ദൃക്സാക്ഷിയില്ലാത്ത മൂന്നാമത്തെ കേസ്സുമായി ഇൻസ്പെക്ടർ ആസാദ്

സ്റ്റാഫ് ലേഖകൻ

കാഞ്ഞങ്ങാട്: ദൃക്സാക്ഷികൾ ആരുമില്ലാതിരുന്ന ഒരു കൊലക്കേസ്സടക്കം രണ്ട് കേസ്സുകളിൽ തലശ്ശേരി കോടതിയുടെ കനത്ത ശിക്ഷ വാങ്ങിക്കൊടുത്ത കുറ്റാന്വേഷകൻ ഇൻസ്പെക്ടർ എം.പി. ആസാദ് ഒരു ദൃക്സാക്ഷി പോലുമില്ലാത്ത കാഞ്ഞങ്ങാട്ടെ ഞാണിക്കടവ് ലൈംഗിക പീഡനക്കേസ്സിലും കുറ്റപത്രം സമർപ്പിച്ചു. കാസർകോട് അഡീഷണൽ ജില്ലാ സെഷൻസ് കോടതിയിൽ ജൂൺ 24–നാണ് ഞാണിക്കടവ് പെൺകുട്ടിയെ പുലർകാലം ചുമന്നുകൊണ്ടുപോയി പാടത്തെ പച്ചപ്പിൽ ലൈംഗികമായി പീഡിപ്പിച്ച പ്രമാദമായ കേസ്സിന്റെ കുറ്റപത്രം ഇൻസ്പെക്ടർ എം.പി. ആസാദ് സമർപ്പിച്ചത്.

തലശ്ശേരി, പാനൂർ പ്രദേശ പരിധിയിൽ വള്ളിയായി പ്രദേശത്തെ വിഷ്ണുപ്രിയയെ 24, ആദ്യ കാമുകൻ വെട്ടിക്കൊലപ്പെടുത്തിയ കേസ്സിൽ ഒരു ദൃക്സാക്ഷിപോലുമുണ്ടായിരുന്നില്ല. അന്ന് പാനൂർ പോലീസ് ഇൻസ്പെക്ടറായിരുന്ന ആസാദാണ് ശ്രദ്ധയാകർഷിച്ച വിഷ്ണുപ്രിയ കൊലക്കേസ്സ് അന്വേഷിച്ച് കുറ്റപത്രം കോടതിയിലെത്തിച്ചത്.

2022 ഒക്ടോബർ 22ന് രാവിലെ 11 മണിക്ക് വീട്ടിൽ വിഷ്ണുപ്രിയ തനിച്ചുള്ളപ്പോൾ, രണ്ടാം കാമുകനുമായി വീഡിയോ കോളിൽ സംസാരിച്ചുകൊണ്ടിരിക്കെ, ബൈക്കിലെത്തിയ പ്രതി ശ്യാംജിത് 27, വീട്ടിലെ കിടപ്പുമുറിയിൽ കയറി വിഷ്ണുപ്രിയയുടെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേരളം നടുങ്ങിയ കേസ്സിൽ ദൃക്സാക്ഷികൾ ആരുമില്ലായിരുന്നു. ഈ കേസ്സിൽ പ്രതി ശ്യാംജിത്തിന് തലശ്ശേരി ഒന്നാം അഡീഷണൽ സെഷൻസ് ജഡ്ജ് എ.വി. മൃദുല, ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു.

ഭാര്യയെ ഡാം കാണിക്കാനെന്ന വ്യാജേന ബൈക്കിൽ കയറ്റിക്കൊണ്ടുപോയി പുഴയിൽ തള്ളിയിട്ട് കൊല്ലാൻ ശ്രമിച്ച കോടതി  ജീവനക്കാരനെതിരെയുള്ള കേസ്സിലും ദൃക്സാക്ഷികളില്ലായിരുന്നു. 2021 ഒക്ടോബർ 15നാണ് തലശ്ശേരി കോടതി ജീവനക്കാരനായിരുന്ന പാട്യം പത്തായക്കുന്നിലെ കെ.പി. ഷിനു 45, ഭാര്യയും അധ്യാപികയുമായ സോന, മകൾ അൻവിയ എന്നിവരെ പാത്തിപ്പാലത്തെ ജല അതോറിറ്റിയുടെ അണക്കെട്ട് കാണിക്കാനെന്ന വ്യാജേന ബൈക്കിൽ കയറ്റിക്കൊണ്ടുപോയി പുഴയിൽ തള്ളിയിട്ടത്.

