ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ടി. മുഹമ്മദ് അസ്്ലം
അബുദാബി: ഡെങ്കിപ്പനി ബാധിച്ച് മരിക്കുന്ന പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിൽ പ്രതിസന്ധി. യുഏഇയിൽ മൃതദേഹം എംബാം ചെയ്യാത്തതിനാൽ ഇന്ത്യയിലെ വിമാനക്കമ്പനികൾ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാൻ തയ്യാറാവാത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. യുഏഇയിൽ നിന്ന് എംബാം ചെയ്യാത്ത മൃതദേഹങ്ങൾ കൊണ്ടുപോകുന്നത് ദുബായ് കേന്ദ്രമായുള്ള എമിറേറ്റ്സ് വിമാനക്കമ്പനി മാത്രമാണ്. കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കും മാത്രമാണ് നിലവിൽ എമിറേറ്റ് എയർലൈൻ നിന്ന് സർവ്വീസുള്ളത്.
തിരുവനന്തപുരത്തേക്ക് ദിവസവും രാവിലെ 9.30ന് പുറപ്പെടുന്ന ഒരു സർവ്വീസും കൊച്ചിയിലേക്ക് പുലർച്ചെയുള്ള രണ്ട് സർവ്വീസുമാണിത്. കണ്ണൂരിലേക്കും കോഴിക്കോട്ടേക്കും എമിറേറ്റ്സിന് സർവ്വീസില്ല. ഇത് കാരണം കഴിഞ്ഞ ദിവസം ഡെങ്കിപ്പനി ബാധിച്ച് മരിച്ച കണ്ണൂരിലെ 50കാരിയുടെ മൃതദേഹം കൊച്ചിയിലെത്തിച്ച് അവിടെ നിന്ന് ഫ്രീസർ സംവിധാനമുള്ള ആംബുലൻസിലാണ് കണ്ണൂരിലെത്തിച്ചത്.
പ്രവാസികളുടെ ബന്ധുക്കൾക്ക് ഇത് വലിയ ബുദ്ധിമുട്ടും മാനസിക പ്രയാസങ്ങളുമുണ്ടാക്കി. ഈ മാസം 21ന് മരിച്ച തിരുവനന്തപുരത്തെ 30 കാരന്റെ മൃതദേഹം മൂന്ന് ദിവസം കഴിഞ്ഞാണ് നാട്ടിലെത്തിക്കാനായത്. ആറു മാസം മുമ്പ് കേന്ദ്ര സർക്കാർ കൊണ്ടുവന്ന നിയമത്തിന്റെ പശ്ചാത്തലത്തിലാണ് എംബാം ചെയ്യാത്ത മൃതദേഹങ്ങൾ നാട്ടിലെത്തിക്കുക പ്രയാസകരമായത്.
മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകണമെങ്കിൽ എംബാം ചെയ്ത സർട്ടിഫിക്കറ്റ് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോവുന്ന എയർലൈൻസിന് നൽകണം. ഇപ്രകാരം ബന്ധപ്പെട്ട എയർലൈൻസ് അവരുടെ ദൽഹി ഓഫീസിലേക്കയച്ച് അനുമതി വാങ്ങിയാൽ മാത്രമേ മൃതദേഹം കൊണ്ടുപോകാനാകുകയുള്ളൂ. ദൽഹിയിൽ നിന്ന് അനുമതി ലഭിക്കാൻ കാലതാമസം നേരിടുന്നതായി ഈ രംഗത്ത് പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനകളും പ്രവർത്തകരും പറഞ്ഞു.