കൊടിസുനി ഉൾപ്പെടെ പ്രതികളായ ന്യൂമാഹി ഇരട്ടക്കൊലക്കേസ് ഉടൻ വിചാരണക്കെത്തും

കേസിൽ അഡ്വ.സി.കെ ശ്രീധരൻ പ്രതികൾക്കായും അഡ്വ. പി.പ്രേമരാജൻ സ്‌പെഷ്യൽ പ്രോസിക്യൂട്ടറായും ഹാജരാവും

രവി പാലയാട്

തലശ്ശേരി: ടി.പി.ചന്ദ്രശേഖരൻ വധക്കേസ്സിൽ ശിക്ഷിക്കപ്പെട്ട കൊടി സുനിയുൾപ്പെടെ 16 സി.പി.എം പ്രവർത്തകർ കുറ്റാരോപിതരായ ന്യൂമാഹി ഇരട്ടക്കൊലക്കേസ് ഉടൻ വിചാരണക്കെത്തും.  കേസിൽ അഡ്വ.പി.പ്രേമരാജനെ സ്‌പെഷ്യൽ പ്രോസിക്യൂട്ടറായി നിയമിച്ച ഉത്തരവ് ഇന്നലെ പുറത്ത് വന്നു. പ്രതിഭാഗത്തിനായി അഡ്വ.സി.കെ. ശ്രിധരനാണ് ഹാജരാവുന്നത് -ഇതോടെ കാഞ്ഞങ്ങാട് സ്വദേശികളായ രണ്ട് പ്രഗൽഭ ക്രിമിനൽ അഭിഭാഷകർ വാദ. പ്രതിവാദങ്ങളാൽ കൊമ്പുകോർക്കുന്ന ദൃശ്യങ്ങൾക്ക് താമസിയാതെ തലശേരി ജില്ലാ സെഷൻസ് കോടതി വേദിയാവും.

ആർ.എസ്.എസ്- ബി.ജെ.പി പ്രവർത്തകരായ ന്യൂമാഹിമാടോംപുറംകണ്ടി വിട്ടിൽ വിജിത്ത്,കുരുന്തോറത്ത് വീട്ടിൽ സിനോജ് എന്നിവരാണ് കൊല്ലപ്പെട്ടത്. സിനോജിന്റെ അമ്മ രാജമ്മ ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്നാണ് സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിച്ചത്. കൊലക്കേ സിന്റെ വിചാരണ തലശ്ശേരി ജില്ലാസെഷൻസ് കോടതിയിൽ ജനുവരിയിൽ നടത്താൻ തീരുമാനിച്ചതായിരുന്നു.

സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കണമെന്നാവശ്യപ്പെട്ട് രാജമ്മ ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്ന്  നിർത്തിവെച്ചു. 16 പ്രതികളുണ്ടായിരുന്ന കേസിൽ 12-ാംപ്രതി മുഹമ്മദ് റയീസ് സംഭവശേഷം മരിച്ചു. 2010 മെയ് 28-ന് രാവിലെ ന്യൂമാഹി കല്ലായി ചുങ്കത്താണ് സംഭവം. ബോംബെറിഞ്ഞ് വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. ബോംബേറിൽ മോട്ടോർ സൈക്കിൾ കത്തി നശിച്ചു.

ചൊക്ലി നിടുമ്പ്രം മീത്തലെചാലിൽ എൻ.കെ.സുനിൽകുമാർ എന്ന കൊടി സുനി40,  പള്ളൂർ കോയ്യോട്ട് തെരു സുഷി നിവാസിൽ ടി.സുജിത്ത് എന്ന ബാലൻ 36, നാലുതറ മണ്ടുപറമ്പത്ത് കോളനി ടി.കെ.സുമേഷ് എന്ന കൊച്ചക്കാലൻ സുമേഷ് 43, ചൊക്ലി പറമ്പത്ത് ഹൗസിൽ കെ.കെ.മുഹമ്മദ് ഷാഫി 39, പള്ളൂർ ഷമിൽ നിവാസിൽ ടി.പി.ഷമിൽ 37, ചൊക്ലി കവിയൂർ റോഡിലെ എ.കെ.ഷമ്മാസ് 35, ഈസ്റ്റ് പള്ളൂർ കുനിയിൽ ഹൗസിൽ കെ.കെ.അബ്ബാസ് 35, ചെമ്പ്രയിലെ പാറയുള്ള പറമ്പത്ത് രാഹുൽ 33, പള്ളൂർ കുന്നുമ്മൽ ഹൗസിൽ വിനീഷ് 44, കോടിയേരി പാറാലിൽ  സി.കെ.രജികാന്ത് എന്ന കൂരപ്പൻ 42, പള്ളൂരിലെ പി.വി.വിജിത്ത് 40, പള്ളൂർ കോഹിനൂർ കെ.ഷിനോജ് 36, ന്യൂമാഹി അഴീക്കൽ ഫൈസൽ 42, ഒളവിലം തണൽ ഹൗസിൽ കാട്ടിൽ പുതിയവീട്ടിൽ സരീഷ് 40, ചൊക്ലി തവക്കൽ മൻസിൽ ടി.പി.സജീർ 38, എന്നിവരാണ് വിചാരണ നേരിടേണ്ടത്.

LatestDaily

Read Previous

കൺസ്യൂമർ ഫെഡ് മദ്യശാല െചറുവത്തൂരിനില്ല, കെട്ടിട ഉടമയ്ക്ക് താക്കോൽ കൈമാറി

Read Next

ഭാര്യ ഫോണെടുത്തില്ല; ഭർത്താവ് ഭാര്യ ജോലിചെയ്യുന്ന വീട് അടിച്ചുതകർത്തു