പൊതുപ്രവർത്തകന്റെ ദുരൂഹ മരണത്തിൽ അന്വേഷണം വേണമെന്ന് ആവശ്യം

പയ്യന്നൂര്‍: ഹരിയാനയിലെ ഛണ്ഡീഗഡില്‍  ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട പൊതു പ്രവര്‍ത്തകന്‍ മെഹ്‌റൂഫ് കേളോത്തിന്റെ മരണത്തിലെ ദുരൂഹത നീക്കണമെന്നും സമഗ്രമായ അന്വേഷണത്തിലൂടെ സത്യാവസ്ഥ പുറത്തു കൊണ്ടുവരണമെന്നും പയ്യന്നൂര്‍ പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയും ഫ്ലൈ പയ്യന്നൂരും ജൂനിയര്‍ ചേമ്പറും സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

പയ്യന്നൂര്‍ കേളോത്തെ പരേതനായ കെ.പി.ഉസൈനാറുടെ മകന്‍ മെഹ്‌റൂഫ് കേളോത്തിന്റെ 49, മരണത്തിലെ ദുരൂഹത നീക്കാനാണ് ആവശ്യമുയരുന്നത്. പാലിയേറ്റീവിലൂടേയും ഫ്‌ളൈയിലൂടേയും പ്രവർത്തന രംഗത്ത് സജീവമായിരുന്ന മെഹ്‌റൂഫ് ബാംഗ്‌ളൂരുവിലെ കാര്‍ ഷോറൂമില്‍ ജോലി ചെയ്തുവരികയായിരുന്നു. ജോലി ആവശ്യാർത്ഥം  കാനഡയിലേക്ക് പോകാന്‍ തീരുമാനിച്ച ശേഷം ഓൺലൈൻ വഴി ചണ്ഡീഗഡിലെ ഏജന്‍സിയുമായി ബന്ധപ്പെട്ടതും. ഏജന്‍സി ആവശ്യപ്പെട്ട പ്രകാരം 50,000 രൂപയും വിസക്കായി കൈമാറിയിരുന്നു. പിന്നീട് ഏജന്‍സിയില്‍നിന്നും വിവരങ്ങളൊന്നും ലഭിക്കാത്തതിനെ തുടര്‍ന്ന്  അന്വേഷിക്കാനായാണ് കഴിഞ്ഞ മാസം 25ന് മെഹ്‌റൂഫ് ചണ്ഡീഗഡിലെത്തുന്നത്.

അന്നേ ദിവസം മുതൽ 29വരെയുള്ള ദിവസങ്ങളിൽ കണ്ണൂരിലെ ഫ്ളൈ അംഗമായ അജിതയുമായി ഫോണ്‍ വഴി വിവരങ്ങള്‍ അറിയിച്ചിരുന്നു. പിന്നീടുള്ള ദിവസങ്ങളില്‍ യാതൊരു വിവരവും ലഭിച്ചില്ല. ഈമാസം അഞ്ചിനാണ് ചണ്ഡീഗഡ് പോലീസ് അജിതയെ വിളിച്ച് മെഹറൂഫിന്റെ മരണ വിവരം അറിയിച്ചത്. ചണ്ഡീഗഡ് റെയിൽവേ സ്റ്റേഷന് പുറത്തേക്കുള്ള ഗേറ്റ് പരിസരത്തു നിന്നും മൃതദേഹം അഴുകിയ നിലയില്‍ ലഭിച്ചെന്നാണ് ചണ്ഡീഗഡ് പോലീസ് അറിയിച്ചത്. 

പോലീസ് വിവരമറിയിച്ചതിനെ തുടർന്ന് അവിടെയെത്തിയ സഹോദരന്‍ മൃതദേഹം നാട്ടിലെത്തിക്കാന്‍ പറ്റാത്തവിധം ജീർണ്ണിച്ചതിനാൽ ചണ്ഡീഗഡിൽ  സംസ്‌കരിക്കുകയായിരുന്നു. സാമൂഹ്യ പ്രവർത്തകനായ മെഹ്‌റൂഫിന്റെ മരണകാരണം കണ്ടെത്താന്‍ സമഗ്രമായ അന്വേഷണം ആവശ്യമാണെന്നാണ് മെഹ്‌റൂഫ് പ്രവര്‍ത്തിച്ചിരുന്ന സംഘടനകള്‍ സംയുക്ത പ്രസ്താവനയിലൂടെ ആവശ്യപ്പെടുന്നത്.

LatestDaily

Read Previous

നഷ്ടപ്പെട്ട 139 മൊബൈൽ ഫോണുകൾ കണ്ടെത്തി

Read Next

പാർട്ടി ഓഫീസ് നിർമ്മാണത്തിന് സ്വകാര്യ വ്യക്തിയുടെ സ്ഥലം കയ്യേറി