അബ്ദുൾ ഗഫൂർ ഹണിട്രാപ്പിൽപ്പെട്ടുവെന്ന് സംശയം,ആത്മഹത്യ ചെയ്ത പ്രവാസിയുടെ 1.10 കോടി പോയ വഴിയില്ല

ഡ്രൈവർ അബ്ദുൾ റസാക്കിനെ പോലീസ് ചോദ്യം ചെയ്യും

സ്റ്റാഫ് ലേഖകൻ

കാഞ്ഞങ്ങാട്: സാമ്പത്തിക തകർച്ചയെത്തുടർന്ന് ജീവിതമവസാനിപ്പിച്ച അജാനൂർ പടിഞ്ഞാറേക്കര പ്രവാസി അബ്ദുൾ ഗഫൂറിന്റെ ഒരു കോടി 10 ലക്ഷം രൂപ പോയ വഴിയില്ല. കാഞ്ഞങ്ങാട് – കാസർകോട് കെഎസ്ടിപി റോഡിൽ മൻസൂർ ആശുപത്രി ജംഗ്ഷനിൽ നിന്ന് കിഴക്കോട്ട് പോകുന്ന  പടിഞ്ഞാറേക്കര റോഡരികിൽ കണ്ണായ 13 സെന്റ് ഭൂമി മൂന്ന് മാസം മുമ്പ് അബ്ദുൾ ഗഫൂർ വിൽപ്പന നടത്തിയത് തെക്കേപ്പുറത്തുള്ള റോയൽ പാലസ്  കെട്ടിടമുടമകൾക്കാണ്.

സെന്റിന് 13 ലക്ഷം രൂപ വിലയ്ക്ക് 1 കോടി 69 ലക്ഷം രൂപയ്ക്കാണ് അബ്ദുൾ ഗഫൂർ വിൽപ്പന നടത്തിയത്. ഈ പണത്തിൽ 40 ലക്ഷം രൂപ അബുദാബിയിലെ അബ്ദുൾ ഗഫൂറടക്കമുള്ള പാർട്ട്ണർമാരുടെ കട കൈമാറിയതിലുണ്ടായ കടം വീട്ടി. 10 ലക്ഷം രൂപ മുടക്കി അബ്ദുൾ ഗഫൂർ ഒരു പുത്തൻ മാരുതി സ്വിഫ്റ്റ് കാർ വാങ്ങിയിരുന്നു. അമ്പതു ലക്ഷം രൂപ ഇങ്ങനെ ചെലവിട്ടാൽ തന്നെ ശേഷിച്ച 1.10 കോടി രൂപ അബ്ദുൾ ഗഫൂറിന്റെ കൈയ്യിലുണ്ടാകേണ്ടതാണെങ്കിലും, ഈ ഒരു കോടി നിഗൂഢതകൾ നിറഞ്ഞ ഏതോ വഴിയിൽ ഈ പ്രവാസിക്ക് നഷ്ടപ്പെട്ടിട്ടുണ്ട്.

സ്ഥലം വാങ്ങിയ റോയൽ ലോഡ്ജുടമകൾ ഈ സ്ഥലത്ത് ഹോട്ടലിലെത്തുന്ന താമസക്കാരുടെ വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യമൊരുക്കി വരികയാണ്. 500 പേർക്ക് ഇരിക്കാവുന്ന ആധുനിക രീതിയിലുള്ള ഓഡിറ്റോറിയമടക്കമുള്ള തെക്കേപ്പുറത്തെ റോയൽ ലോഡ്ജിന്റെ തൊട്ട് വടക്ക് ഭാഗത്താണ് അബ്ദുൾ ഗഫൂർ ലോഡ്ജുടമകൾക്ക് വിൽപ്പന നടത്തിയ 13 സെന്റ് ഭൂമി. പ്രവാസിയായ കുശാൽനഗറിലെ ഖാലിദ് അടക്കം മറ്റു നാല് പേർ കച്ചവട പങ്കാളികളായ ലോഡ്ജ് കെട്ടിടമാണ് റോയൽ പാലസ്.

അതിനിടയിൽ അബ്ദുൾ ഗഫൂർ വയനാട് പനമരത്തുള്ള മൂന്നേക്കർ റിസോർട്ട് ഭൂമിയിലുള്ള വീട്ടിൽ  ഹണിട്രാപ്പിന്  ഇരയായി എന്നാണ് ഏറ്റവും പുതിയ സൂചന. അബ്ദുൾ ഗഫൂറിന്റെ മുഴുനീള നഗ്നചിത്രം സ്വന്തം ഫെയ്സ്ബുക്കിൽ ബലം പ്രയോഗിച്ച് പോസ്റ്റ് ചെയ്തവരെ കണ്ടെത്തിയാൽ ഹണിട്രാപ്പിന്റെ നിഗൂഢതകൾ പുറത്തുവരുമെന്നാണ് പുതിയ വിവരം. അബ്ദുൾ ഗഫൂറിന്റെ പൂർണ്ണ നഗ്നചിത്രം സ്വന്തം ഫേസ്ബുക്കിൽ പ്രത്യക്ഷപ്പെട്ട ദിവസം ഗഫൂർ വയനാട്ടിലെ പനമരത്തുള്ള റിസോർട്ടിലായിരുന്നു.

