മടിക്കൈ പഞ്ചായത്തിന്റെ അവഗണനയ്ക്കെതിരെ നാട്ടുകാർ

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട്: മടിക്കൈ പഞ്ചായത്ത് രണ്ടാംവാർഡിലുൾപ്പെടെ വെള്ളച്ചേരി—തലക്കാനം റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാത്ത പഞ്ചായത്തിനെതിരെ ജനരോഷമുയരുന്നു. നാലുപതിറ്റാണ്ട് മുമ്പ് നാട്ടുകാർ ശ്രമദാനത്തിലൂടെ നിർമ്മിച്ച വെള്ളച്ചേരി—തലക്കാനം റോഡ് പഞ്ചായത്ത് ഏറ്റെടുത്തുവെങ്കിലും ഒരു കിലോമീറ്ററോളം ദൈർഘ്യം വരുന്ന പഞ്ചായത്ത് റോഡ് പൂർണ്ണമായി ടാർ ചെയ്യാൻ പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും ഭരണ സമിതിക്കായിട്ടില്ല.

മൂന്ന് വർഷം മുമ്പ് 350 മീറ്ററോളം ദൈർഘ്യത്തിൽ പഞ്ചായത്ത് ഫണ്ടുപയോഗിച്ച് ടാറിങ്ങ് നടത്തിയിരുന്നു. ബാക്കിയുള്ള ഭാഗം ടാർ ചെയ്യാതെ ഒഴിച്ചിട്ടിരിക്കുകയായാണ്. കാരാക്കോട് സോളാർ പാർക്കിലെത്താനുള്ള എഴുപ്പ വഴി കൂടിയാണിത്. റോഡ് ടാർ ചെയ്ത് ഗതാഗത യോഗ്യമാക്കിയാൽ കാരാക്കോട്, വെള്ളച്ചേരി, തലക്കാനം പ്രദേശങ്ങളിലുള്ളവർക്ക് മടിക്കൈ മാടം ക്ഷേത്രം വഴി എളുപ്പത്തിൽ കാഞ്ഞങ്ങാട്ടെത്താം.

സമാനമായ അവസ്ഥ തന്നെയാണ് മടിക്കൈ പഞ്ചായത്തിലെ കാരിക്കുന്ന്—തലക്കാനം റോഡിനുമെന്ന് നാട്ടുകാർ പറയുന്നു. സിപിഎമ്മിന് വൻഭൂരിപക്ഷമുള്ളപഞ്ചായത്തിൽ പാർട്ടി അനുഭാവികൾ തന്നെയാണ് അവഗണന സഹിക്കുന്നത്. നാട്ടുകാരുടെ പ്രതിഷേധത്തിന്റെ ഭാഗമായി പഞ്ചായത്ത് ഭരണസമിതിക്കെതിരെ ബാനർ കെട്ടി പ്രതിഷേധിച്ചിരുന്നു.

LatestDaily

Read Previous

ലൈംഗികാഭ്യർത്ഥന: യുവാവിനെതിരെ നടപടിയില്ല

Read Next

ചികിത്സാ സഹായത്തിന്റെ പേരിൽ തട്ടിപ്പ് നടത്തിയ ജമാ അത്ത് ഭാരവാഹികൾക്കെതിരെ പരാതി