പുഴയിൽ വീണ കുട്ടി മരിക്കുകയും, സോന രക്ഷപ്പെടുകയും ചെയ്ത സംഭവത്തിൽ ദൃക്സാക്ഷികളുണ്ടായിരുന്നില്ലെങ്കിലും, ശാസ്ത്രീയമായ കുറ്റാന്വേഷണത്തിലൂടെ പോലീസ് ഇൻസ്പെക്ടർ എം.പി. ആസാദ് കുറ്റം തെളിയിച്ചു. പ്രസ്തുത കേസ്സിലും കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. ആസാദ് അന്വേഷിച്ച ദൃക്സാക്ഷികളില്ലാത്ത മൂന്നാമത്തെ പ്രമാദമായ ലൈംഗിക പീഡനക്കേസ്സിലും ദൃക്സാക്ഷികൾ ആരുമില്ലെങ്കിലും ശാസ്ത്രീയ തെളിവുകൾ ധാരാളമാണ്. അഞ്ചിലധികം സിസിടിവി ദൃശ്യങ്ങളിൽ പ്രതി സൽമാൻ സംഭവദിവസം നടന്നുപോകുന്ന ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്.

ലൈംഗിക പീഡനത്തിന് ശേഷം പ്രതി സൽമാൻ 36, പരശുരാം എക്സ്പ്രസ്സിന് തലശ്ശേരിയിലേക്ക് പോകാൻ കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിലേക്ക് നടന്നുപോകുന്ന ദൃശ്യങ്ങളും കൃത്യമായി ലഭിച്ചിട്ടുണ്ട്. പീഡന സംഭവത്തിന് ശേഷം പെൺകുട്ടി തൊട്ടടുത്തുള്ള വീട്ടിലെത്തി കാര്യം പറഞ്ഞ ഗൃഹനാഥ ഈ കേസ്സിൽ പ്രധാന സാക്ഷിയാണ്.ഒന്നാംസാക്ഷി പെൺകുട്ടി തന്നെയാണ്. വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന പത്തു വയസ്സുകാരിയെ പുലർകാലം 4 മണിയോടെ ഉറക്കത്തിൽ ചുമന്നുകൊണ്ടുപോയി അരക്കിലോമീറ്റർ ദൂരെ പാടത്തെ പച്ചപ്പിൽ ലൈംഗികമായി പീഡിപ്പിച്ച ഈ കേസ്സിൽ ഒമ്പതാംനാൾ ആന്ധ്രയിലാണ് പ്രതി കർണ്ണാടക കുടകിലെ നാപ്പോക്ക് സ്വദേശി സൽമാൻ പോലീസ് പിടിയിലായത്.

പ്രതി ഇപ്പോൾ ജയിലിലാണ്. കുറ്റപത്രം കോടതിയിലെത്തിയതിനാൽ വിചാരണയ്ക്ക് ശേഷം പ്രതി ശിക്ഷിക്കപ്പെട്ടാൽ നേരെ ജയിലിലേക്ക് കൊണ്ടുപോകും. പത്തുവയസ്സുകാരിയെ പീഡിപ്പിച്ച കേസ്സായതിനാൽ ശിക്ഷ ചുരുങ്ങിയത് 50 വർഷത്തിന് മുകളിലായാൽ 85–ാം വയസ്സിലായിരിക്കും പ്രതി ജയിൽ മോചിതനാവുക.

LatestDaily

Read Previous

വിസ തട്ടിപ്പ്: ദമ്പതികൾക്ക് എതിരെ കേസ്

Read Next

ശ്രുതിയുടെ ഹണിട്രാപ്പ് സംഘത്തിൽ കൂടുതൽപ്പേർ