ജിബിജി നിക്ഷേപത്തട്ടിപ്പിൽ പരാതി സ്വീകരിക്കാതെ ബേഡകംപോലീസിന്റെ ഒളിച്ചുകളി

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട്: ജിബിജി നിധി നിക്ഷേപത്തട്ടിപ്പിനിരയായവരുടെ കൂട്ടായ്മ  കമ്പനി മാനേജിംഗ് ഡയറക്ടർ കുണ്ടംകുഴിയിലെ  ഡി. വിനോദ്കുമാറിനെതിരെ നൽകിയ പരാതിയിൽ കേസ്സെടുക്കാതെ ബേഡകം പോലീസ് ഉരുണ്ടു കളിക്കുന്നു. കുണ്ടംകുഴി ആസ്ഥാനമായി നടന്ന ജിബിജി നിധി നിക്ഷേപത്തട്ടിപ്പിനിരയായവരുടെ കൂട്ടായ്മയായ കാരുണ്യനീതി സേവന സംഘടന നൽകിയ പരാതിയിലാണ് തുടർ നടപടിയില്ലാത്തത്.

 250 പേരടങ്ങുന്ന സംഘടനയ്ക്ക് വേണ്ടിയാണ് സിക്രട്ടറി ശ്രീധരൻ  വെള്ളിക്കോത്ത് പരാതി നൽകിയത്. മാർച്ച് 6–നാണ് ജിബിജി നിധി നിക്ഷേപത്തട്ടിപ്പിനെതിരെ കാരുണ്യ  നീതി സേവന സംഘടന ബേഡകം പോലീസ്സിൽ പരാതി നൽകിയത്. മൂന്ന് മാസം കഴിഞ്ഞിട്ടും, പരാതിയിൽ എഫ്ഐആർ റജിസ്റ്റർ ചെയ്യാൻ ബേഡകം പോലീസ് തയ്യാറായിട്ടില്ല.

കാസർകോട്, കണ്ണൂർ, എറണാകുളം, തൃശ്ശൂർ, കോഴിക്കോട് എന്നീ ജില്ലകളിൽ നിന്നുള്ളവർ സംഘടനയിൽ അംഗങ്ങളായുണ്ട്. 3 കോടി 84 ലക്ഷം രൂപയാണ് ജിബിജി നിധി നിക്ഷേപത്തട്ടിപ്പിനിരയായവരുടെ സംഘടനാംഗങ്ങൾക്ക് ലഭിക്കാനുള്ളത്. നഷ്ടമായ സമ്പാദ്യം തിരികെ കിട്ടാൻ സംഘടനാംഗങ്ങൾ ഹൈക്കോടതിയെ സമീപിച്ചിരുന്നുവെങ്കിലും, ഹൈക്കോടതി പരാതിക്കാരോട് ജില്ലാ കോടതിയെ സമീപിക്കാൻ ഉപദേശിക്കുകയായിരുന്നു.

5400 നിക്ഷേപകരാണ് ജിബിജി നിധിയിൽ പണം നിക്ഷേപിച്ചിരുന്നത്. തട്ടിപ്പു കമ്പനിയിൽ പണം നിക്ഷേപിച്ച് കുടുങ്ങിയവരിൽ മഹാഭൂരിപക്ഷവും നാണക്കേട് ഭയന്ന് പോലീസ്സിൽ പരാതി നൽകിയിട്ടില്ല. ബഡ്സ് ആക്ട് പ്രകാരം സ്വത്ത് മരവിപ്പിച്ചതോടെ കർണ്ണാടകയിലേക്കും ഗോവയിലേക്കും കളം മാറ്റിച്ചവിട്ടിയ ഡി. വിനോദ്കുമാർ കുടകിലാണിപ്പോൾ താമസം.

LatestDaily

Read Previous

പ്രവാസി വ്യാപാരിയുടെ നഗ്ന ചിത്രത്തിന് വയനാട് ബന്ധം

Read Next

അബ്ദുൾ ഗഫൂർ ഹണിട്രാപ്പിൽപ്പെട്ടുവെന്ന് സംശയം,ആത്മഹത്യ ചെയ്ത പ്രവാസിയുടെ 1.10 കോടി പോയ വഴിയില്ല