അച്ചടക്ക നടപടിക്ക് വിധേയനായ അധ്യാപകൻ ഹെഡ്മാഷായി

സംഭവം കൊടക്കാട് വെൽഫെയർ യുപി സ്കൂളിൽ

ചെറുവത്തൂർ: വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ അച്ചടക്ക നടപടിക്ക് വിധേയനായതും,   അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ  കോടതി നടപടികൾക്ക്  വിധേയനാവുകയും ചെയ്ത കൊടക്കാട് ഗവ. വെൽഫെയർ യുപി സ്കൂൾ അധ്യാപകൻ ബാബുരാജ് എം എക്ക് ഇരട്ട സ്ഥലംമാറ്റവും ഒപ്പം പ്രധാനാധ്യാപകനായി   പ്രമോഷനും. കാസർകോട്  ഡിഡിഇയുടേതാണ്  ഈ വിചിത്ര ഉത്തരവ്.  

2022 -23 വർഷക്കാലത്ത് ബാബു, കെ പത്മനാഭൻ, മനോഹരൻ  എന്നീ അധ്യാപകരുടെ വിദ്യാലയ വിരുദ്ധ വിദ്യാർത്ഥി വിരുദ്ധ പ്രവർത്തനങ്ങളെ സംബന്ധിച്ച് ഒരു രക്ഷിതാവ് കാസർകോട്  ഡിഡിഇ ക്ക് പരാതി നൽകുകയും ചെറുവത്തൂർ  എഇ ഒ ഇതു സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് നൽകുകയും ചെയ്തിരുന്നു. റിപ്പോർട്ടിന്റെ  ബലത്തിൽ മൂന്ന് അധ്യാപകരെയും വിവിധ സ്കൂളുകളിലേക്ക് സ്ഥലം മാറ്റിയിരുന്നു. ബാബുരാജിനെ ജി യുപിഎസ് പള്ളങ്കോടേക്കാണ് സ്ഥലം മാറ്റിയിരുന്നത്.

കുട്ടികളുടെ മാനസികാവസ്ഥയ്ക്ക് ദോഷമുണ്ടാക്കുന്ന തരത്തിലും,  അവരുടെ പഠന പ്രവർത്തനത്തെ തളർത്തുന്ന തരത്തിലുള്ളതും അധ്യാപക സമൂഹത്തിന് അവമതിപ്പുണ്ടാക്കുന്ന തരത്തിലുമുള്ള പ്രവർത്തനങ്ങളാണ് ഈ അധ്യാപകർ വിദ്യാലയത്തിൽ നടത്തിയതെന്ന് ഇവർക്കെതിരെയുള്ള  അന്വേഷണത്തിൽ മനസ്സിലാക്കാൻ കഴിഞ്ഞതായി അന്വേഷണ  റിപ്പോർട്ടിൽ പ്രത്യേകം സൂചിപ്പിച്ചിട്ടുണ്ട്. ഒരു പ്രദേശത്ത് നിന്ന് സ്കൂളിൽ വന്നുകൊണ്ടിരുന്ന വിദ്യാർത്ഥികളെ മറ്റു വിദ്യാലയങ്ങളിലേക്ക് പറഞ്ഞയക്കുന്നതിന് ഈ അധ്യാപകരുടെ പ്രവർത്തനങ്ങൾ മാറിയിട്ടുണ്ടെന്നും, ഏഇഒയുടെ റിപ്പോർട്ടിൽ പരാമർശമുണ്ട്.

