ഒളിച്ചു സുക്ഷിച്ച ബോംബുകളിൽ ചിതറുന്നത് നിരപരാധികളുടെ രക്തവും ജീവനും

രവി പാലയാട്

തലശേരി:- പ്രതിയോഗികളെ ചിതറിക്കാൻ ലക്ഷ്യമിട്ട് ഭയവും വൈരാഗ്യവും നിറച്ചൊരുക്കുന്ന കണ്ണില്ലാത്ത ബോംബുകൾ വീണ്ടും പൊട്ടി മറ്റൊരു നിരപരാധിയുടെ ജീവൻ കൂടി പൊലിഞ്ഞു. – ആൾ താമസമില്ലാത്ത വീട്ടു പറമ്പിൽ തേങ്ങാ യെടുക്കാനെത്തിയ ഏരഞ്ഞോളി ഗ്രാമ പഞ്ചായത്ത് ഓഫീസിനടുത്ത കുടക്കളം ആയിനിയാട്ട് വേലായുധന് ഇന്നലെയുണ്ടായ  ദുർവ്വിധിയും ഇത്തരത്തിലുണ്ടായതാണ്.

ബോംബ് രാഷ്ട്രീയത്തിന്റെ ഏറ്റവും ഒടുവിലത്തെ ഇരയാണ് 85 കാരനായ വേലായുധൻ.സമാന ദുരന്തം ഒമ്പത് വർഷം മുൻപ് ധർമ്മടത്ത് നടന്നത് നാട് മറന്നെങ്കിലും അന്ന് കൊല്ലപ്പെട്ട സജീവന്റെ ഉറ്റവർ മറക്കാനിടയില്ല. 2015 ഡിസമ്പർ 21 ന് തിങ്കളാഴ്ചയായിരുന്നു മത്സ്യ തൊഴിലാളിയായ ധർമ്മടം സ്വാമിക്കുന്ന് വട്ടക്കല്ല് പുതിയാണ്ടി വീട്ടിൽ സജീവന് 45, ജീവൻ നഷ്ടപ്പെട്ടത്. വീടിന് സമീപത്തുള്ള വിജനമായ പറമ്പിൽ വിറക് ശേഖരിക്കാൻ പോയതായിരുന്നു സജീവൻ.

കടലിനോട് ചേർന്ന് ഏക്കറുകൾ വിസ്തൃതിയുള്ള പറമ്പിൽ പാറകളും കുറ്റിക്കാടുകളും ഉണ്ടായിരുന്നു – ഇവിടെ വീണ തേങ്ങയോടൊപ്പം കാണപ്പെട്ട മദ്യ പാക്കറ്റ് പൊതി കൈയ്യിലെടുത്ത് പരിശോധിക്കുന്നതിനിടയിൽ പൊട്ടിത്തെറിച്ചു. സ്ഫോടനത്തിൽ കൈപ്പത്തി ചിതറി. നെഞ്ചിലും വയറ്റിലും ആഴത്തിൽ മുറിവേറ്റു സ്ഫോടനത്തിൽ ഗുരുതര പരിക്കേറ്റ സജീവൻ കുറ്റിക്കാട്ടിൽ നിന്നും നൂറോളം മീറ്ററുകൾ ഓടിയ ശേഷം കടൽ തീരത്ത് മരിച്ചു വീഴുകയായിരുന്നു. – സജീവന്റെ ചിതറിത്തെറിച്ച കൈവിരലുകൾ കുറ്റിക്കാട്ടിൽ നിന്നാണ് കണ്ടെടുത്തത്. അന്നത്തെ സ്ഫോടന മരണക്കേസിൽ പോലീസിന് ഇന്നും തുമ്പുണ്ടാക്കാനായിട്ടില്ല.

LatestDaily

Read Previous

പടിഞ്ഞാറേക്കര പ്രവാസിയുടെ ആത്മഹത്യയിൽ ദുരൂഹത ഇരട്ടിച്ചു

Read Next

മകനെയുപേക്ഷിച്ച് വീടുവിട്ട യുവതിക്ക് പോലീസ് ഇടപെടലിൽ മനംമാറ്റം