ഹോട്ടലുടമയുടെ കാറുകൾ അടിച്ചു തകർത്ത കേസ്സിൽ 3 ക്വട്ടേഷൻ പ്രതികൾ അറസ്റ്റിൽ

ഇടതുകൈയ്യനെ കണ്ടെത്തിയത് അറസ്റ്റ് എളുപ്പമാക്കി

സ്റ്റാഫ് ലേഖകൻ

കാഞ്ഞങ്ങാട്:കാഞ്ഞങ്ങാട് സൗത്തിൽ താമസിക്കുന്ന ഹോട്ടലുടമ മുഹ്സിതിന്റെ വിലപിടിപ്പുള്ള രണ്ട് കാറുകൾ പാതിരായ്ക്ക് വീട്ടുമുറ്റത്ത് അടിച്ചുപൊളിച്ച കേസ്സിൽ കാഞ്ഞങ്ങാട്ടുകാരായ മൂന്ന് ക്വട്ടേഷൻ സംഘാംഗങ്ങൾ അറസ്റ്റിൽ. യാതൊരു തെളിവുമില്ലാതിരുന്ന കേസ്സിൽ സിസിടിവി ദൃശ്യത്തിൽ മുഖം പൂർണ്ണമായി മറച്ച പ്രതികളിൽ ഒരാൾ കാറിന്റെ ചില്ലുകൾ ഇരുമ്പ് വടികൊണ്ട് അടിച്ചുപൊളിച്ചത് ഇടതുകൈകൊണ്ടായിരുന്നു.

ഇടതുകൈ പ്രയോഗിക്കുന്ന പോലീസിന്റെ ക്രൈം പട്ടികയിലുള്ള പ്രതികളെ തിരക്കിയപ്പോഴാണ്, മുൻ കാപ്പ പ്രതി അജാനൂർ ഇട്ടമ്മലിൽ താമസിക്കുന്ന അബ്ദുൾ റഹിമാന്റെ മകൻ മുഹമ്മദ് നബീലിലേക്ക്  30, അന്വേഷണമെത്തിയത്. 2024 മാർച്ച് 6ന് പുലർകാലം 2–30 മണിക്ക് സൗത്തിലെ ആയിഷാ കോമ്പൗണ്ടിലുള്ള ഹോട്ടലുടമയുടെ വീട്ടുമുറ്റത്ത് നിർത്തിയ ടൊയോട്ട ഫോർച്യൂണർ കാറും ഐ–20 കാറും പൂർണ്ണമായും മൂന്ന് പ്രതികൾ അടിച്ചു തകർക്കുകയായിരുന്നു.

അക്രമത്തിന് ശേഷം പ്രതികൾ ലേറ്റസ്റ്റ് പത്രമാപ്പീസിന് പടിഞ്ഞാറു ഭാഗത്ത് നിന്ന് കല്ലംചിറ റോഡിലേക്ക് നിർമ്മിച്ച പുതിയ റോഡുവഴിയാണ്  രക്ഷപ്പെട്ടതെന്ന് ഈ പരിസരത്തെ ഒരു വീട്ടിൽ ഘടിപ്പിച്ച സിസിടിവി ദൃശ്യത്തിൽ കണ്ടെത്തിയിരുന്നു. ഈ ദൃശ്യത്തിൽ പ്രതികൾ മൂന്നുപേരും മുഖംമൂടി മാറ്റിയതായും കണ്ടെത്തി. ഇട്ടമ്മൽ മുഹമ്മദ് നബീൽ 30, പുല്ലൂർ സ്വദേശി പ്രസാദിന്റെ മകൻ വിഷ്ണുപ്രസാദ് 26, പുല്ലൂരിലെ ദീപു ഘോഷിന്റെ മകൻ ആഷിഷ് ഘോഷ് 27, എന്നിവരെ ഹൊസ്ദുർഗ്ഗ് ഇൻസ്പെക്ടർ എം.പി. ആസാദ് അറസ്റ്റ് ചെയ്തത് ഇന്നലെയാണ്.

കേസ്സിൽ പരാതിക്കാരൻ ഹോട്ടലുടമ മുഹ്സിതിന്റെ സഹോദരിയും ഭർത്താവ് വടകര മുക്കിലെ ജൗഷിദും തമ്മിൽ ഒരു സ്ത്രീധന പീഡനക്കേസ്സ് നിലവിലുണ്ട്. ഈ കേസ്സിനെ തുടർന്നുണ്ടായ പകയിൽ ജൗഷിദാണ് കാറുകൾ തകർക്കാൻ പ്രതികൾക്ക് ക്വട്ടേഷൻ നൽകിയതെന്ന നിഗമനത്തിലാണ് പോലീസ് അന്വേഷസംഘമെത്തിയിട്ടുള്ളതെങ്കിലും, ജൗഷിദിനെ  കേസ്സിൽ പ്രതി ചേർത്തിട്ടില്ല. ജൗഷിദുമായുള്ള പണമിടപാട് തർക്കത്തെത്തുടർന്നാണ് ജൗഷിദിന്റെ ഭാര്യാസഹോദരന്റെ കാറുകൾ അടിച്ചുതകർത്തതെന്ന് പ്രതികൾ മൊഴി നൽകിയിട്ടുണ്ട്. ഈ മൊഴി പോലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. കാറുകൾ തകർത്ത സംഭവത്തിൽ മൂന്നര ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ട്.

LatestDaily

Read Previous

പരസ്യ മദ്യപാനത്തിന് പിടിയിലായത് കോൺഗ്രസ് കാഞ്ഞങ്ങാട് മണ്ഡലം സെക്രട്ടറി

Read Next

മഹാകവി പി സ്മാരകം കിലയ്ക്ക് പാട്ടത്തിന് നൽകി; കടുത്ത പ്രതിഷേധം