ജില്ലാ ആശുപത്രിയിൽ രോഗിക്ക് ശസ്ത്രക്രിയ മുടക്കി

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട്: ധർമ്മാശുപത്രിയെന്ന് വിളിപ്പേരുള്ള ജില്ലാ ആശുപത്രിേയയും ആരോഗ്യവകുപ്പിനെയും നാണംകെടുത്തി ജില്ലാ ആശുപത്രിയിൽ അനസ്തീസ്റ്റ് നടത്തിയ അധാർമ്മിക പ്രവൃത്തിക്കെതിരെ ജനരോഷമുയരുന്നു. ശസ്ത്രക്രിയ നിശ്ചയിച്ച ഒമ്പതുവയസ്സുകാരിക്ക് അനസ്തേഷ്യ നിഷേധിച്ചതിനെത്തുടർന്ന് ഇറങ്ങിപ്പോകേണ്ടിവന്ന സംഭവമാണ് ജനരോഷമുയരാൻ കാരണം.

കാഞ്ഞങ്ങാട് സൗത്തിന് സമീപം  മുത്തപ്പനാർ കാവ് സ്വദേശിനിയായ വനിതാ അനസ്തീസ്റ്റാണ് മൂഡില്ലെന്ന് പറഞ്ഞ് ശസ്ത്രക്രിയ നിശ്ചയിച്ച പെൺകുട്ടിയെ ബോധം കെടുത്താനുള്ള മരുന്ന് നൽകാതെ ഇറക്കിവിട്ടത്. മരത്തിൽ നിന്നും വീണ് പരിക്കേറ്റ മടിക്കൈ കാഞ്ഞിരപ്പൊയിൽ സ്വദേശിയെ മണിക്കൂറുകളോളം അത്യാഹിത വിഭാഗത്തിൽ കിടത്തിയ സംഭവത്തിന്റെ വിവാദമൊടുങ്ങുന്നതിന് മുമ്പാണ് ജില്ലാ ആശുപത്രിയിലെ അനസ്തീസ്റ്റിന്റെ അധാർമ്മിക പ്രവൃത്തിയെക്കുറിച്ചും വിവാദമുയരുന്നത്.

ശസ്ത്രക്രിയ നിശ്ചയിച്ചതിനാൽ മണിക്കൂറുകൾക്ക് മുമ്പ് ഭക്ഷണം കഴിക്കാതിരുന്ന രോഗി ശസ്ത്രക്രിയാ മുറിയിൽ പ്രവേശിക്കാൻ മണിക്കൂറുകൾ കാത്തിരുന്ന ശേഷമാണ് ശസ്ത്രക്രിയ നടക്കില്ലെന്ന വിവരമറിഞ്ഞത്. ശസ്ത്രക്രിയയ്ക്ക് സർജൻ തയ്യാറായിരുന്നുവെങ്കിലും രോഗിയെ ബോധം കെടുത്തേണ്ട വനിതാ ഡോക്ടർ തയ്യാറല്ലായിരുന്നു.

ഉച്ചവരെ കാത്തിരുന്നിട്ടും ശസ്തക്രിയ നടക്കാത്തതിനെ തുടർന്ന് പെൺകുട്ടിയുടെ ബന്ധുക്കൾ ആശുപത്രി സൂപ്രണ്ടിനോട് പരാതി പറഞ്ഞു. പരാതി പറഞ്ഞതിന് മാപ്പ് പറഞ്ഞാൽ ശസ്ത്രക്രിയ നടത്തിക്കൊടുക്കാമെന്ന് ഡോക്ടർമാരും ജീവനക്കാരും ഉപാധിവെച്ചതായും ആരോപണമുണ്ട്. ഡോക്ർമാരെ കാണേണ്ട പോലെ കണ്ടില്ലെങ്കിൽ ജില്ലാ ആശുപത്രിയിൽ ശസ്ത്രക്രിയ നടക്കില്ലെന്നത് പരസ്യമായ രഹസ്യമാണ്.

ചെമ്മട്ടംവയൽ ജയിൽ റോഡിൽ ക്ലിനിക്ക് നടത്തുന്ന അനസ്തീസ്റ്റിനെ ശസ്ത്രക്രിയയ്ക്ക് മുമ്പ് രോഗികൾ ചെന്നുകാണാറുമുണ്ട്. ഒമ്പതുവയസ്സുകാരിക്ക് അനസ്തേഷ്യ നിഷേധിച്ച വനിതാ ഡോക്ടർക്കെതിരെ ഡി.എം.ഒ, ആരോഗ്യമന്ത്രി എന്നിവർക്ക് പരാതികൊടുത്തിട്ടുണ്ട്. വിഷയത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി. ബേബിയും ഇടപെട്ടിട്ടുണ്ട്.

LatestDaily

Read Previous

അച്ചടക്ക നടപടിക്ക് വിധേയനായ അധ്യാപകൻ ഹെഡ്മാഷായി

Read Next

മാവുങ്കാൽ മുതൽ പാണത്തൂർ വരെ ഒറ്റനമ്പറിന്റെ പിടിയിൽ