ശ്രുതിയുടെ ഹണിട്രാപ്പ് സംഘത്തിൽ കൂടുതൽപ്പേർ

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട്: യുവാക്കളെ ഹണിട്രാപ്പിൽപ്പെടുത്തി പണം തട്ടിയെടുക്കുന്ന ചെമ്മനാട് കൊമ്പനടുക്കം ശ്രുതി ചന്ദ്രശേഖരന്റെ തട്ടിപ്പിന് പിന്നിൽ കൂടുതൽ പേരുണ്ടെന്ന സംശയം ബലപ്പെടുന്നു. യുവാക്കളെ വശീകരിച്ച് വിവാഹ വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയെടുത്ത് മുങ്ങുന്ന ശ്രുതി പണം സ്വീകരിക്കുന്നത് സ്വന്തം അക്കൗണ്ടിലല്ലെന്ന് വ്യക്തമായതോടെയാണ് ഹണിട്രാപ്പിൽ കൂടുതൽപ്പേരുണ്ടെന്ന സംശയമുയർന്നത്.

വിവാഹിതയും രണ്ട് മക്കളുടെ മാതാവുമായ ശ്രുതി ഇവയെല്ലാം മറച്ചുവെച്ചാണ് നിരവധി പേരെ കെണിയിൽ വീഴ്ത്തിയത്. അമ്പലത്തറയിലെ ജിം പരിശീലകനിൽ നിന്നും യുവതി ലക്ഷങ്ങൾ തട്ടിയെടുത്തതും, തന്ത്രപരമായാണ്. ശരീര സൗന്ദര്യം വർദ്ധിപ്പിക്കാനെന്ന പേരിൽ ജിംനേഷ്യത്തിൽ പരിശീലനത്തിന് വന്ന യുവതി തന്ത്രപരമായാണ് അമ്പലത്തറ സ്വദേശിയായ ജിം പരിശീലകനെ വളച്ചെടുത്തത്. 2024 ജനുവരിയിലാണ് ശ്രുതി ജിം പരിശീലകനെ പരിചയപ്പെട്ടത്.

കാസർകോട് ഏരിയാൽ സ്വദേശിയായ ഡോക്ടറുമായി തന്റെ വിവാഹമുറപ്പിച്ചുവെന്നവകാശപ്പെട്ട ശ്രുതി ജിം പരിശീലകനെ വ്യാജമായി തയ്യാറാക്കിയ വിവാഹ ക്ഷണക്കത്തും കാണിച്ചിരുന്നു. ഈ വിവാഹം തനിക്കിഷ്ടമല്ലെന്ന് പറഞ്ഞ യുവതി ജിം പരിശീലകനെ വിവാഹം കഴിക്കാൻ താൽപ്പര്യം പ്രകടിപ്പിച്ചു. മാണിക്കോത്തെ ശ്രുജിത്ത് നിവാസിൽ പരേതനായ ചന്ദ്രശേഖരന്റെയും ഷീലയുടെയും മകളെന്ന പേരിൽ അച്ചടിച്ച വ്യാജ ക്ഷണക്കത്ത് തയ്യാറാക്കിയത് കാഞ്ഞങ്ങാട്ടെ ഒരു പ്രസ്സിലാണ്.

പ്രസ്തുത ക്ഷണക്കത്ത് പ്രസ്സിൽ നിന്നും കൊണ്ടുപോയത് ഒരു യുവാവാണെന്ന് വ്യക്തമായതോടെയാണ് ശ്രുതിയുടെ തട്ടിപ്പ് സംഘത്തിൽ കൂടുതൽപ്പേരുണ്ടെന്ന സംശയമുയരുന്നത്. വിവാഹിതയും രണ്ട് മക്കളുടെ മാതാവുമായ ശ്രുതി ഭർത്താവുമായി അകന്ന് കഴിയുകയാണ്. പ്രവാസിയായ ഭർത്താവിനെതിരെ ഇവർ കോടതിയിൽ വിവാഹമോചനത്തിന് കേസ് കൊടുത്തിട്ടുണ്ട്.

അമ്പലത്തറ ജിം പരിശീലകനിൽ നിന്നും 4 ലക്ഷം രൂപ തട്ടിയെടുത്ത   യുവതി പണം തിരിച്ചു ചോദിച്ചപ്പോൾ ആത്മഹത്യാനാടകം നടത്തി മംഗളൂരുവിലെ ആശുപത്രിയിൽ കിടന്നു. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ശ്രുതി ജിം പരിശീലകൻ തന്നെ ബലാത്സംഗത്തിനിരയാക്കിയെന്ന് പോലീസിന് മൊഴിയും നൽകി. ഇതോടെയാണ് അമ്പലത്തറ സ്വദേശി കർണ്ണാടകയിൽ റിമാന്റിലായത്.

പരാതികൾ വ്യാപകമായതോടെ നാട്ടിൽ നിന്നും മുങ്ങിയ ശ്രുതിക്കെതിരെ കഴിഞ്ഞ ദിവസം അമ്പലത്തറ പോലീസിലും, കാസർകോട് പോലീസിലും പരാതിയെത്തിയിരുന്നു. കാസർകോട് പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന സ്ത്രീയിൽ നിന്നും 10 പവൻ സ്വർണ്ണവും 2 ലക്ഷം രൂപയും ശ്രുതി തട്ടിയെടുത്തുവെന്നാണ് സൂചന. തനിക്കെതിരെ പരാതി നൽകിയവരെ ശ്രുതി മക്കളെയുപയോഗിച്ച് പോക്സോ കേസ്സിൽ കുടുക്കിയിട്ടുണ്ടെന്നാണ് ഒടുവിൽ കിട്ടിയ വിവരം.

LatestDaily

Read Previous

ദൃക്സാക്ഷിയില്ലാത്ത മൂന്നാമത്തെ കേസ്സുമായി ഇൻസ്പെക്ടർ ആസാദ്

Read Next

പുഴയിൽ വീണ കാറിലകപ്പെട്ടവർ രക്ഷപ്പെട്ടു