സർക്കാർ സേവനം ലഭ്യമാക്കാൻ ചുമതലപ്പെട്ട ഉദ്യോഗസ്ഥരായ അധ്യാപകർ  ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതായും  കടുത്ത അച്ചടക്ക ലംഘനവും ഗുരുതരമായ കൃത്യവിലോപവും അധ്യാപക ജോലിക്ക് തന്നെ കളങ്കമായ പ്രവർത്തനങ്ങളും നടത്തിയിട്ടുള്ളതായി അന്വേഷണത്തിൽ  ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് സിവിൽ സർവീസ് (തരം തിരിക്കലും നിയന്ത്രണവും അപ്പീലും ) ചട്ടം10 പ്രകാരം വകുപ്പ് തല നടപടിക്ക് മുന്നോടിയായി അന്വേഷണ വിധേയമായി  മൂന്നുപേരെയും വിവിധ സ്കൂളുകളിലേക്ക് സ്ഥലം മാറ്റിയത്.

കാസർകോട്  ഡിഡി ഇ യുടെ സ്ഥലംമാറ്റ ഉത്തരവിന് എതിരെ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ എറണാകുളം നൽകിയ സ്റ്റേ ഉത്തരവ് ദീർഘിപ്പിച്ച്   കൊടക്കാട് ഗവ. യുപിയിൽ തന്നെ ബാബുരാജ് ഉൾപ്പെടെയുള്ള മൂന്നു അധ്യാപകർ തുടർന്നു വരികയായിരുന്നു. ബന്ധപ്പെട്ട വിഷയം  സംബന്ധിച്ച് കാഞ്ഞങ്ങാട് ഡിഇഒ സംഭവത്തിൽ പരാതിക്കാരനായ ,രക്ഷിതാവിൽ നിന്നും പിടിഎ, എസ് എം സി അംഗങ്ങളിൽ നിന്നും പ്രധാന അധ്യാപികയിൽ നിന്നും നടപടിക്ക് വിധേയരായ അധ്യാപകരിൽ നിന്നും, തുടർ അന്വേഷണം നടത്തി മാർച്ച് 28-ന്  ഡി ഡി ഇ കാസർകോടിന് റിപ്പോർട്ടും നൽകി.

പ്രസ്തുത റിപ്പോർട്ടിൽ എം എ ബാബുരാജൻ പ്രവർത്തന സമയത്തും പാഠ്യ വിഷയങ്ങളെക്കാൾ  സ്വന്തം കാര്യങ്ങൾക്ക് പ്രാധാന്യം നൽകിയിരുന്നുവെന്നും രക്ഷിതാക്കളുടെ അഭിപ്രായങ്ങളെ മാനിക്കാതെ അവരെ ശത്രുക്കളായി കണ്ടതായും അന്വേഷണ റിപ്പോർട്ടിൽ  പറയുന്നു.       

ഉല്ലാസ യാത്ര സംബന്ധമായി കുട്ടികളിൽ നിന്ന് പിരിച്ചെടുത്ത തുക കൈകാര്യം ചെയ്തതിൽ കൃത്യവിലോപം കാട്ടിയതായും കണ്ടെത്തിയിരുന്നു.  അധ്യാപക പരിശീലനത്തിൽ ഇദ്ദേഹം പങ്കെടുക്കാത്തതും, കരിക്കുലം പ്രകാരം പാഠഭാഗങ്ങൾ തീർക്കാത്തതും, അധ്യാപകർ തമ്മിലുള്ള ധ്രുവീകരണത്തിനും സംഘർഷത്തിനും സാഹചര്യമൊരുക്കിയതായി    ഡി ഇ ഒ കണ്ടെത്തിയിരുന്നു. അധ്യാപകരുടെ ഭാഗത്തുനിന്ന് ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത അച്ചടക്ക ലംഘനമാണ് കൊടക്കാട് ഗവ യുപിയിൽ  നടന്നത്.

