മാവുങ്കാൽ മുതൽ പാണത്തൂർ വരെ ഒറ്റനമ്പറിന്റെ പിടിയിൽ

സ്റ്റാഫ് ലേഖകൻ

കാഞ്ഞങ്ങാട്: മാവുങ്കാൽ മുതൽ പാണത്തൂർ വരെയുള്ള പ്രദേശങ്ങളിൽ ഒറ്റനമ്പർ ചൂതാട്ടക്കാർ പിടിമുറുക്കി. മാവുങ്കാൽ ടൗണിൽ രണ്ട് കേന്ദ്രങ്ങളിൽ കാലത്ത് 6 മണിക്ക് തന്നെ  ഒറ്റനമ്പർ ചൂതാട്ടക്കാർ നമ്പരുകൾ സ്വീകരിക്കാൻ മൊബൈലുകളുമായി ഇരകളെ കാത്തിരിക്കുന്നു. വാട്സാപ്പിലും മെസ്സേജിലുമാണ് കളിക്കുന്നവർ നമ്പറുകൾ അയച്ചു കൊടുക്കുന്നത്. ഉച്ചയ്ക്ക് ശേഷം 3 മണിക്ക് കേരള പ്രതിദിന ലോട്ടറി നറുക്കെടുപ്പിന്റെ നമ്പരുകളുമായി ഒത്തുചേർത്താണ് ഫലപ്രഖ്യാപനവും പണം വിതരണവും.

മാവുങ്കാലിൽ ചൂതാട്ട ബോസിന്റെ ഇടനിലക്കാരായി അഞ്ചു പേർ നിത്യവും കളിക്കളത്തിലിറങ്ങുന്നുണ്ട്. മാവുങ്കാലിൽ മാത്രം ഒരു ദിവസം മൂന്ന് ലക്ഷം രൂപയുടെ ചൂതാട്ടം നടക്കുന്നുണ്ട്. കോട്ടപ്പാറയിലും അമ്പലത്തറയിലും പ്രത്യേക ഏജന്റുമാരുണ്ട്. ചുള്ളിക്കരയിലും കൊട്ടോടിയിലും കള്ളാറിലും ഒടയംചാലിലും രാജപുരത്തും പാണത്തൂർ ടൗണും, കർണ്ണാടക അതിർത്തി ചെമ്പേരിയും ഇപ്പോൾ ഭരിക്കുന്നത് ഒറ്റനമ്പർ  ചൂതാട്ടക്കാരാണ്.

ഈ പ്രദേശങ്ങളിൽ മാവുങ്കാൽ മുതൽ പാണത്തൂർ വരെ അമ്പതോളം ചൂതാട്ട പരിചയം സിദ്ധിച്ച കളിക്കാരാണ് കളത്തിലിറങ്ങുന്നത്. ഒറ്റനമ്പർ ചൂതാട്ടത്തിൽ വീടും കിടപ്പാടവും നഷ്ടപ്പെട്ട് മദ്യത്തിനടിമകളായവർ മലയോരത്ത് നിരവധിയുണ്ട്. മുമ്പ് കളിക്കാർ ആവശ്യപ്പെടുന്ന നമ്പറുകൾ ചൂതാട്ട ഏജന്റുമാർ കടലാസിൽ  എഴുതിക്കൊടുക്കുകയായിരുന്നു പതിവ്.

ഇപ്പോൾ ഒറ്റ നമ്പർ ചൂതാട്ടം ഓൺലൈനിലേക്ക് മാറിയതിനാൽ പോലീസിന് ചൂതാട്ടക്കാരെ കണ്ടെത്താൻ ഇവരുടെ സെൽഫോണുകൾ കസ്റ്റഡിയിലെടുത്താൽ മതിയെങ്കിലും, പോലീസ് വയ്യാവേലിയായിട്ടാണ് ഓൺലൈൻ ചൂതാട്ടത്തെ കണ്ടുവരുന്നത്. മാത്രമല്ല, മലയോര മേഖലയിലെ പോലീസ് സ്റ്റേഷനുകളിൽ ചുരുങ്ങിയത് ഒരു ലക്ഷം രൂപയ്ക്ക് മുകളിൽ കൃത്യമായി മാസപ്പടിയുമെത്തുന്നുണ്ട്. ഹൊസ്ദുർഗ് പോലീസ് സ്റ്റേഷൻ പരിധിയിൽ ചിത്താരി ചാമുണ്ഡിക്കുന്നിൽ വൻ ഒറ്റനമ്പർ ചൂതാട്ടം നടക്കുന്നുണ്ട്. ഒറ്റനമ്പരിൽ അകപ്പെട്ട് കിടപ്പാടം വിറ്റ രണ്ടുപേർ ചാമുണ്ഡിക്കുന്നിൽ തലയ്ക്ക് ഭ്രാന്ത് പിടിച്ച് നടക്കുന്നുണ്ട്.

LatestDaily

Read Previous

ജില്ലാ ആശുപത്രിയിൽ രോഗിക്ക് ശസ്ത്രക്രിയ മുടക്കി

Read Next

പടിഞ്ഞാറേക്കര പ്രവാസിയുടെ ആത്മഹത്യയിൽ ദുരൂഹത ഇരട്ടിച്ചു