അമ്മ മരിച്ച നവജാത ശിശുവിന് കേരളത്തിന്റെ മുലപ്പാൽ മധുരം

സ്വന്തം ലേഖകൻ

കാസർകോട്: മാതാവിനെ വേർപെട്ട അസം സ്വദേശിയായ നവജാത ശിശുവിന് ദേശഭേദമില്ലാത്ത മുലപ്പാൽ മധുരം നൽകിയ നഴ്സിങ്ങ് ഓഫീസറെക്കുറിച്ചുള്ള വാർത്ത സോഷ്യൽ മീഡിയയിൽ വൈറലായി. പെരിയ കുണിയയിൽ അസുഖ ബാധിതയായി മരിച്ച അസം സ്വദേശിനിയായ യുവതിയുടെ 37 ദിവസം മാത്രം പ്രായമായ കുഞ്ഞിനാണ് കാസർകോട് ജനറൽ ആശുപത്രിയിലെ നഴ്സിങ്ങ് ഓഫീസറായ മെറിൻ ബെന്നി അതിരുകളില്ലാത്ത സ്നേഹത്തിന്റെ മുലപ്പാലൂട്ടിയത്. അസം സ്വദേശിനിയെ കാസർകോട് ജനറൽ ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിനെത്തിച്ചിരുന്നു.

പിതാവിനൊപ്പമെത്തിയ കുഞ്ഞ് വിശന്ന് കരഞ്ഞപ്പോഴാണ് നഴ്സിങ്ങ് ഓഫീസറായ മെറിൻ ബെന്നിയിലെ മാതൃത്വമുണർന്നത്. മുലപ്പാൽ നൽകിയതോടെ വിശപ്പുമാറിയ കുഞ്ഞിനെ ഉറക്കിയ ശേഷമാണ് ആശുപത്രി അധികൃതർ ബന്ധുക്കൾക്ക് കൈമാറിയത്.  മാതൃത്വമെന്ന വികാരത്തിന് കാലവും ദേശവും ഭാഷയും തടസ്സമില്ലെന്ന് തെളിയിച്ച മെറിന് സോഷ്യൽ മീഡിയയിലും നാടെങ്ങും അഭിന്ദനപ്രവാഹമാണ്. നഴ്സുമാർ ഉടൽരൂപം കൊണ്ട മാലാഖമാരാണെന്ന ചൊല്ല് മെറിൻ ബെന്നിയിലൂടെ യാഥാർത്ഥ്യമായിരിക്കുകയാണ്.

LatestDaily

Read Previous

ഭാര്യ ഫോണെടുത്തില്ല; ഭർത്താവ് ഭാര്യ ജോലിചെയ്യുന്ന വീട് അടിച്ചുതകർത്തു

Read Next

ആൾമാറാട്ടപ്പരീക്ഷ; രണ്ടുപേർ പിടിയിൽ