പൊതു സമൂഹത്തിന് മുന്നിൽ മികച്ച അക്കാദമിക നേട്ടത്തിൽ അഭിമാനപൂർവ്വം നിന്നിരുന്ന വിദ്യാലയം ഈ അധ്യാപകരുടെ പ്രവർത്തനത്തിലൂടെ അപകീർത്തിക്കിരയായി. കുട്ടികൾക്കും പൊതുസമൂഹത്തിനും മാതൃകയാകേണ്ട പ്രവർത്തനമല്ല  ഇവരിൽ നിന്നുമുണ്ടായത്. ഇവരുടെ പ്രവർത്തനങ്ങൾ സമൂഹത്തിന് മോശമായ സന്ദേശമാണ് നൽകിയ തെന്നും അന്വേഷണ റിപ്പോർട്ടിലുണ്ട്.  ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതായും ഗുരുതരമായ കൃത്യവിലോപം കാട്ടിയതായും അധ്യാപക ജോലിക്ക് കളങ്കമാകുന്ന പ്രവർത്തനങ്ങൾ നടത്തിയിട്ടുള്ളതായും ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ 2024 ഏപ്രിൽ 29-നാണ് ഇവർക്കെതിരെ വകുപ്പ് തല ശിക്ഷാ നടപടി  കൈക്കൊണ്ടത്.

2023 സെപ്റ്റംബർ ഏഴിന് നൽകിയ സ്ഥലമാറ്റ ഉത്തരവ് നടപടി സംബന്ധിച്ച്   അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ എറണാകുളം നൽകിയ സ്റ്റേ ഉത്തരവ്  2024 ജൂലൈ 8 വരെയുണ്ടായിരിക്കെ, എം എ ബാബുരാജിനെ വീടിനടുത്തുള്ള ജി യു പി എസ് പാടിക്കീലിലേക്ക്  ഡി ഡി  തന്നെ സ്ഥലം മാറ്റി അനുഗ്രഹിച്ചതാണ് പുതിയ അദ്ഭുതം. കളങ്കമാകുന്ന രീതിയിൽ ഗുരുതരമായ കൃത്യ വിലോപവും അച്ചടക്ക ലംഘനവും നടത്തിയെന്ന് ബോധ്യപ്പെട്ട ബാബുരാജിനെ  ഒരു വിദ്യാലയത്തെ നയിക്കാനുള്ള പ്രഥമാധ്യാപകനായി നിയമിച്ചതാണ് അതിലേറെ രസകരം.

കുറ്റക്കാരായി  കണ്ടെത്തിയ മനോഹരൻ, പത്മനാഭൻ എന്നി അധ്യാപകർ ഏപ്രിൽ,മെയ്‌ മാസങ്ങളിലായി സർവ്വീസിൽ നിന്ന് വിരമിച്ചു. ഏഇഒ, ഡിഇഒ എന്നിവരുടെ അന്വേഷണത്തിൽ അദ്ധ്യാപക ജോലിക്ക് കളങ്കമുണ്ടാക്കിയ  അധ്യാപകനാണ് ബാബുരാജ് എന്ന്  അംഗീകരിച്ച ഡിഡിഇ തന്നെ ബാബുരാജിനെ ജി എൽ പി എസ് അട്ടക്കുണ്ടിലേക്ക് പ്രഥമ അധ്യാപകനായി  നിയമിച്ചത് രക്ഷിതാക്കൾക്കും പൊതുസമൂഹത്തിനും കടുത്ത നാണക്കേടായി. വിദ്യാഭ്യാസ മേഖലയ്ക്ക് തന്നെ കളങ്കം വരുത്തിയ ഈ നടപടി പിൻവലിക്കണമെന്ന ആവശ്യം സമൂഹത്തിന്റെ വിവിധ തുറകളിൽ നിന്നും രക്ഷിതാക്കളിൽ നിന്നും ഉയർന്നു വന്നിട്ടുണ്ട്. ഈ കരണം മറിച്ചലുകൾ സംബന്ധിച്ച്  വിദ്യാഭ്യാസ മന്ത്രിക്ക് പരാതിയും പോയിട്ടുണ്ട്.

LatestDaily

Read Previous

വീട്ടുകാർ മൊബൈൽ വിലക്കിയ പെൺകുട്ടി പുഴയിൽ ചാടി മരിച്ചു

Read Next

ജില്ലാ ആശുപത്രിയിൽ രോഗിക്ക് ശസ്ത്രക്രിയ മുടക്കി