കൺസ്യൂമർഫെഡ് മദ്യശാല ഹൊസ്ദുർഗിൽ കൊണ്ടുവരുന്നു

സ്വന്തം ലേഖകൻ

ചെറുവത്തൂർ: ചെറുവത്തൂരിൽ നിന്നും നാടു കടത്തിയ കൺസ്യൂമർഫെഡ് മദ്യശാല ഹൊസ്ദുർഗ് താലൂക്കിൽ പ്രവർത്തനമാരംഭിക്കാനനുയോജ്യമായ മുറികൾ കണ്ടെത്താൻ കൺസ്യൂമർഫെഡ് അധികൃതർ നീക്കം തുടങ്ങി. സിപിഎം സംസ്ഥാന നേതാവിന്റെ സമ്മർദ്ദത്താൽ പൂട്ടിച്ച ചെറുവത്തൂർ റെയിൽവെ സ്റ്റേഷൻ റോഡിലെ കൺസ്യൂമർഫെഡ് മദ്യശാലാ ചെറുവത്തൂരിൽ നിന്നും എന്നെന്നേക്കുമായി അപ്രത്യക്ഷമായതോടെയാണ്  ഈ മദ്യശാലയ്ക്ക് പുതിയ ലാവണം കണ്ടെത്താനുള്ള കൺസ്യൂമർഫെഡ് അധികൃതരുടെ നീക്കം.

ഉദുമ പാലക്കുന്നിൽ പ്രവർത്തിച്ചിരുന്ന കൺസ്യൂമർഫെഡിന്റെ മദ്യശാലാ ചെറുവത്തൂർ റെയിൽവെ സ്റ്റേഷൻ റോഡിൽ പ്രവർത്തനമാരംഭിച്ചത് 2023 നവംബർ 23നാണ്. ഉദ്ഘാടന ദിവസം തന്നെ ഒമ്പതര ലക്ഷം രൂപയുടെ മദ്യക്കച്ചവടം നടന്ന സ്ഥാപനം ചെറുവത്തൂരിലെ സ്വകാര്യ ബാറുടമയെ സഹായിക്കാനായി സിപിഎം സംസ്ഥാന നേതാവ് ഇടപെട്ട് പൂട്ടിക്കുകയായിരുന്നു.

ചെറുവത്തൂർ മദ്യശാലയിലുണ്ടായിരുന്ന സ്റ്റോക്ക് പിലാത്തറയിലേക്ക് മാറ്റുകയും സ്ഥാപനം പ്രവർത്തിച്ചിരുന്ന മുറികളുടെ താക്കോൽ വ്യാഴാഴ്ച ചന്തേര പോലീസ്  സ്റ്റേഷനിൽ കെട്ടിടമുടമയായ മാധവൻ നായർക്ക് കൈമാറുകയും ചെയ്തതോടെ സിപിഎം നേതാക്കൾ അണികൾക്ക് നൽകിയ ഉറപ്പ് കാറ്റിൽ പറക്കുകയും ചെയ്തു.

ചെറുവത്തൂർ മദ്യശാല പൂട്ടിച്ചതിന് പിന്നാലെ ചുമട്ടു തൊഴിലാളി യൂണിയൻ സിഐടിയുവിന്റെ നേതൃത്വത്തിൽ നടന്ന സമരം അവസാനിച്ചത് മദ്യശാല ചെറുവത്തൂരിൽ അനുയോജ്യമായ മറ്റൊരിടത്ത് പുനഃസ്ഥാപിക്കുമെന്ന ഉറപ്പിലായിരുന്നു.

എംഎൽഏ സിപിഎം ജില്ലാ സിക്രട്ടറി എന്നിവരുടെ സാന്നിദ്ധ്യത്തിൽ നടന്ന ഒത്തുതീർപ്പാണ്  ഇപ്പോൾ നിഷ്ഫലമായത്. കൺസ്യൂമർഫെഡ് ഡയറക്ടർ കൂടിയായ സിപിഎം ജില്ലാ സിക്രട്ടറിയേറ്റംഗം വി.കെ. രാജൻ അനുകൂല നിലപാട് എടുക്കാത്തതിനാലാണ് കൺസ്യൂമർഫെഡ് മദ്യശാല ചെറുവത്തൂരിൽ നിന്നും അപ്രത്യക്ഷമായതെന്ന് ആരോപണമുയർന്നിട്ടുണ്ട്.

LatestDaily

Read Previous

ആൾമാറാട്ടപ്പരീക്ഷ; രണ്ടുപേർ പിടിയിൽ

Read Next

വ്യാജ സിദ്ധൻ: കുടുംബനാഥന്റെ പേരിൽ സ്ത്രീധനപീഡനക്കേസ്