കള്ളനെ മുഖാമുഖം കണ്ട നടുക്കത്തിൽ റാബിയ

സ്റ്റാഫ് ലേഖകൻ

കാഞ്ഞങ്ങാട്: പുലർകാലം വീട്ടിനകത്ത് കയറി അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണാഭരണങ്ങളുമായി രക്ഷപ്പെടും മുമ്പ് കവർച്ചക്കാരനെ മുഖാമുഖം കണ്ട ഞെട്ടലിൽ നിന്ന്  ഗൃഹനാഥ റാബിയ ഇനിയും മോചിതയായിട്ടില്ല. ജൂൺ 11 ന് പുലർകാലം 2 മണിക്കാണ് റാബിയ കള്ളനെ നേരിൽക്കണ്ടത്.

പുലർച്ചെ ശുചിമുറിയിൽ പോകാൻ എഴുന്നേറ്റ് കിടപ്പുമുറിയിൽ നിന്ന് പുറത്തുവന്ന റാബിയ കള്ളനെക്കണ്ട് അലമുറയിട്ടപ്പോൾ കറുത്ത പാന്റ്സും അതേ നിറത്തിലുള്ള ഷർട്ടും ധരിച്ച പ്രായം നാൽപ്പതിന് താഴെ തോന്നിക്കുന്ന ചുരുളൻ മുടിക്കാരൻ കള്ളൻ വീടിന്റെ അടുക്കള ഭാഗത്തു കൂടി അകത്തു കയറിയ  വാതിലിലൂടെ തന്നെ ഇരുളിൽ ഓടിമറയുകയായിരുന്നു.

കാഞ്ഞങ്ങാട് മെയിൻ റോഡിൽ പഴയ കെടിസി ഗോഡൗണിന് തൊട്ടുപിറകിലുള്ള പള്ളിക്കാടത്ത് ക്വാർട്ടേഴ്സിലാണ് റാബിയയും ഇളയ മകൻ ഹാരിസിന്റെ ഭാര്യ ഫൈറൂസയും താമസം. ഫൈറൂസ ആവിക്കരയിലെ കരീമിന്റെ മകളാണ്. ഒരു കുട്ടിയുണ്ട്. ഭർത്താവ് ഹാരിസ് പ്രവാസിയാണ്.12 പവൻ സ്വർണ്ണാഭരണങ്ങൾക്ക് പുറമെ 9000 രൂപയും കള്ളൻ ഈ വീട്ടിൽ നിന്ന് കവർന്നു.

സഹോദരൻ ചുള്ളിക്കര സ്വദേശി മൊയ്തുവിന്റെ ഉടമസ്ഥതയിലുള്ളതാണ് പള്ളിക്കാടത്ത് ക്വാർട്ടേഴ്സ്. താഴെയും മുകൾ നിലയിലുമായി ഈ ക്വാർട്ടേഴ്സിൽ മറ്റ് നാല് കുടുംബങ്ങൾ വേറെയും താമസിക്കുന്നുണ്ട്. ക്വാർട്ടേഴ്സുകളിലെ താമസക്കാരിൽ നിന്ന് വീട്ടുവാടകയും മറ്റും വാങ്ങി സഹോദരനെ ഏൽപ്പിക്കുന്നത് റാബിയയാണ്. കാഞ്ഞങ്ങാട് പഞ്ചായത്ത് മെമ്പറായിരുന്ന നബീസുമ്മയുടെ മകളാണ് റാബിയ. 2 മണിക്കാണ് കള്ളൻ വീട്ടിൽക്കയറിയത്. ഉടൻ പോലീസിന്റെ ഹെൽപ്പ്്ലൈനിൽ വിളിച്ചു. 2-–15 ആയപ്പോൾ തന്നെ പോലീസ് വീട്ടിലെത്തിയതായി റാബിയ പറഞ്ഞു.

കവർച്ചയറിഞ്ഞ് സടകുടഞ്ഞെണീറ്റുവന്ന പോലീസിന് റാബിയ പ്രത്യേക സല്യൂട്ട് പറഞ്ഞു. അതിനിടയിൽ നീലേശ്വരത്ത് പോലീസ് പിടിയിലായ കവർച്ചക്കാരനെ പോലീസ്  റാബിയയെ കാണിച്ചു കൊടുത്തുവെങ്കിലും, ആ കള്ളനല്ല റാബിയയുടെ വീട്ടിൽക്കയറിയതെന്ന് ഈ വീട്ടമ്മ ഉറപ്പാക്കുകയും ചെയ്തു. പരേതനായ സിവിൽ എഞ്ചിനീയർ കാഞ്ഞങ്ങാട്ടെ ഷേയ്ക്കുട്ടിയുടെ ഭാര്യയാണ് റാബിയ.

Read Previous

തൃക്കണ്ണാട് അടിപ്പാത; ഒറ്റയാൾ സമരം നിർത്തി

Read Next

കോട്ട കാണാനെത്തിയവരെ പിടിച്ചു പറിച്ച സദാചാര ഗുണ്ടകൾ പിടിയിൽ