ഗഫൂറിന്റെ ഫേസ്ബുക്ക് വഴി ഭർത്താവിന്റെ നഗ്നചിത്രം ആദ്യം കണ്ടത് സ്വന്തം ഭാര്യ ഖൈറുന്നീസയാണ്. ഭർത്താവിന്റെ നഗ്നചിത്രം കണ്ട് നടുങ്ങിയ ഭാര്യ ഈ വിവരം അപ്പോൾ തന്നെ കൈമാറിയത് കുടുംബ സുഹൃത്തായ തെക്കേപ്പുറത്തെ പൗരമുഖ്യൻ ഷാഫി റഹ്മാനെയാണ്. അബ്ദുൾ ഗഫൂർ അന്ന് കോഴിക്കോട്ടാണുള്ളതെന്ന് മനസ്സിലാക്കിയാണ് ഷാഫി റഹ്മാനും ചങ്ങാതി തെക്കേപ്പുറത്തെ സൗദി പ്രവാസി ഉസ്മാനും ഏതോ അപകടം ഭയന്ന് തിരക്കിട്ട് അബ്ദുൾ ഗഫൂറിനെ തേടി കോഴിക്കോട്ടേക്ക് പോയത്.

എന്നാൽ കോഴിക്കോട്ടുണ്ടെന്ന് ഷാഫി റഹ്മാനോട് കള്ളം പറഞ്ഞ അബ്ദുൾ ഗഫൂർ യഥാർത്ഥത്തിൽ അന്ന് വയനാട്ടിൽ ആൾപ്പാർപ്പില്ലാതെ ഒഴിഞ്ഞു കിടക്കുകയായിരുന്ന പനമരം റിസോർട്ടിലായിരുന്നു. അബ്ദുൾ ഗഫൂറിനൊപ്പം അന്ന് കൂടെയുണ്ടായിരുന്നത് ഗഫൂറിന്റെ സന്തത സഹചാരിയും വിശ്വസ്തനുമായ കാർ ഡ്രൈവർ തെക്കേപ്പുറത്തെ അബ്ദുൾ റസാക്കാണ്.

അബ്ദുൾ ഗഫൂറിന്റെ ഒട്ടുമുക്കാൽ പുറം ജീവിതവും നിഗൂഢതകൾ നിറഞ്ഞ സഞ്ചാരവഴികളും ഏറ്റവും നന്നായി മനസ്സിലാക്കിയ ഒരേയൊരാൾ ഡ്രൈവർ അബ്ദുൾ റസാഖാണ്. ഗഫൂറിന്റെ ആത്മഹത്യ സംബന്ധിച്ച് ഹൊസ്ദുർഗ് പോലീസ് ഒരു കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണത്തിലാണ്. കെട്ടിത്തൂങ്ങി മരിക്കും മുമ്പ് അബ്ദുൾ ഗഫൂർ ആത്മഹത്യാക്കുറിപ്പുകളൊന്നും എഴുതിവെച്ചിട്ടില്ല.

എട്ടു കോടി രൂപയുടെ സമ്പത്ത് സ്വന്തമായി ഉണ്ടാക്കിയിട്ടും, അമ്പത്തിയാറാം വയസ്സിൽ ജീവിതം സ്വയം അവസാനിപ്പിക്കേണ്ടി വന്ന അബ്ദുൾ ഗഫൂറിനെ  വയനാട്ടിൽ ഏത് സുന്ദരിയാണ് ഹണി ട്രാപ്പിൽപ്പെടുത്തിയതെന്നടക്കമുള്ള രഹസ്യങ്ങൾ അബ്ദുൾ റസാക്കിൽ നിന്ന് അറിയാൻ കാത്തിരിക്കുകയാണ് പോലീസ്. അബ്ദുൾ റസാക്കിനെ പോലീസ് ചോദ്യം ചെയ്തേക്കും. സ്വന്തം നഗ്നചിത്രം ലഭിച്ച അബ്ദുൾ ഗഫൂറിന്റെ  സെൽഫോൺ പോലീസ് കസ്റ്റഡിയിലാണ്.

ഈ ഫോൺ തുറന്ന് പരിശോധിക്കാനുള്ള നീക്കങ്ങളും പോലീസ് നടത്തുന്നുണ്ട്. വയനാട് റിസോർട്ട് രഹസ്യങ്ങളെല്ലാം വ്യക്തമായി അറിയുന്ന അബ്ദുൾ റസാക്കിനെ ഗഫൂർ ആത്മഹത്യയുടെ നിജസ്ഥിതി തേടി കഴിഞ്ഞ ദിവസം ലേറ്റസ്റ്റ് അന്വേഷണ സംഘം വിളിച്ചപ്പോൾ, “അതെല്ലാം  കഴിഞ്ഞ സംഭവങ്ങളാണെന്നും, എനിക്ക് ഒന്നുമറിയില്ലെന്നും”, പറഞ്ഞ് അബ്ദുൾ ഗഫൂറിനെ കാഞ്ഞങ്ങാട്ട് നിന്ന് കാറോടിച്ച് വയനാട്ടിലെ പനമരം റിസോർട്ടിലെത്തിക്കാറുള്ള ഡ്രൈവർ അബ്ദുൾ റസാഖ് പറഞ്ഞൊഴിയുകയായിരുന്നു.

LatestDaily

Read Previous

ജിബിജി നിക്ഷേപത്തട്ടിപ്പിൽ പരാതി സ്വീകരിക്കാതെ ബേഡകംപോലീസിന്റെ ഒളിച്ചുകളി

Read Next

പരസ്യ മദ്യപാനത്തിന് പിടിയിലായത് കോൺഗ്രസ് കാഞ്ഞങ്ങാട് മണ്ഡലം സെക്രട്ടറി