയൻ സിഐടിയു നേതാവ് ഒ.വി. രവീന്ദ്രന്റെ വീട്ടിലാണ് ഇന്നലെ ഉച്ചയ്ക്ക് 2.30 മണിക്കും വൈകുന്നേരം 4.30 മണിക്കുമിടയിൽ കവർച്ച നടന്നത്. വീട്ടുകാർ പുറത്തുപോയ തക്കം നോക്കി വീട് കുത്തിത്തുറന്ന് കയറിയ മോഷ്ടാവ്  അലമാരയ്ക്കകത്ത് സൂക്ഷിച്ചിരുന്ന 17.5 പവൻ സ്വർണ്ണവും 8000 രൂപയും കവരുകയായിരുന്നു.

വീട്ടിലെ നിരീക്ഷണ ക്യാമറയിൽ പതിഞ്ഞ മോഷ്ടാവിന്റെ തെളിമയാർന്ന ചിത്രം പ്രതിയെ എളുപ്പത്തിൽ തിരിച്ചറിയാൻ സാധിച്ചു.  നീലേശ്വരം പോലീസ് ഇൻസ്പെക്ടർ കെ.വി. ഉമേശന്റെ നേതൃത്വത്തിൽ എസ്.ഐ. കെ.വി. രതീശനും സംഘവുമാണ് മോഷ്ടാവായ കൊട്ടാരക്കര ഇടയ്ക്കിടത്തെ സുനിൽരാജിന്റെ മകൻ അഭിരാജിനെ 29, കോഴിക്കോട് നിന്നും പിടികൂടിയത്. ഒ.വി. രവിയുടെ മകൾ രമ്യ തിരുവന്തപുരത്താണ് ജോലി ചെയ്യുന്നത്. ഇവർ വീട്ടിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണമടക്കമാണ് കവർച്ച ചെയ്യപ്പെട്ടത്.

Read Previous

ചികിത്സാ സഹായത്തിന്റെ പേരിൽ തട്ടിപ്പ് നടത്തിയ ജമാ അത്ത് ഭാരവാഹികൾക്കെതിരെ പരാതി

Read Next

ഒറ്റനമ്പർ ബോസുമാരുടെ വിവരങ്ങൾ തേടുന്നു